Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

അന്തഃസ്രാവീസ്വാധീനം, പെരുമാറ്റത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തഃസ്രാവികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ജീവികളുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും വിവിധ രീതിയിൽ സ്വാധീനം ചെലുത്തുന്നു. ഒരു ജന്തുവിൽ ദൃശ്യമാകുന്ന ഉത്സാഹം, ആലസ്യം, ആത്മനിയന്ത്രണം മുതലായവയുടെ ഏറ്റക്കുറച്ചിൽ അതിന്റെ രക്തത്തിലുള്ള അന്തഃസ്രാവിരസങ്ങളെ കൂടി ആശ്രയിച്ചിരിക്കും. ഒരു പ്രത്യേക അന്തഃസ്രാവി എല്ലാ ജന്തുക്കളിലും ഒരുപോലെയുള്ള മാറ്റങ്ങളാണ് വരുത്തുന്നത്.

സ്വഭാവ സവിശേഷത വിവിധ ജീവികളിൽ

[തിരുത്തുക]

പരിണാമശ്രേണിയിലെ താഴെക്കിടയിലുള്ള ജീവികളിലും അന്തഃസ്രാവികളുടെ സ്വാധീനം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഷഡ്പദങ്ങളിലെ എക്ഡൈഷ്യൽ ഗ്രന്ഥി (പടംപൊഴിക്കൽ ഗ്രന്ഥി), കോർപ്പസ് അലാറ്റം എന്നിവയും ക്രസ്റ്റേഷ്യകളിലുള്ള y-അവയവം, ആൻഡ്രോജനിക്ഗ്രന്ഥി എന്നിവയും ആ ജീവികളുടെ വിവിധ ശാരീരിക പ്രക്രിയകളെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഷഡ്പദങ്ങളിലെ എക്ഡൈഷ്യൽ ഗ്രന്ഥിയുടെ സ്രവമായ എക്ഡൈസോൺ എന്ന ഹോർമോൺ പ്രായപൂർത്തിയാകാത്ത ഷഡ്പദങ്ങളിൽ കടത്തിവിട്ടാൽ പ്രായപൂർത്തിയാകുമ്പോൾ മാത്രം ഉണ്ടാകുന്ന സ്വഭാവങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ജനനഗ്രന്ഥികളെയും ഇത് പ്രചോദിപ്പിക്കാറുണ്ട്. ഈ ജീവികളിലെ മറ്റൊരു അന്തഃസ്രാവിയായ കോർപ്പസ് അലാറ്റം സ്രവിക്കുന്ന ജുവനൈൽ ഹോർമോണും (ജെ.എച്ച്.) അവയുടെ വിവിധ ശാരീരിക പ്രക്രിയകളെ സ്വാധീനിക്കാറുണ്ട്. ചില ശലഭങ്ങളിൽ സംയോഗം ജെ.എച്ച്-ന്റെ പൂർണനിയന്ത്രണത്തിലാണ്. വിവിധതരം കൊക്കൂണുകളുടെ ആവിർഭാവംപോലും ഈ ഹോർമോണിന്റെ പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുക. ക്രസ്റ്റേഷ്യകളിലെ y-അവയവത്തിന്റെ സ്രവം ജനനഗ്രന്ഥികളുടെ പ്രാരംഭികവളർച്ചയ്ക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. ഉറയുരിക്കലിനെയും നഷ്ടപ്പെട്ട അവയവങ്ങളുടെ പുനരുത്പാദനത്തെയും ഇത് സഹായിക്കുന്നു. ക്രസ്റ്റേഷ്യകളിലെ ആൻഡ്രോജനിക് ഹോർമോൺ ലൈംഗിക ലക്ഷണങ്ങളെ നിയന്ത്രിക്കാറുണ്ട്. ആണിന്റെ പ്രത്യേക പെരുമാറ്റത്തെ സ്വാധീനിക്കുന്നതും ഈ ഹോർമോൺതന്നെ.

