Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

പരിശുദ്ധ ഖുർആൻ/സുമർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഈ ഗ്രന്ഥത്തിൻറെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു.

2 തീർച്ചയായും നിനക്ക്‌ നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത്‌ സത്യപ്രകാരമാകുന്നു. അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ നീ ആരാധിക്കുക.

3 അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങൾക്ക്‌ കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്‌. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.

4 ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ സൃഷ്ടിക്കുന്നതിൽ നിന്ന്‌ അവൻ ഇഷ്ടപ്പെടുന്നത്‌ അവൻ തെരഞ്ഞെടുക്കുമായിരുന്നു. അവൻ എത്ര പരിശുദ്ധൻ! ഏകനും സർവ്വാധിപതിയുമായ അല്ലാഹുവത്രെ അവൻ.

5 ആകാശങ്ങളും ഭൂമിയും അവൻ യാഥാർത്ഥ്യപൂർവ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവൻ പകലിൻമേൽ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവൻ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.

6 ഒരൊറ്റ അസ്തിത്വത്തിൽ നിന്ന്‌ അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതിൽ നിന്ന്‌ അതിൻറെ ഇണയെയും അവൻ ഉണ്ടാക്കി. കന്നുകാലികളിൽ നിന്ന്‌ എട്ടു ജോഡികളെയും അവൻ നിങ്ങൾക്ക്‌ ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ്‌ ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്‌ ( സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?

7 നിങ്ങൾ നന്ദികേട്‌ കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തിൽ നിന്ന്‌ മുക്തനാകുന്നു. തൻറെ ദാസൻമാർ നന്ദികേട്‌ കാണിക്കുന്നത്‌ അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട്‌ അത്‌ വഴി അവൻ സംതൃപ്തനായിരിക്കുന്നതാണ്‌. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെ പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരം അറിയിക്കുന്നതാണ്‌. തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു.

8 മനുഷ്യന്‌ വല്ല വിഷമവും ബാധിച്ചാൽ അവൻ തൻറെ രക്ഷിതാവിങ്കലേക്ക്‌ താഴ്മയോടെ മടങ്ങിക്കൊണ്ട്‌ പ്രാർത്ഥിക്കും. എന്നിട്ട്‌ തൻറെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന്‌ പ്രദാനം ചെയ്താൽ ഏതൊന്നിനായി അവൻ മുമ്പ്‌ പ്രാർത്ഥിച്ചിരുന്നുവോ അതവൻ മറന്നുപോകുന്നു. അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ വഴിതെറ്റിച്ച്‌ കളയുവാൻ വേണ്ടി അവന്ന്‌ സമൻമാരെ സ്ഥാപിക്കുകയും ചെയ്യുന്നു. ( നബിയേ, ) പറയുക: നീ അൽപകാലം നിൻറെ ഈ സത്യനിഷേധവും കൊണ്ട്‌ സുഖിച്ചു കൊള്ളുക. തീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു.

9 അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലർത്തുകയും, തൻറെ രക്ഷിതാവിൻറെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട്‌ സാഷ്ടാംഗം ചെയ്തും, നിന്നു പ്രാർത്ഥിച്ചും രാത്രി സമയങ്ങളിൽ കീഴ്‌വണക്കം ചെയ്യുന്നവനോ ( അതല്ല സത്യനിഷേധിയോ ഉത്തമൻ? ) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.

10 പറയുക: വിശ്വസിച്ചവരായ എൻറെ ദാസൻമാരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തിൽ നൻമ പ്രവർത്തിച്ചവർക്കാണ്‌ സൽഫലമുള്ളത്‌. അല്ലാഹുവിൻറെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌.

11 പറയുക: കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ ആരാധിക്കുവാനാണ്‌ ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്‌

12 ഞാൻ കീഴ്പെടുന്നവരിൽ ഒന്നാമനായിരിക്കണമെന്നും എനിക്ക്‌ കൽപന നൽകപ്പെട്ടിരിക്കുന്നു.

13 പറയുക: ഞാൻ എൻറെ രക്ഷിതാവിനെ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീർച്ചയായും ഞാൻ പേടിക്കുന്നു.

14 പറയുക: അല്ലാഹുവെയാണ്‌ ഞാൻ ആരാധിക്കുന്നത്‌. ; എൻറെ കീഴ്‌വണക്കം അവന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌.

