Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

അക്കൗണ്ടന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കൗണ്ടൻസി
Key concepts
അക്കൗണ്ടന്റ് · Accounting period · ബുക്ക് കീപ്പിങ് · പണാധിഷ്ഠിത രീതിയും വർദ്ധനാധിഷ്ഠിത രീതിയും · Cash flow management · ചാർട്ട് ഓഫ് അക്കൗണ്ട്സ് · Constant Purchasing Power Accounting · Cost of goods sold · Credit terms · Debits and credits · Double-entry system · Fair value accounting · FIFO & LIFO · GAAP / IFRS · General ledger · ഗുഡ്‌വിൽ · Historical cost · Matching principle · Revenue recognition · Trial balance
Fields of accounting
Cost · Financial · ഫോറൻസിക്ക് · Fund · Management · Tax
Financial statements
Statement of Financial Position · Statement of cash flows · Statement of changes in equity · Statement of comprehensive income · Notes · MD&A · XBRL
ഓഡിറ്റ്
Auditor's report · Financial audit · GAAS / ISA · Internal audit · Sarbanes–Oxley Act
Accounting qualifications
CA · CPA · CCA · CGA · CMA · CAT

ഒരു വ്യക്തിയുടെയോ സംരംഭത്തിന്റെയോ സാമ്പത്തിക സ്ഥിതി കാണിക്കുന്ന കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അവ അപഗ്രഥിച്ച് ധനകാര്യപ്രസ്താവനകളും പത്രികകളും തയ്യാറാക്കുന്നതിനും ധനകാര്യങ്ങളിൽ ഉപദേശങ്ങൾ നല്കുന്നതിനും ഉള്ള സാങ്കേതിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും സിദ്ധിച്ചിട്ടുള്ള ആൾ. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, റെയിൽവെ തുടങ്ങിയ സംരംഭങ്ങളിലും സർക്കാർ ഡിപ്പാർട്ടുമെന്റിലും ധനകാര്യകണക്കുകൾ സൂക്ഷിക്കുകയും പ്രസ്താവനകൾ തയ്യാറാക്കുകയും ചെയ്യുകയോ അങ്ങനെ ചെയ്യുന്നവർക്കു നേതൃത്വം നല്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥനും അക്കൗണ്ടന്റ് എന്ന പേരിൽ അറിയപ്പെടുന്നു.

ആദ്യകാലത്ത് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും ധനകാര്യവിവരങ്ങൾ നല്കുകയുമായിരുന്നു അക്കൌണ്ടന്റുമാരുടെ പ്രധാനകർത്തവ്യം. എന്നാൽ കമ്പനി സമ്പ്രദായവും വൻകിട ബിസിനസുകളും ആവിർഭവിച്ചതോടുകൂടി അവയിലെ ജീവനക്കാർ തയ്യാറാക്കുന്ന കണക്കുകളും ധനകാര്യ പത്രികകളും പരിശോധിച്ച് അതെപ്പറ്റി സ്വതന്ത്രവും നിഷ്പക്ഷവും ആയ വിദഗ്ദ്ധാഭിപ്രായം രേഖപ്പെടുത്തി സാക്ഷ്യപത്രങ്ങൾ (Certificates) നല്കുക എന്ന ചുമതലകൂടി അവരിൽ നിക്ഷിപ്തമായി. ഇങ്ങനെ പരിശോധിച്ചു സാക്ഷ്യപ്പെടുത്തുന്നതിനെ ആഡിറ്റ് ചെയ്യുക എന്നാണ് പറയുന്നത്. കമ്പനികൾ ആഡിറ്റ് ചെയ്യുന്നതിനു ചില നിശ്ചിതയോഗ്യതകൾ വേണമെന്നു വ്യവസ്ഥയുണ്ട്. തത്സംബന്ധമായ പരീക്ഷകൾ ജയിക്കുകയും പരിശീലനങ്ങൾ സിദ്ധിക്കുകയും ചെയ്തിട്ടുള്ള ആളെ അമേരിക്കയിൽ സർട്ടിഫൈഡ് പബ്ളിക് അക്കൌണ്ടന്റ് (C.P.A.) എന്നും ഇംഗ്ളണ്ടിലും ഇന്ത്യയിലും ചാർട്ടേർഡ് അക്കൌണ്ടന്റ് (C.A.) എന്നും വിളിക്കുന്നു.[1]

