Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

ന്യായാധിപന്മാരുടെ പുസ്തകം

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് ന്യായാധിപന്മാരുടെ പുസ്തകം. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത ഈജിപ്തിനിൽ നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. ഇസ്രായേലിന് രാജാക്കന്മാരോ, സർവ്വസമ്മതരായ ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ ഒരോരുത്തനും തനിക്ക് ഇഷ്ടമുള്ളതു ചെയ്തിരുന്ന കാലമായിരുന്നു അത്.[1] അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ നേതൃത്വഗുണവും ധൈര്യവും പ്രകടിപ്പിച്ച ഗോത്രവീരന്മാരായിരുന്നു ഈ കൃതിയിലെ രക്ഷകരായ "ന്യായാധിപന്മാർ".

==പന്ത്രണ്ടു ന്യായാധിപന്മാർ ഓത്ത്നിയേൽ, എഹൂദ്, ഷംഗാർ, ദബോറ-ബാറക്ക്, ഗിദയോൻ, തോല, ജായിർ, ജഫ്‌താ, ഇബ്സാൻ, ഏലോൻ, അബ്ദോൻ, സാംസൺ എന്നിങ്ങനെ 12 ന്യായാധിപന്മാരുടെ കഥയാണ് ഈ രചനയിൽ ഉള്ളത്. ഇവരിൽ ഏറ്റവും പ്രശസ്തരായത് ദേബോറ, ഗിദയോൻ, ജഫ്‌താ, അവസാനമായി ചിത്രീകരിക്കപ്പെടുന്ന സാംസൺ എന്നിവരാണ്. ബൈബിൾ ചരിത്രത്തിലെ പേരെടുത്ത വനിതകളിൽ ഒരാളായ പ്രവാചിക ദബോറ ന്യായാധിപത്യം നടത്തിയത്, യോദ്ധാവായ ബാറക്കിനൊപ്പമാണ്.[൧] കാനാനിയ സൈന്യത്തിനെതിരെ നേടിയ ഉജ്ജ്വല വിജയത്ത് തുടർന്ന് ദബോറ പാടിയ സ്തോത്രഗീതം ബൈബിളിലെ ഏറ്റവും പുരാതനമായ കവിതകളിൽ ഒന്നായി കരുതപ്പെടുന്നു.[2] കാഹളങ്ങളും തീപ്പന്തങ്ങളും മാത്രമേന്തിയ 300 യോദ്ധാക്കളെ നയിച്ച് മിദ്യാങ്കാരെ തോല്പിക്കുകയാണ് ഗിദയോൻ ചെയ്തത്.[3] അമ്മോനിയർക്കു മേൽ തന്നെ വിജയിയാക്കിയാൽ, മടങ്ങിയെത്തുമ്പോൾ കാണാൻ വീട്ടിൽനിന്ന് ആദ്യം ഇറങ്ങി വരുന്നയാളെ ബലിയായി അർപ്പിക്കാമെന്ന് യഹോവയോട് ചെയ്ത വാഗ്ദാനം നിറവേറ്റാൻ നൃത്തവാദ്യങ്ങളുമായി വന്ന സ്വന്തം മകളെ ബലികഴിക്കേണ്ടി വരുകയെന്ന ദൗർഭാഗ്യം സംഭവിച്ചത് ന്യായാധിപനായ ജഫ്‌തായ്കാണ്.[4] തന്റേടിയും, തെമ്മാടിയും കാമുകനും ദുരന്തനായകനും ഒക്കെയായി പ്രത്യക്ഷപ്പെടുന്ന ശിംശോനോളം (Samson) പേരെടുപ്പുള്ളതായി ന്യയാധിപരിൽ ആരുമില്ല.[5]

പിന്തുടർച്ചാക്രമം

തിരുത്തുക

വെവ്വേറേ ഗോത്രങ്ങൾക്കു നേതൃത്വം വഹിച്ചവരാണ് എന്നാണ് കരുതേണ്ടതെങ്കിലും മുഴുവൻ ഇസ്രായേലിനേയും പശ്ചാത്തലമാക്കിയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒരുകൂട്ടം പുരാതന ഗോത്രവീരന്മാരുടേയും അവരുടെ കാലത്തിന്റേയും കഥയാണ് ഈ രചനയിൽ ഉള്ളതെന്നു പറയാം. ഗ്രന്ഥത്തിലെ വീരനായകന്മാരായ ന്യായധിപന്മാർക്കിടയിലെ പിതുടർച്ചാക്രമം നിശ്ചയിക്കുക സാദ്ധ്യമല്ല. കൃതിയിൽ കാണുന്ന സമയരേഖ, സംശോധകന്മാർ കൃത്രിമമായി നിർമ്മിച്ചതാണെന്നേ കരുതാനൊക്കൂ. മൊത്തം ന്യായാധിപന്മാരുടെ സംഖ്യ, ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണമായ 12 തന്നെയാണെന്നുള്ളതും സംശോധകന്മാരുടെ ഇടപെടലിന്റെ ഫലമായിരിക്കാം.[6]

കുറിപ്പുകൾ

തിരുത്തുക

^ ദബോറ-ബാറക്കുമാരെ ഒന്നായി എണ്ണുന്നതു കൊണ്ടാണ് ന്യായാധിപന്മാരുടെ സംഖ്യ 12 ആയിരിക്കുന്നത്.

  1. ന്യായാധിപന്മാരുടെ പുസ്തകം 21:25
  2. ദബോറ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 161)
  3. ന്യായാധിപന്മാരുടെ പുസ്തകം 6-8
  4. ന്യായാധിപന്മാരുടെ പുസ്തകം 10-12
  5. ന്യായാധിപന്മാരുടെ പുസ്തകം 13-16
  6. ന്യായാധിപന്മാരുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 397-99)