15 എന്നാൽ നിങ്ങൾ അവന്നു പുറമെ നിങ്ങൾ ഉദ്ദേശിച്ചതിന്‌ ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിർത്തെഴുന്നേൽപിൻറെ നാളിൽ സ്വദേഹങ്ങൾക്കും തങ്ങളുടെ ആളുകൾക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീർച്ചയായും നഷ്ടക്കാർ. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം

16 അവർക്ക്‌ അവരുടെ മുകൾ ഭാഗത്ത്‌ തിയ്യിൻറെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട്‌ തട്ടുകൾ. അതിനെ പറ്റിയാകുന്നു അല്ലാഹു തൻറെ ദാസൻമാരെ ഭയപ്പെടുത്തുന്നത്‌. ആകയാൽ എൻറെ ദാസൻമാരേ, നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ.

17 ദുർമൂർത്തിയെ -അതിനെ ആരാധിക്കുന്നത്‌- വർജ്ജിക്കുകയും, അല്ലാഹുവിലേക്ക്‌ വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവർക്കാണ്‌ സന്തോഷവാർത്ത. അതിനാൽ എൻറെ ദാസൻമാർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

18 അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേൾക്കുകയും അതിൽ ഏറ്റവും നല്ലത്‌ പിൻപറ്റുകയും ചെയ്യുന്നവർക്ക്‌ .അക്കൂട്ടർക്കാകുന്നു അല്ലാഹു മാർഗദർശനം നൽകിയിട്ടുള്ളത്‌. അവർ തന്നെയാകുന്നു ബുദ്ധിമാൻമാർ.

19 അപ്പോൾ വല്ലവൻറെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും ( അവനെ നിനക്ക്‌ സഹായിക്കാനാകുമോ? ) അപ്പോൾ നരകത്തിലുള്ളവനെ നിനക്ക്‌ രക്ഷപ്പെടുത്താനാകുമോ?

20 പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചവരാരോ അവർക്കാണ്‌ മേൽക്കുമേൽ തട്ടുകളായി നിർമിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിൻറെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.

21 നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ ഭൂമിയിലെ ഉറവിടങ്ങളിൽ അതവൻ പ്രവേശിപ്പിച്ചു. അനന്തരം അത്‌ മുഖേന വ്യത്യസ്ത വർണങ്ങളിലുള്ള വിള അവൻ ഉൽപാദിപ്പിക്കുന്നു. പിന്നെ അത്‌ ഉണങ്ങിപോകുന്നു. അപ്പോൾ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീട്‌ അവൻ അതിനെ വൈക്കോൽ തുരുമ്പാക്കുന്നു. തീർച്ചയായും അതിൽ ബുദ്ധിമാൻമാർക്ക്‌ ഒരു ഗുണപാഠമുണ്ട്‌.

22 അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തൻറെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ ( അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ? ) എന്നാൽ അല്ലാഹുവിൻറെ സ്മരണയിൽ നിന്ന്‌ അകന്ന്‌ ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ.

23 അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങൾക്ക്‌ പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമ്മങ്ങൾ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട്‌ അവരുടെ ചർമ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിൻറെ മാർഗദർശനം. അതുമുഖേന താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു. വല്ലവനെയും അവൻ പിഴവിലാക്കുന്ന പക്ഷം അവന്‌ വഴി കാട്ടാൻ ആരും തന്നെയില്ല.

24 എന്നാൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട്‌ തടുക്കേണ്ടിവരുന്ന ഒരാൾ ( അന്ന്‌ നിർഭയനായിരിക്കുന്നവനെ പോലെ ആകുമോ? ) നിങ്ങൾ സമ്പാദിച്ചു കൊണ്ടിരിക്കുന്നത്‌, നിങ്ങൾ ആസ്വദിച്ചു കൊള്ളുക. എന്ന്‌ അക്രമികളോട്‌ പറയപ്പെടുകയും ചെയ്യും.

25 അവർക്ക്‌ മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോൾ അവർ അറിയാത്ത ഭാഗത്ത്കൂടി അവർക്ക്‌ ശിക്ഷ വന്നെത്തി.

26 അങ്ങനെ ഐഹികജീവിതത്തിൽ അല്ലാഹു അവർക്ക്‌ അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്‌. അവർ അത്‌ മനസ്സിലാക്കിയിരുന്നെങ്കിൽ!

27 തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്ക്‌ വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകൾ വിവരിച്ചിട്ടുണ്ട്‌; അവർ ആലോചിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി.

