അന്തരീക്ഷവിക്ഷോഭം
വായുവിന്റെ പ്രവാഹഗതിയിലെ അനിയതമായ ചുഴലികളാണ് അന്തരീക്ഷവിക്ഷോഭം. ഭിന്നസ്വഭാവത്തിലുള്ള വായുപിണ്ഡങ്ങൾ അന്യോന്യം കൂടിക്കലരുന്നതാണ് ഇത്തരം വിക്ഷോഭത്തിനു കാരണം. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ വിതാനങ്ങളിൽ വിക്ഷോഭം ഒരു സാധാരണ പ്രക്രിയയാണ്. ഉയർന്ന വിതാനങ്ങളിൽ സംവഹനത്തിനു വിധേയമായ വായുപിണ്ഡങ്ങളുടെ മണ്ഡലം ഒഴിച്ചാൽ പൊതുവേ വിക്ഷോഭം അനുഭവപ്പെടുന്നില്ലെന്നു പറയാം. ഇടിമഴയ്ക്കു നിദാനമായ കാർമേഘങ്ങൾ, സാരമായ വിക്ഷോഭങ്ങളുടെ ഫലമായി രൂപം കൊള്ളുന്നവയാണ്. ജെറ്റ് സ്ട്രീമു (jet stream)കളിൽ വിക്ഷോഭരഹിതവും ക്രമപ്രവൃദ്ധവുമായ പ്രവാഹമാണുള്ളത്.
കാരണം
[തിരുത്തുക]അന്തരീക്ഷത്തിലെ ഒരു വിതാനത്തിൽനിന്നും മറ്റൊരു വിതാനത്തിലേക്ക് താപം, ആർദ്രത തുടങ്ങിയവ പകരുന്നതിന് വിക്ഷോഭം കാരണമാകുന്നു. തിരശ്ചീനമായ വിസരണം (diffusion) മാത്രമുള്ള ഒരന്തരീക്ഷത്തിൽ ഇന്നുള്ള കാലാവസ്ഥാപ്രകാരങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഏറ്റവും താഴത്തെ ഏതാനും മീറ്റർ ഉയരംവരെ ഭൂമിയിൽനിന്നും താപം സംക്രമിച്ച് അത്യുഷ്ണമായിരിക്കും; അതിനുപരി ശൈത്യാവസ്ഥയും. ജലാശയങ്ങൾക്കുയരെ നീരാവി സംപൂർണമായ വായു തങ്ങിനിന്ന് തുടർന്നുള്ള ബാഷ്പീകരണം തടയുന്നതുമൂലം അന്തരീക്ഷമലിനീകരണം വർധിക്കും. ചുരുക്കത്തിൽ, അന്തരീക്ഷവിക്ഷോഭങ്ങൾ ജീവന്റെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണ്.
കാറ്റിന്റെഗതി
[തിരുത്തുക]സാധാരണയായി അന്തരീക്ഷവിക്ഷോഭം സൂര്യന്റെ ചായ്‌വ് അനുസരിച്ചുള്ള ദൈനികവ്യത്യാസം പ്രകടമാക്കുന്നു. ഭൂതലത്തിലെ ചെറിയ തോതിലുള്ള നിമ്നോന്നതികൾപോലും സാമാന്യമായ വിക്ഷോഭങ്ങൾക്കു പ്രേരകങ്ങളാണ്. എന്നാൽ അവ ഒരു നിശ്ചിത ഉയരത്തിനുമീതെ (ഏതാണ്ട് 500 മീ.) വ്യാപിച്ചു കാണുന്നില്ല.
അന്തരീക്ഷവിക്ഷോഭങ്ങൾമൂലം കാറ്റിന്റെ ഗതിയിൽ കീഴ്മേലുള്ള വലിവുകൾ ഉണ്ടായെന്നുവരാം. ഈ മേഖലകളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളെ പ്രസ്തുത ഗതിമാറ്റം അല്പമായി ബാധിക്കുമെങ്കിലും അത് അപകടകരമല്ല. കാലാവസ്ഥാ പ്രവചനങ്ങൾക്കായി അന്തരീക്ഷസ്ഥിതിയെ വിശകലനം ചെയ്യുമ്പോൾ വ്യോമയാനത്തെ സ്വാധീനിക്കുന്ന വലിയ വിക്ഷോഭങ്ങളെ മാത്രമേ പരിഗണിക്കാറുള്ളു.
കടൽക്കാറ്റിനും കരക്കാറ്റിനും സ്വാധീനതയുള്ള തീരപ്രദേശങ്ങളിൽ അന്തരീക്ഷവിക്ഷോഭം മൂലമുള്ള സംവഹനം ഇടിമഴയുണ്ടാക്കുന്നു. സൂക്ഷ്മ അന്തരീക്ഷവിജ്ഞാന(Micro meteorology)ത്തിൽ അന്തരീക്ഷവിക്ഷോഭങ്ങൾക്ക് ഗണ്യമായ പ്രാധാന്യമുണ്ട്. താഴത്തെ വിതാനങ്ങളിൽ വായുവിന്റെ വിവിധ സ്വഭാവങ്ങൾ കൈമാറുന്നതിൽ വിക്ഷോഭങ്ങൾക്കാണ് മുഖ്യപങ്ക്.
പുറംകണ്ണികൾ
[തിരുത്തുക]- http://answers.yahoo.com/question/index?qid=1005081900006 Archived 2013-06-21 at the Wayback Machine.
- http://www.casa.gov.au/scripts/nc.dll?WCMS:STANDARD::pc=PC_91477 Archived 2011-06-21 at the Wayback Machine.
- http://www.popularmechanics.com/technology/aviation/safety/4327148
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷവിക്ഷോഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |