Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ആൻജിയോഗ്രാഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻജിയോഗ്രാഫി
Intervention
Angiogram showing a transverse projection of the vertebrobasilar and posterior cerebral circulation.
ICD-9-CM88.40-88.68
MeSHD000792
OPS-301 code:3-60

രക്തധമനികളുടെ പടം എടുക്കുന്ന പ്രക്രിയയെ ആൻജിയോ ഗ്രാഫി എന്നു പറയുന്നു. (ആൻജിയോ = രക്തധമനി. ഗ്രാഫി = ചിത്രണം) രക്തധമനികൾക്കകത്ത് ചെറിയ പ്ലാസ്റ്റിക്ക് കുഴലുകൾ അനായാസമായി കടത്താമെന്ന് 1929-ൽ ജർമൻ ശാസ്ത്രജ്ഞനായ വേർണർ ഫോഴ്സ്മാൻ (Werner Forssman)[1] കണ്ടുപിടിച്ചു. തന്റെ സ്വന്തം കയ്യിലെ രക്തധമനിവഴി ഒരു പ്ലാസ്റ്റിക്ക് കുഴൽ കടത്തി അത് ഹൃദയത്തിന്റെ വലത്തേ മേലറവരെ എത്തിച്ച്, അതുകൊണ്ട് ഒരു അപകടവും വരില്ലെന്നു ഇദ്ദേഹം തെളിയിച്ചു. ഇതിനായി ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക്ക് കുഴലുകളാണ് കത്തീറ്റർ എന്ന് അറിയപ്പെടുന്നത്.

കത്തീറ്ററൈസേഷൻ

[തിരുത്തുക]

(Catheterization)

കത്തീറ്ററൈസേഷൻ ലാബ്

ഇങ്ങനെ കടത്തുന്ന പ്ലാസ്റ്റിക്ക് കുഴൽ വഴി രക്തക്കുഴലുകളിലെയും, ഹൃദയത്തിന്റെ എല്ലാ അറകളിലെയും രക്തത്തിലെ പ്രാണവായുവിന്റെയും കാർബൺ ഡൈഓക്സൈഡിന്റെയും അളവ് തിട്ടപ്പെടുത്താൻ കഴിയും. മാത്രമല്ല അവിടങ്ങളിലെ രക്തസമ്മർദം കൃത്യമായി അളക്കാനും സാധിക്കും. ഈ പ്രക്രിയയാണ് കത്തീറ്ററൈസേഷൻ (Catheterization) [2]എന്നറിയപ്പെടുന്നത്. 1947-ൽ ഷാവേസ് (Chavez) എന്ന ശാസ്ത്രജ്ഞൻ രക്തക്കുഴലുകളിലൂടെ കടത്തിയ കത്തീറ്റർ വഴി അയോഡിൻ കലർന്ന ലായനി കുത്തിവച്ച് രക്തധമനിയുടെ പടം എക്സ്റേ വഴി എടുക്കാമെന്നു കണ്ടുപിടിച്ചു. ഇതാണ് ആൻജിയോഗ്രാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തധമനികളുടെ പടം എടുത്താൽ അവിടേയ്ക്കുള്ള രക്തധമനികളുടെ ഘടനയെപ്പറ്റിയും രക്തചംക്രമണത്തെപ്പറ്റിയും കൃത്യമായ അറിവ് സമ്പാദിക്കാമെന്ന് ഗവേഷകർ മനസ്സിലാക്കി. ഇന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തധമനികളുടെ ആൻജിയോഗ്രാഫുകൾ രോഗനിർണയത്തിനുള്ള ഒരു സാധാരണ പരിശോധനാമാർഗ്ഗമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്ത് ശരീരത്തിനുള്ളിലെ അവയവങ്ങളുടെ പടം എടുക്കാനായുള്ള പല നൂതന മാർഗങ്ങളും കണ്ടുപിടിക്കുകയും വളരെ സാധാരണമാവുകയും ചെയ്തിട്ടുണ്ട്. എം.ആർ.എ. സ്കാനും, എം.ആർ.ഐ. സ്കാനും സി.ടിയുമാണ് ഈ നൂതന പരിശോധനാമാർഗങ്ങൾ. ഇവ ഉപയോഗിച്ച് കത്തീറ്ററുകൾ രക്തധമനി വഴി കടത്താതെതന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തക്കുഴലുകളുടെ ആൻജിയോഗ്രാം എടുക്കാനുള്ള സംവിധാനമുണ്ട്.