28 അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുർആൻ. അവർ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി.

29 അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ്‌ അവൻറെ യജമാനൻമാർ. ഒരു യജമാനന്‌ മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും ( ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. ) ഉപമയിൽ ഇവർ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന്‌ സ്തുതി. പക്ഷെ അവരിൽ അധികപേരും അറിയുന്നില്ല.

30 തീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.

31 പിന്നീട്‌ നിങ്ങൾ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നിങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ വെച്ച്‌ വഴക്ക്‌ കൂടുന്നതാണ്‌.

32 അപ്പോൾ അല്ലാഹുവിൻറെ പേരിൽ കള്ളം പറയുകയും, സത്യം തനിക്ക്‌ വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്‌? നരകത്തിലല്ലയോ സത്യനിഷേധികൾക്കുള്ള പാർപ്പിടം?

33 സത്യവും കൊണ്ട്‌ വരുകയും അതിൽ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാർ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവർ.

34 അവർക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തർക്കുള്ള പ്രതിഫലം.

35 അവർ പ്രവർത്തിച്ചതിൽ നിന്ന്‌ ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരിൽ നിന്ന്‌ മായ്ച്ചുകളയും. അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച്‌ അവർക്കവൻ പ്രതിഫലം നൽകുകയും ചെയ്യും.

36 തൻറെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? അവന്ന്‌ പുറമെയുള്ളവരെ പറ്റി അവർ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന്‌ വഴി കാട്ടാൻ ആരുമില്ല.

37 വല്ലവനെയും അല്ലാഹു നേർവഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?

38 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കിൽ അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കുന്നവയെപ്പറ്റി നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക്‌ അവൻറെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കിൽ അവൻ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാൻ ഉദ്ദേശിച്ചാൽ അവയ്ക്ക്‌ അവൻറെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവൻറെ മേലാകുന്നു ഭരമേൽപിക്കുന്നവർ ഭരമേൽപിക്കുന്നത്‌.

39 പറയുക: എൻറെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക. ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാൽ വഴിയെ നിങ്ങൾക്ക്‌ അറിയുമാറാകും;

40 അപമാനകരമായ ശിക്ഷ വന്നെത്തുന്നതും, ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആർക്കാണെന്ന്‌.

41 തീർച്ചയായും നാം മനുഷ്യർക്ക്‌ വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിൻറെ മേൽ ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ വല്ലവനും സൻമാർഗം സ്വീകരിച്ചാൽ അത്‌ അവൻറെ ഗുണത്തിന്‌ തന്നെയാണ്‌. വല്ലവനും വഴിപിഴച്ചു പോയാൽ അവൻ വഴിപിഴച്ചു പോകുന്നതിൻറെ ദോഷവും അവന്‌ തന്നെ. നീ അവരുടെ മേൽ കൈകാര്യകർത്താവൊന്നുമല്ല.

42 ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

43 അതല്ല, അല്ലാഹുവിനു പുറമെ അവർ ശുപാർശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവർ ( ശുപാർശക്കാർ ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും ( അവരെ ശുപാർശക്കാരാക്കുകയോ? )

44 പറയുക: അല്ലാഹുവിനാകുന്നു ശുപാർശ മുഴുവൻ. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട്‌ അവങ്കലേക്ക്‌ തന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നത്‌.

45 അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങൾക്ക്‌ അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന്‌ പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവർ സന്തുഷ്ടചിത്തരാകുന്നു.

46 പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിൻറെ ദാസൻമാർക്കിടയിൽ അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെയാണ്‌ വിധികൽപിക്കുന്നത്‌.

47 ഭൂമിയിലുള്ളത്‌ മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവർത്തിച്ചവരുടെ അധീനത്തിൽ ഉണ്ടായിരുന്നാൽ പോലും ഉയിർത്തെഴുന്നേൽപിൻറെ നാളിലെ കടുത്ത ശിക്ഷയിൽ നിന്ന്‌ രക്ഷപ്പെടാൻ അതവർ പ്രായശ്ചിത്തമായി നൽകിയേക്കും. അവർ കണക്ക്‌ കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കൽ നിന്ന്‌ അവർക്ക്‌ വെളിപ്പെടുകയും ചെയ്യും.