അന്തഃസ്രാവികളുടെ സ്വാധിനം

[തിരുത്തുക]

വൃഷണം നശിപ്പിക്കപ്പെട്ട കാള വളരെ മെരുക്കവും ഒതുക്കവും ഉള്ളതായി മാറുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി നീക്കം ചെയ്യപ്പെട്ട നായയുടെ ശൌര്യം താരതമ്യേന കുറഞ്ഞുപോകുന്നു. വീണ്ടും പിറ്റ്യൂറ്ററി സ്രവം കുത്തിവച്ചാൽ നായയ്ക്ക് നഷ്ടപ്പെട്ട ശൌര്യം തിരികെ ലഭിക്കുന്നു. അന്തഃസ്രാവികൾ മനുഷ്യരുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും സ്വാധീനം ചെലുത്തുന്നു. ഒന്നോ രണ്ടോ അന്തഃസ്രാവികളുടെ പ്രവർത്തനം മന്ദീഭവിക്കുമ്പോഴാണ് ഇവയുടെ സ്വാധീനതയുടെ ആഴം നാടകീയമായി പ്രകടമാകുന്നത്. അന്തഃസ്രാവികൾ അന്യോന്യം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും ചിലതിന് പെരുമാറ്റവുമായി ഉറ്റബന്ധം ഉണ്ടെന്നു കാണാം. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോൺ ഇതിന് ഉത്തമോദാഹരണം ആണ്. തൈറോക്സിന്റെ അമിതോത്പാദനം, ശരീരത്തെ ദ്രുതപ്രവർത്തനത്തിന് പ്രേരിപ്പിക്കുകയും അത് നാഡീസംഘർഷം, ക്ഷിപ്രകോപം, അസ്വസ്ഥത മുതലായ വികാരചാഞ്ചല്യങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ രക്തത്തിൽ തൈറോക്സിൻ അധികമായാൽ അവൻ അമിതമായ ഊർജസ്വലതയും ചഞ്ചലപ്രകൃതവും പ്രകടിപ്പിക്കും. ഇതിന്റെ കുറവ് കുട്ടികളെ മടിയരും ഉൻമേഷരഹിതരും ആക്കിത്തീർക്കുന്നു. ജനനം മുതല്ക്കോ ശൈശവത്തിലോ തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രവർത്തനക്ഷയം സംഭവിച്ചാൽ ശാരീരികവും ബുദ്ധിപരവുമായ വളർച്ച തടസ്സപ്പെടുന്നു; ഹ്രസ്വകായൻമാരായി ഭവിക്കുന്നു. ഇങ്ങനെ മുണ്ടൻമാരായി ഭവിക്കുന്ന അവസ്ഥയെ ക്രെറ്റിനിസം (cretinism) എന്നു പറയുന്നു. എന്നാൽ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ത്വരിതപ്രവർത്തനം ശരീരത്തിന് ക്രമാതീതമായ വളർച്ചയുണ്ടാക്കുന്നു. തൻമൂലം അവർ ഭീമാകാരൻമാരായി (gigantism) ഭവിക്കുന്നു. ഒരുവന്റെ വളർച്ചയുടെ കാലം കഴിഞ്ഞാണ് ഈ ഹോർമോൺ ദ്രുതപ്രവർത്തനം നടത്തുന്നതെങ്കിൽ അതു വളർച്ചയെ വളരെയധികം ബാധിക്കുകയില്ല. എങ്കിലും അയാളുടെ മൂക്കും കീഴ്ത്താടിയും കണക്കിലേറെ വലുതാകുകയും നെറ്റി മുന്നോട്ടു ഉന്തുകയും ചെയ്യുന്നു. കൂടാതെ ഇതു ചിലരിൽ അമിതമായ വിഷയാസക്തി, ആക്രമണാസക്തി, ആധിപത്യസ്വഭാവം എന്നിവ സൃഷ്ടിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പ്രവർത്തനക്ഷയം അസ്ഥി, മാംസപേശി എന്നിവയുടെ ഘടനയെ ബാധിക്കുകയും അലസത, ക്ഷീണം, എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. അതു കുട്ടികളിൽ കാണുന്ന അസാധാരണമായ ലജ്ജ, വിമ്മിക്കരച്ചിൽ, ദുശ്ശാഠ്യം, ഭീരുത്വം എന്നിവയ്ക്ക് കാരണമായിത്തീരുന്നു.