ചുമതലകൾ

[തിരുത്തുക]

കണക്കുകൾ ഒത്തുനോക്കി അക്കൗണ്ടൻസി നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചു രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. ഓരോ സംരംഭത്തിലെയും ജീവനക്കാർ തയ്യാറാക്കിയിട്ടുള്ള ധനകാര്യ പ്രസ്താവനകൾ യഥാർഥത്തിലുള്ള സാമ്പത്തികനില എത്രത്തോളം കൃത്യമായി പ്രകടമാക്കുന്നുവെന്നു ബന്ധപ്പെട്ട രേഖകളും പ്രമാണങ്ങളും അധികാരപത്രങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി സ്വതന്ത്രമായ ഒരു വിലയിരുത്തൽ നടത്തിയിട്ടാണ് അവർ സാക്ഷ്യപത്രം നല്കുന്നത്. എന്നാൽ ലക്ഷക്കണക്കിനു രൂപാ മുതൽമുടക്കുള്ള സംരംഭങ്ങളിലെ നിരവധി പണമിടപാടുകളും കണക്കുകളും ഒന്നൊഴിയാതെ ആദ്യന്തം പരിശോധിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുക ശ്രമകരമായ ഒരു കൃത്യമാണ്. അതൊഴിവാക്കുന്നതിനും അതേസമയം സ്വതന്ത്രവും നിഷ്പക്ഷവും വിദഗ്ദ്ധവുമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും സാധാരണഗതിയിൽ ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി ആധുനിക അക്കൗണ്ടന്റുമാർ മാതൃകാമൂലപരിശോധന സമ്പ്രദായത്തെയും (Sampling technique),[2] സംഭാവ്യസിദ്ധാന്തത്തെയും (probability theory) മറ്റും ആശ്രയിച്ചുവരുന്നു. [3] ഈ കർത്തവ്യങ്ങൾ കൂടാതെ കണക്കുകൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് (Book keeping staff) നിർദ്ദേശങ്ങൾ നല്കുക, അവരുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുക, സംരംഭങ്ങളുടെ പ്രത്യേകസ്വഭാവമനുസരിച്ചു കണക്കെഴുത്തു സമ്പ്രദായങ്ങൾ ആവിഷ്കരിച്ച് അവ നടപ്പിലാക്കുക എന്നിവ അക്കൗണ്ടന്റിന്റെ കർത്തവ്യങ്ങളിൽപെടുന്നു. അതുപോലെതന്നെ ധനകാര്യവിവരങ്ങൾ സൂക്ഷ്മമായി അപഗ്രഥിച്ചു കഴിഞ്ഞകാലത്തെ പ്രവർത്തനഫലങ്ങളെ വിലയിരുത്തുകയും ഭാവിപ്രവർത്തനത്തിനും ആസൂത്രണത്തിനും ആവശ്യമായ വിവരങ്ങളും ഉചിതവും വിദഗ്ദ്ധവുമായ ഉപദേശങ്ങളും നല്കി മാനേജ്മെന്റിന് മാർഗദർശനം നല്കുകയും ചെയ്യുന്നു. ഇതു നിമിത്തം തെറ്റായ മാർഗങ്ങളും പദ്ധതികളും നയങ്ങളും ഒഴിവാക്കുന്നതിനും കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ അവലംബിക്കുന്നതിനും ദേശകാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുന്നതിനും മാനേജ്മെന്റിനു സാധിക്കുന്നു.