48 അവർ സമ്പാദിച്ചതിൻറെ ദൂഷ്യങ്ങൾ അവർക്ക്‌ വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവർ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത്‌ അവരെ വലയം ചെയ്യുകയും ചെയ്യും.

49 എന്നാൽ മനുഷ്യന്‌ വല്ല ദോഷവും ബാധിച്ചാൽ നമ്മോടവൻ പ്രാർത്ഥിക്കുന്നു. പിന്നീട്‌ നാം അവന്ന്‌ നമ്മുടെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താൽ അവൻ പറയും; അറിവിൻറെ അടിസ്ഥാനത്തിൽ തന്നെ യാണ്‌ തനിക്ക്‌ അത്‌ നൽകപ്പെട്ടിട്ടുള്ളത്‌ എന്ന്‌. പക്ഷെ, അത്‌ ഒരു പരീക്ഷണമാകുന്നു. എന്നാൽ അവരിൽ അധികപേരും അത്‌ മനസ്സിലാക്കുന്നില്ല.

50 ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്‌. എന്നാൽ അവർ സമ്പാദിച്ചിരുന്നത്‌ അവർക്ക്‌ പ്രയോജനപ്പെടുകയുണ്ടായില്ല.

51 അങ്ങനെ അവർ സമ്പാദിച്ചിരുന്നതിൻറെ ദൂഷ്യങ്ങൾ അവർക്ക്‌ ബാധിച്ചു. ഇക്കൂട്ടരിൽ നിന്ന്‌ അക്രമം ചെയ്തിട്ടുള്ളവർക്കും തങ്ങൾ സമ്പാദിച്ചതിൻറെ ദൂഷ്യങ്ങൾ ബാധിക്കാൻ പോകുകയാണ്‌. അവർക്ക്‌ ( നമ്മെ ) തോൽപിച്ചു കളയാനാവില്ല.

52 അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനം വിശാലമാക്കികൊടുക്കുകയും താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന്‌ അവർ മനസ്സിലാക്കിയിട്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

53 പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവർത്തിച്ച്‌ പോയ എൻറെ ദാസൻമാരേ, അല്ലാഹുവിൻറെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്‌. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.

54 നിങ്ങൾക്ക്‌ ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിൻ. പിന്നെ ( അത്‌ വന്നതിന്‌ ശേഷം )നിങ്ങൾ സഹായിക്കപ്പെടുന്നതല്ല.

55 നിങ്ങൾ ഓർക്കാതിരിക്കെ പെട്ടെന്ന്‌ നിങ്ങൾക്ക്‌ ശിക്ഷ വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ നിങ്ങൾക്ക്‌ അവതരിപ്പിക്കപ്പെട്ടതിൽ നിന്ന്‌ ഏറ്റവും ഉത്തമമായത്‌ നിങ്ങൾ പിൻപറ്റുകയും ചെയ്യുക.

56 എൻറെ കഷ്ടമേ, അല്ലാഹുവിൻറെ ഭാഗത്തേക്ക്‌ ഞാൻ ചെയ്യേണ്ടതിൽ ഞാൻ വീഴ്ചവരുത്തിയല്ലോ. തീർച്ചയായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ആയിപ്പോയല്ലോ എന്ന്‌ വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്‌.

57 അല്ലെങ്കിൽ അല്ലാഹു എന്നെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞാൻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ ആകുമായിരുന്നു. എന്ന്‌ പറഞ്ഞേക്കുമെന്നതിനാൽ.

58 അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന സന്ദർഭത്തിൽ എനിക്കൊന്ന്‌ മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തിൽ ആകുമായിരുന്നു എന്ന്‌ പറഞ്ഞേക്കുമെന്നതിനാൽ.

59 അതെ, തീർച്ചയായും എൻറെ ദൃഷ്ടാന്തങ്ങൾ നിനക്ക്‌ വന്നെത്തുകയുണ്ടായി. അപ്പോൾ നീ അവയെ നിഷേധിച്ച്‌ തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.

60 ഉയിർത്തെഴുന്നേൽപിൻറെ നാളിൽ, അല്ലാഹുവിൻറെ പേരിൽ കള്ളം പറഞ്ഞവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്ക്‌ കാണാം. നരകത്തിലല്ലയോ അഹങ്കാരികൾക്കുള്ള വാസസ്ഥലം!