അന്തഃസ്രാവികൾ വരുത്തുന്ന മാറ്റങ്ങൾ

[തിരുത്തുക]

അഡ്രിനൽ ഗ്രന്ഥിയുടെ അതിപ്രവർത്തനം ഹൃദയസ്പന്ദനത്തെയും മാംസപേശിപ്രവർത്തനത്തെയും ത്വരിതപ്പെടുത്തും. വികാരവിക്ഷോഭത്തിൽപെട്ടു നില്ക്കുമ്പോൾ രക്തത്തിലേക്കു പ്രവഹിക്കുന്ന അഡ്രിനൽ ഗ്രന്ഥിയുടെ സ്രാവം സാധാരണഗതിയിൽ അസാധ്യമായ ധീരകൃത്യങ്ങൾ ചെയ്വാൻ ഒരുവനെ പ്രാപ്തനാക്കാറുണ്ട്. ഉയരമുള്ള മതിൽ ചാടിക്കടക്കാനും ദുഷ്ടമൃഗങ്ങളെ നേരിടാനും മറ്റുമുള്ള വിപദിധൈര്യപ്രകടനത്തിന് ഈ ഗ്രന്ഥീസ്രാവം പ്രേരണ നല്കുന്നു. അഡ്രിനൽ ഗ്രന്ഥിയുടെ ക്രമാതീതമായ പ്രവർത്തനം രക്തത്തിലുള്ള പഞ്ചസാരയുടെ സാന്ദ്രത വർധിപ്പിക്കുന്നു. ഭയം, കോപം തുടങ്ങിയ വികാരങ്ങൾ ഉണ്ടാകുമ്പോൾ പേശികൾക്കും അധികം ഊർജ്ജം ആവശ്യമായിത്തീരും. അപ്പോൾ കരളിൽ കരുതിവച്ചിരുന്ന പഞ്ചസാര പിൻവലിക്കപ്പെടും. വൈകാരികസംഘർഷം തുടർന്നു അനുഭവിക്കുന്ന വ്യക്തികൾക്ക് പ്രമേഹം പിടിപെടുവാൻ സാധ്യതയുണ്ട്. വൈകാരിക സംഘർഷവും പ്രതികൂലസാഹചര്യത്തിന്റെ സമ്മർദവും പ്രമേഹരോഗം ഉണ്ടാക്കാം എന്ന് വൂൾഫ് എന്ന ശാസ്ത്രജ്ഞൻ സമർഥിക്കുന്നു.

ലൈംഗികഗ്രന്ഥികൾ(gonads) ഉത്പാദിപ്പിക്കുന്ന ആൻഡ്രോജൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകളും അഡ്രിനൽ, പിറ്റ്യൂറ്ററി എന്നീ അന്തഃസ്രാവികളുടെ ഹോർമോണുകളും ചേർന്ന് ലൈംഗിക അവയവങ്ങളുടെ വളർച്ചയെ പരിപുഷ്ടമാക്കുന്നു. ആൻഡ്രോജനാണ് പുരുഷന് കനത്ത ശബ്ദവും മുഖരോമങ്ങളും മറ്റു പുരുഷത്വലക്ഷണങ്ങളും നൽകുന്നത്. ഈസ്ട്രജെൻ എന്ന അണ്ഡാശയഹോർമോൺ ആണ് സ്ത്രൈണഭാവങ്ങൾക്കു കാരണം. ഇവ രണ്ടും എല്ലാ സ്ത്രീപുരുഷൻമാരിലും കാണപ്പെടുന്നു. ആൻഡ്രോജൻ ഒരു സ്ത്രീയിൽ അധികമായാൽ അവളിൽ പുരുഷലക്ഷണങ്ങളും ഈസ്ട്രജെൻ പുരുഷനിൽ അധികമായാൽ അയാളിൽ സ്ത്രൈണഭാവവും ഏറിയിരിക്കും. പതിവായി ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ സ്വഭാവ വൈകല്യത്തിന് പ്രതികൂലമായ ഗൃഹാന്തരീക്ഷം, അശാസ്ത്രീയമായ പരിപാലനം എന്നിവയോടൊപ്പം അന്തഃസ്രാവികളുടെ അസന്തുലിതമായ പ്രവർത്തനവും കാരണമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ ജന്തുക്കളുടെ പെരുമാറ്റത്തെയും വ്യക്തിത്വത്തെയും അന്തഃസ്രാവികളുടെ പ്രവർത്തനം ഗണ്യമായി സ്വാധീനിക്കുന്നതായി കാണാം.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തഃസ്രാവിസ്വാധീനം,പെരുമാറ്റത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.