ആധുനിക വ്യവസായ നിർമ്മാണവ്യാപാരരംഗങ്ങളിൽ അക്കൗണ്ടന്റുമാരുടെ പ്രവർത്തനപരിധി ദൈനംദിനം വർദ്ധിച്ചു വരുകയാണ്. ഉദാ. ഉത്പാദനച്ചെലവു കണക്കുകളും (cost accounting)[4] സ്റ്റാൻഡാർഡ് നിർമ്മാണച്ചെലവു കണക്കുകളും (standard costing)[5] ഉപയോഗിച്ചു വ്യാപാര വ്യവസായങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുക, ആദായനികുതി, ലാഭനികുതി തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം നല്കുകയും പ്രസ്താവനകൾ തയ്യാറാക്കുകയും ചെയ്യുക, ചെലവ് നിയന്ത്രണത്തിന് ബജറ്റ് സമ്പ്രദായം ഏർപ്പെടുത്തുക, ബിസിനസ്സിന്റെ നവീകരണം, പുനരുദ്ധാരണം, വികസനം, അടച്ചുപൂട്ടൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മാനേജ്മെന്റിനു വിദഗ്ദ്ധോപദേശം നല്കുക, കമ്പനികൾ പൂട്ടുമ്പോഴും വ്യക്തിയുടമകൾ പാപ്പരാകുമ്പോഴും ട്രസ്റ്റികളായി സേവനമനുഷ്ഠിക്കുക, ഇൻഷ്വർ ചെയ്യുന്നതിനും കടം ലഭ്യമാകുന്നതിനും വേണ്ടി ആസ്തികളുടെ വില തിട്ടപ്പെടുത്തി വിലവിവരപ്പത്രിക തയ്യാറാക്കുക, സാമ്പത്തിക ബാദ്ധ്യതകൾ നിമിത്തമുണ്ടാകുന്ന തർക്കവിഷയങ്ങളിൽ തെളിവുകൾ നല്കുക തുടങ്ങി പല രംഗങ്ങളിലും അവരുടെ സേവനവും സഹായവും അത്യന്താപേക്ഷിതമായിത്തീർന്നിട്ടുണ്ട്.[6]

ഉപാധികൾ

[തിരുത്തുക]

വളരെക്കാലത്തെ പരിചയസമ്പത്തിൽ നിന്നും രൂപംകൊണ്ട തൊഴിൽപരമായ ഒരു സദാചാരസംഹിതയും തൊഴിൽ ചട്ടങ്ങളും അക്കൗണ്ടന്റുമാർക്കുണ്ട്. നിർഭയമായും സ്വതന്ത്രമായും ഉള്ള അഭിപ്രായപ്രകടനം അവരുടെ ഒരു പ്രത്യേകതയാണ്. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ പരിശോധകന് സാമ്പത്തിക താത്പര്യമോ അതിനോട് മറ്റു തരത്തിലുള്ള വിധേയത്വമോ ഉണ്ടെങ്കിൽ, അയാൾക്കു സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു അഭിപ്രായം പ്രകടിപ്പിക്കുവാൻ കഴിയുകയില്ല. അതുകൊണ്ട് ആഡിറ്റു ചെയ്യുന്നയാൾ സംരംഭത്തിലെ ജീവനക്കാരനോ ഡയറക്ടറോ, അതിന്റെ ജനയിതാക്കളിലാരെങ്കിലുമോ ആയിരിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അക്കൗണ്ടന്റുമാരുടെ തൊഴിൽപരമായ സദാചാരനിഷ്ഠകളിൽ താഴെപറയുന്നവ ഉൾപ്പെടുന്നു.

  1. അക്കൗണ്ടന്റിന്റെ സ്വന്തം അഭിപ്രായങ്ങളും ധനകാര്യ പത്രികകളിലെ പ്രസ്താവനകളും വ്യാജമോ തെറ്റിദ്ധാരണ ഉളവാക്കുന്നതോ ആകരുത്; അക്കൗണ്ടൻസിയിലെയും ആഡിറ്റിംഗിലെയും അടിസ്ഥാനതത്ത്വങ്ങൾക്കനുസരണമായിട്ടായിരിക്കണം അവ തയ്യാറാക്കേണ്ടത്.
  2. സേവനങ്ങൾക്കുള്ള ഫീസ് അവരുടെ പ്രവർത്തന ഫലങ്ങളെ ആശ്രയിച്ചാവുകയോ, അക്കൗണ്ടന്റുമാരല്ലാത്തവരുമായി അതു പങ്കിട്ടെടുക്കുകയോ അരുത്.
  3. കക്ഷികളുമായുള്ള വിശ്വാസത്തിനു ലംഘനം വരുത്തുവാൻ പാടുള്ളതല്ല.
  4. തൊഴിൽ വൈദഗ്ദ്ധ്യം ഉപയോഗിച്ചുള്ള അഭിപ്രായങ്ങൾ തങ്ങളോ കീഴുദ്യോഗസ്ഥന്മാരോ, മറ്റു സഹപ്രവർത്തകരോ ചെയ്തിട്ടുള്ള അക്കൗണ്ടിംഗ് പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വേണം പുറപ്പെടുവിക്കുക.
  5. കണക്കെഴുത്ത് ഒരു തൊഴിൽ എന്ന നിലയിൽ കമ്പനിയായി രജിസ്റ്റർ ചെയ്തു നടത്താൻ പാടുള്ളതല്ല.
  6. കണക്കൻമാർ തങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യത്തെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും പരസ്യം ചെയ്യുകയോ കക്ഷികളെ പ്രേരണ ചെലുത്തി ആകർഷിക്കുകയോ മറ്റു കണക്കന്മാരുടെ തൊഴിൽപരമായ പ്രവർത്തനങ്ങളിൽ കൈകടത്തുകയോ അരുത്; എന്നാൽ കക്ഷികൾ ആവശ്യപ്പെട്ടാൽ ഉപദേശങ്ങളും സേവനങ്ങളും അവർക്കു നൽകാവുന്നതാണ്.

സ്ഥാപനങ്ങളിൽ ഗുമസ്തന്മാരായി ജോലിനോക്കുന്നതിന് പ്രത്യേക യോഗ്യതകൾ നിയമപരമായി നിർദ്ദേശിച്ചിട്ടില്ല. എന്നാൽ കമ്പനികളിലെ കണക്ക് പരിശോധിച്ച് സാക്ഷ്യപത്രം നൽകുന്നതിന് പ്രത്യേക പരിശീലനവും പരീക്ഷായോഗ്യതയും ആവശ്യമാണ്. ഇംഗ്ലണ്ടിലും, കോമൺവെൽത്ത് രാജ്യങ്ങളിലും പല യൂറോപ്യൻ രാജ്യങ്ങളിലും ഗവൺമെന്റിൽ നിന്നും അധികാരപത്രം (charter) സിദ്ധിച്ചിട്ടുള്ള അക്കൗണ്ടന്റുമാരുടെ സംഘടനകൾ അവയുടെ അംഗത്വത്തിനുള്ള യോഗ്യതകൾ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും യോഗ്യത സിദ്ധിച്ചിട്ടുള്ളവർക്കു പബ്ളിക് അക്കൗണ്ടന്റുമാരായി സേവനമനുഷ്ഠിക്കുന്നതിന് ലൈസൻസുകൾ നൽകുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ 1949-ലെ ആക്ടിൻപ്രകാരം, ഡൽഹി ആസ്ഥാനമാക്കി ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനം നിലവിൽ വന്നു. ഇതിന്റെ ഭരണം ഒരു തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് നടത്തുന്നത്. ഭരണകാര്യങ്ങളിൽ സഹായിക്കാൻ പരീക്ഷാകമ്മിറ്റി, അച്ചടക്കകമ്മിറ്റി, റിസർച്ച് കമ്മിറ്റി മുതലായ സമിതികളും ഇതിനുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷകൾക്ക് പാഠ്യവിഷയങ്ങളും അദ്ധ്യയനക്രമങ്ങളും നിശ്ചയിക്കുക, പരീക്ഷകൾ നടത്തുക തുടങ്ങിയവ ഇതിന്റെ കർത്തവ്യങ്ങളിൽപെടുന്നു.[7]

മാനേജ്മെന്റിനു സഹായകമായി പല അക്കൗണ്ടിംഗ് സ്ഥാപനങ്ങളും അവരുടെ പ്രവർത്തനപരിധി വികസിപ്പിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]



കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കൗണ്ടന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കൗണ്ടന്റ്&oldid=3622507" എന്ന താളിൽനിന്ന് ശേഖരിച്ചത്