61 സൂക്ഷ്മത പുലർത്തിയവരെ രക്ഷപ്പെടുത്തി അവർക്കുള്ളതായ സുരക്ഷിതസ്ഥാനത്ത്‌ അല്ലാഹു എത്തിക്കുകയും ചെയ്യും. ശിക്ഷ അവരെ സ്പർശിക്കുകയില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

62 അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവൻ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകർത്താവുമാകുന്നു.

63 ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവൻറെ അധീനത്തിലാകുന്നു. അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവർ തന്നെയാകുന്നു നഷ്ടക്കാർ.

64 ( നബിയേ, ) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോൾ അല്ലാഹുവല്ലാത്തവരെ ഞാൻ ആരാധിക്കണമെന്നാണോ നിങ്ങൾ എന്നോട്‌ കൽപിക്കുന്നത്‌?

65 തീർച്ചയായും നിനക്കും നിൻറെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത്‌ ഇതത്രെ: ( അല്ലാഹുവിന്‌ ) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിൻറെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും.

66 അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

67 അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയിട്ടില്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ഭൂമി മുഴുവൻ അവൻറെ ഒരു കൈപിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങൾ അവൻറെ വലതുകൈയ്യിൽ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.

68 കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട്‌ അതിൽ ( കാഹളത്തിൽ ) മറ്റൊരിക്കൽ ഊതപ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റ്‌ നോക്കുന്നു.

69 ഭൂമി അതിൻറെ രക്ഷിതാവിൻറെ പ്രഭകൊണ്ട്‌ പ്രകാശിക്കുകയും ചെയ്യും ( കർമ്മങ്ങളുടെ ) രേഖവെക്കപ്പെടുകയും പ്രവാചകൻമാരും സാക്ഷികളും കൊണ്ട്‌ വരപ്പെടുകയും ജനങ്ങൾക്കിടയിൽ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട്‌ അനീതി കാണിക്കപ്പെടുകയില്ല.

70 ഓരോ വ്യക്തിക്കും താൻ പ്രവർത്തിച്ചത്‌ നിറവേറ്റികൊടുക്കപ്പെടുകയും ചെയ്യും. അവർ പ്രവർത്തിക്കുന്നതിനെ പറ്റി അവൻ നല്ലവണ്ണം അറിയുന്നവനത്രെ.

71 സത്യനിഷേധികൾ കൂട്ടം കൂട്ടമായി നരകത്തിലേക്ക്‌ നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവർ അതിന്നടുത്തു വന്നാൽ അതിൻറെ വാതിലുകൾ തുറക്കപ്പെടും. നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങൾ ഓതികേൾപിക്കുകയും, നിങ്ങൾക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങൾക്ക്‌ താക്കീത്‌ നൽകുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ദൂതൻമാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ. എന്ന്‌ അതിൻറെ ( നരകത്തിൻറെ ) കാവൽക്കാർ അവരോട്‌ ചോദിക്കുകയും ചെയ്യും. അവർ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.

72 ( അവരോട്‌ ) പറയപ്പെടും: നിങ്ങൾ നരകത്തിൻറെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതിൽ നിത്യവാസികളായിരിക്കും. എന്നാൽ അഹങ്കാരികളുടെ പാർപ്പിടം എത്ര ചീത്ത!

73 തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗത്തിലേക്ക്‌ കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിൻറെ കവാടങ്ങൾ തൂറന്ന്‌ വെക്കപ്പെട്ട നിലയിൽ അവർ അതിന്നടുത്ത്‌ വരുമ്പോൾ അവരോട്‌ അതിൻറെ കാവൽക്കാർ പറയും: നിങ്ങൾക്ക്‌ സമാധാനം. നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അതിനാൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചു കൊള്ളുക.

74 അവർ പറയും: നമ്മളോടുള്ള തൻറെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വർഗത്തിൽ നിന്ന്‌ നാം ഉദ്ദേശിക്കുന്ന സ്ഥലത്ത്‌ നമുക്ക്‌ താമസിക്കാവുന്ന വിധം ഈ ( സ്വർഗ ) ഭൂമി നമുക്ക്‌ അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന്‌ സ്തുതി. അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!

75 മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം ചെയ്തുകൊണ്ട്‌ സിംഹാസനത്തിൻറെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക്‌ കാണാം. അവർക്കിടയിൽ സത്യപ്രകാരം വിധികൽപിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി എന്ന്‌ പറയപ്പെടുകയും ചെയ്യും.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/സുമർ&oldid=14187" എന്ന താളിൽനിന്ന് ശേഖരിച്ചത്