രക്തധമനികളുടെ പടം

[തിരുത്തുക]
കത്തീറ്ററൈസേഷൻ

ശരീരത്തിലെ ഓരോ ഭാഗത്തെയും രക്തധമനികളുടെ പടം ആ രക്തധമനിയുടെ പേരിനോടു ചേർത്താണ് അറിയപ്പെടുന്നത്. ഉദാഹരണമായി

  • ഫെമറൽ ആൻജിയോഗ്രാം = കാലിലെ രക്തധമനികളുടെ പടം [3]
  • കരോട്ടിഡ്/ സെറിബ്രൽ ആൻജിയോഗ്രാം = തലച്ചോറിനകത്തെ രക്തക്കുഴലുകളുടെ പടം[4]
  • റീനൽ ആൻജിയോ ഗ്രാം = വൃക്കകളിലെ രക്തധമനികളുടെ പടം[5]
  • സിലിയാക് മെസന്റെറിക്ക് ആൻജിയോഗ്രാം = കുടലിലെ രക്തധമനികളുടെ പടം[6]
  • ബ്രേക്കിയൽ ആൻജിയോഗ്രാം = കൈയിലെ രക്തധമനികളുടെ പടം[7].
  • സ്പീനോപോർട്ടോഗ്രഫിയിൽ സാധാരണരീതിയിൽ നിന്നു വ്യത്യസ്തമായി പ്ലീഹയിൽ നേരിട്ട് ഡൈ കുത്തിവച്ച് പ്ലീഹാരക്തധമനിയുടെയും പോർട്ടർ രക്തധമനിയുടെയും പടം എടുക്കുന്നു. ഇതിൽ മറ്റു ആൻജിയോഗ്രാഫികളിൽ നിന്നും വ്യത്യസ്തമായി അവയവത്തിൽത്തന്നെ ഡൈ കുത്തി വയ്ക്കുകയാണ്.
  • കൊറോണറി ആൻജിയോഗ്രാം = ഹൃദയ പേശികളിലെ രക്തക്കുഴലുകളുടെ പടം[8]
  • പൾമോണറി ആൻജിയോഗ്രാം = ശ്വാസകോശത്തിലെ രക്തധമനികളുടെയും രക്തചംക്രമണത്തിന്റെയും പടം[9]
  • ഫ്ലൂറേസിയൻ (Fluorescein) ആൻജിയോഗ്രാഫി = റെറ്റിനയിലൂടെയുള്ള രക്തചംക്രമണത്തിന്റെയും രക്തധമനികളുടെയും പടം.[10]

പക്ഷാഘാതവും ഹൃദയാഘാതവും

[തിരുത്തുക]

രക്തധമനികൾക്കകത്ത് കൊഴുപ്പ് അടിഞ്ഞ് രക്തചംക്രമണത്തിന് തടസ്സമുണ്ടാകുന്ന അസുഖം പ്രായമാകുന്നവരിൽ സാധാരണമായി കണ്ടുവരാറുണ്ട്. ഈ അസുഖം തലച്ചോറിലെ രക്തധമനികളെ ബാധിക്കുമ്പോൾ പക്ഷാഘാതവും ഹൃദയഭിത്തികളിലെ രക്തധമനികളെ ബാധിക്കുമ്പോൾ ഹൃദയാഘാതവും ഉണ്ടാകുന്നു. രോഗലക്ഷണങ്ങൾ കാണുമ്പോൾ ആ ശരീരഭാഗത്തിന്റെ ആൻജിയോഗ്രാം എടുത്തുനോക്കിയാൽ പലപ്പോഴും രോഗം വരാനിടയുണ്ടോ എന്നു കണ്ടുപിടിക്കുകയും അതിനു വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യാം. ഹൃദയാഘാതത്തിനും മസ്തിഷ്ക്കാഘാതത്തിനും മാത്രമായി ചുരുങ്ങിയിരുന്ന ആൻജിയോഗ്രാഫിക് പരിശോധന ഇപ്പോൾ ഏത് അവയവത്തിന്റെയും രക്തചംക്രമണത്തിന്റെ തടസ്സമോ രോഗാവസ്ഥയോ നിർണയിയ്ക്കുന്നതിന് വളരെ ഫലപ്രദമായി കണ്ടുവരുന്നു. ഉദാ. വൃക്കകളുടെ പ്രവർത്തനക്ഷമത കണ്ടുപിടിക്കുക, കിഡ്നിയിലെ സിസ്റ്റുകളും ട്യൂമറുകളും കണ്ടുപിടിക്കുക, രക്തധമനിയിൽ ഉണ്ടാകാവുന്ന അന്യൂറിസം (Aneurysm) (ഇത് പൊട്ടിയാൽ ഉള്ളിൽ രക്തസ്രാവം ഉണ്ടാകാം) കണ്ടുപിടിക്കുക തുടങ്ങിയവ.

കാലിലെ ധമനി വഴി കത്തീറ്ററുകൾ ശരീരത്തിന്റെ ഏതു ഭാഗത്തുള്ള ധമനികളിലും അനായാസം എത്തിക്കാൻ സാധിക്കും. പക്ഷേ പലരിലും ഈ പരിശോധന കൈയിലെ ധമനിവഴിയും ചെയ്യാവുന്നതാണ്. കക്ഷത്തിലെയും (armpit) കഴുത്തിലെയും രക്തധമനികൾ വഴിയും പ്രസ്തുത പരിശോധന ചെയ്യാവുന്നതാണ്. കൈയിലെ ധമനി വഴി കത്തീറ്ററൈസേഷനും, ആൻജിയോഗ്രാമും ചെയ്താൽ കത്തീറ്റർ കടത്തിയ സുഷിരം വഴി രക്തസ്രാവം ഉണ്ടാകാതെ നോക്കാൻ എളുപ്പമാണ്. അതുകൊണ്ട് രോഗിയെ പലപ്പോഴും ഏതാനും മണിക്കൂറുകൾക്കകം വീട്ടിൽ അയയ്ക്കാൻ സാധിക്കുകയും ചെയ്യും.

സൂക്ഷ്മതയോടെ ചെയ്യേണ്ട പരിശോധനകൾ

[തിരുത്തുക]
കൈയിലെ രക്തധമനികളുടെ പടം.

കത്തീറ്ററൈസേഷനും ആൻജിയോഗ്രാമും വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പരിശോധനകളാണ്. കത്തീറ്റർ കയറ്റിയ സുഷിരം വഴി രക്തസ്രാവം ഉണ്ടാകാതെ സൂക്ഷിക്കണം. കത്തീറ്റർ കൊണ്ട് ധമനികളുടെ ആന്തരികവലയം വ്രണപ്പെടുത്താതെ വേണം പരിശോധനകൾ നടക്കാൻ. മാത്രമല്ല ധമനികൾക്കകത്തടിഞ്ഞിരിക്കുന്ന കൊഴുപ്പോ, രക്തക്കട്ടകളോ ഇളകിപ്പോകാതെയും സൂക്ഷിക്കണം. സൂക്ഷ്മതയോടെ ഈ പരിശോധന ചെയ്യുന്നവരുടെ കൈയിൽ സാധാരണമായി അപകടങ്ങൾ ഒന്നും സംഭവിക്കാറില്ല. എത്രശ്രദ്ധിച്ച് കൈകാര്യം ചെയ്താലും ആൻജിയോഗ്രാഫിയോടനുബന്ധിച്ച് സങ്കീർണാവസ്ഥയുണ്ടായ്ക്കൂടെന്നില്ല. ചുരുക്കം ചിലർക്ക് കുത്തിവയ്ക്കുന്ന മരുന്നിന് അലർജിയുണ്ടാകാം. നീർക്കെട്ട്, ശ്വാസതടസ്സം, ഹൃദയസ്തംഭനം, ക്രമാതീതമായ രക്തസമ്മർദം തുടങ്ങിയവ അത്യപൂർവമായി വളരെ ചെറിയ തോതിലെങ്കിലും കണ്ടുവരുന്ന കുഴപ്പങ്ങളാണ്. റേഡിയോ പ്രസരണത്തിന്റെ തോത് കുറവായതിനാൽ ആൻജിയോഗ്രാഫി, കൂടുതൽ തവണകൾ ആവർത്തിച്ചില്ലെങ്കിൽ, ഗർഭാവസ്ഥയിൽ പോലും പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല.

അടുത്തകാലം വരെ ആൻജിയോഗ്രാഫിയുടെ പടങ്ങൾ എക്സ്റേ ഫിലിമുകളിലോ, ചലിക്കുന്ന പടങ്ങൾ സിനിമാ ഫിലിമുകളിലോ ആണ് രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നത്. ഇന്നത്തെ സംവിധാനത്തിൽ ഇതെല്ലാം അനായാസം കംപ്യൂട്ടറുകൾ വഴികാണാവുന്ന കോമ്പാക്റ്റ് ഡിസ്ക്കുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നു.

ഇതുംകാണുക

[തിരുത്തുക]

ആൻ‌ജിയോപ്ലാസ്റ്റി

അവലംബം

[തിരുത്തുക]
  1. http://www.metafilter.com/27538/In-1956-Dr-Werner-Forssman-was-awarded-The-Nobel-Prize In 1956, Dr. Werner Forssman was awarded The Nobel Prize
  2. http://www.nhlbi.nih.gov/health/health-topics/topics/cath/ What Is Cardiac Catheterization?
  3. http://www.wisegeek.com/what-is-a-femoral-angiogram.htm What Is a Femoral Angiogram?
  4. http://www.nlm.nih.gov/medlineplus/ency/article/003799.htm Cerebral angiography: MedlinePlus Medical Encyclopedia
  5. http://www.hopkinsmedicine.org/healthlibrary/test_procedures/urology/renal_angiogram_92,P07721/ What is a renal angiogram?
  6. http://www.ncbi.nlm.nih.gov/pubmed/12207181 Multislice CT angiography of the celiac and superior mesenteric
  7. http://guildofscientifictroubadours.com/2012/02/26/science-art-angiome-annulaire-by-dr-michel-royon/ The Guild of Scientific Troubadours
  8. http://www.nlm.nih.gov/medlineplus/ency/article/003876.htm Coronary angiography: MedlinePlus Medical Encyclopedia
  9. http://www.nlm.nih.gov/medlineplus/ency/article/003813.htm Pulmonary angiography: MedlinePlus Medical Encyclopedia
  10. http://www.cpmc.org/learning/documents/angioeye-ws.html Fluorescein Angiogram of the Eye

പുറംകണ്ണികൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻജിയോഗ്രാഫി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൻജിയോഗ്രാഫി&oldid=3624546" എന്ന താളിൽനിന്ന് ശേഖരിച്ചത്