പണ്ഢർപൂർ വിഠോബാ ക്ഷേത്രം
പണ്ഢർപൂർ വിഠോബാ ക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | പണ്ഢർപൂർ ശ്രീ വിഠോഭാ-രുക്മിണീക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | മഹാരാഷ്ട്ര |
ജില്ല: | സോലാപൂർ ജില്ല |
സ്ഥാനം: | പണ്ഢർപൂർ |
നിർദേശാങ്കം: | 17°40′N 75°20′E / 17.67°N 75.33°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | ഹൊയ്സാല നിർമ്മാണരീതി |
ചരിത്രം | |
സൃഷ്ടാവ്: | പുണ്ഡലികൻ |
ഇന്ത്യയിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ സോലാപൂർ ജില്ലയിലുള്ള പണ്ഢർപൂർ പട്ടണത്തിൽ ഭീമാ നദിയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീ വിഠോബാ-രുക്മിണീക്ഷേത്രം (മറാഠി: श्री विठोबा रुक्मिणि क्षेत्र). ശ്രീകൃഷ്ണഭഗവാന്റെ ഒരു രൂപഭേദമായി അറിയപ്പെടുന്ന വിഠോബായും പത്നിയായ രുക്മിണീദേവിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. മഹാരാഷ്ട്രയിലെ ജാതിവിരുദ്ധ വൈഷ്ണവഭക്തിപ്രസ്ഥാനമായ വർക്കരി പ്രസ്ഥാനത്തിന്റെ പ്രധാന ആരാധനാകേന്ദ്രമാണ് വിഠോബാക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളായ ആഷാഢമാസത്തിലെ ശയന ഏകാദശിയ്ക്കും കാർത്തികമാസത്തിലെ ഉത്ഥാന ഏകാദശിയ്ക്കും ഇവർ ക്ഷേത്രത്തിലെത്താറുണ്ട്. ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ വിഠോബാഭഗവാൻ, വിഠലൻ, പാണ്ഡുരംഗൻ, ഹരി, നാരായണൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.
വർക്കരികളെക്കൂടാതെ കർണാടകയിലെ ഹരിദാസന്മാരും വിഠലനെ പുകഴ്ത്തിയിട്ടുണ്ട്. കർണാടകസംഗീതത്തിന്റെ പിതാമഹനായ പുരന്ദരദാസരടക്കം പലരും ഈ മൂർത്തിയോടുള്ള ആദരസൂചകമായി പേരിന്റെ കൂടെ 'വിഠല' എന്ന് ചേർത്തിട്ടുണ്ട്. കേരളീയ സംഗീതജ്ഞനായിരുന്ന ഷഡ്‌കാലഗോവിന്ദമാരാർ തന്റെ അവസാനകാലം ചെലവഴിച്ചതും ഇവിടെയാണ്. മറാഠികൾക്കിടയിൽ വിഠോബാഭഗവാന്റെ സ്ഥാനം താരതമ്യങ്ങൾക്കപ്പുറത്താണ്. മഹാരാഷ്ട്രയിൽ എല്ലായിടത്തുനിന്നും ഇവിടേയ്ക്ക് ഭക്തർ ഒഴുകിയെത്തുന്നു. ഇന്ത്യയിലെ മറ്റുഭാഗങ്ങളിൽ നിന്നുള്ളവരും കുറവല്ല. വിഠോബ പൊതുവേ ശ്രീകൃഷ്ണനായാണ് അറിയപ്പെടുന്നതെങ്കിലും മഹാവിഷ്ണു തന്നെയാണെന്നും, അതല്ല പരമശിവനാണെന്നും ബുദ്ധനാണെന്നും വാദങ്ങളുണ്ട്. മറാഠി ബ്രാഹ്മണരുടെ നേതൃത്വത്തിൽ കാർമ്മികപൂജകളും വർക്കരികളുടെ നേതൃത്വത്തിൽ ആത്മീയപൂജകളും ഭഗവാന് നൽകിവരുന്നു. വാരാണസിയിൽ ഗംഗാനദി ഒഴുകും പോലെ പണ്ഢർപൂരിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ ചുറ്റിയൊഴുകുന്ന ഭീമാനദി, തന്മൂലം ഇവിടെ 'ചന്ദ്രഭാഗ' എന്ന പേരിലും അറിയപ്പെടുന്നു. ചന്ദ്രഭാഗയിലെ സ്നാനം പുണ്യകരമാണെന്ന് വിശ്വസിച്ചുവരുന്നു. പണ്ഢർപൂരിന് 'ദക്ഷിണകാശി' എന്ന അപരനാമവുമുണ്ട്. നിരവധി ഉപദേവതകളും ക്ഷേത്രത്തിൽ കുടികൊള്ളുന്നു.
ഐതിഹ്യം
[തിരുത്തുക]പുണ്ഡലികൻ എന്ന ഭക്തനുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യകഥ. തികഞ്ഞ വിഷ്ണുഭക്തനായിരുന്ന പുണ്ഡലികൻ, തന്റെ മാതാപിതാക്കളെ ഭക്തിയോടെ ശുശ്രൂഷിച്ചുപോന്നു. എന്നാൽ, വിവാഹത്തിനുശേഷം അയാൾ പൂർണ്ണമായും ഭാര്യയുടെ ആജ്ഞാനുവർത്തിയായി മാറുകയും, മാതാപിതാക്കളോട് മോശമായി പെരുമാറുകയും ചെയ്തു. ഇതിൽ മനം നൊന്ത അയാളുടെ മാതാപിതാക്കൾ, കാശിയിലേയ്ക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ, ദുരന്തങ്ങൾ അവരെ അവിടെയും പിന്തുടർന്നു. പുണ്ഡലികനും ഭാര്യയും അവരെ അനുഗമിച്ചതായിരുന്നു കാരണം. പുണ്ഡലികനും ഭാര്യയും കുതിരപ്പുറത്തുകയറി സുഖമായി സഞ്ചരിച്ചപ്പോൾ, വൃദ്ധരായ മാതാപിതാക്കൾ മോശം കാലാവസ്ഥയിൽ നടക്കുകയായിരുന്നു. രാത്രികാലങ്ങളിൽ വിശ്രമിയ്ക്കാൻ നിൽക്കുമ്പോൾ കുതിരകളെ നോക്കുന്ന ജോലി പോലും അയാൾ മാതാപിതാക്കളെ ഏല്പിച്ചു. ഇത് അവർക്ക് സഹിയ്ക്കാവുന്നതിലുമപ്പുറമായിരുന്നു.
കാശിയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ പുണ്ഡലികനും മാതാപിതാക്കളും ഭാര്യയും 'കുക്കുടസ്വാമി' എന്നുപേരുള്ള ഒരു മഹർഷിയുടെ ആശ്രമത്തിലെത്തി. ക്ഷീണിച്ചവശരായ നാലുപേരും കുറച്ചുദിവസം അവിടെ തങ്ങാൻ തീരുമാനിച്ചു. അന്നുരാത്രി, എല്ലാവരും ഉറങ്ങുന്നതിനിടയിൽ പുണ്ഡലികൻ ഉണർന്നിരിയ്ക്കുകയും അത്ഭുതകരമായ ഒരു ദൃശ്യം കാണുകയും ചെയ്തു. സൂര്യോദയത്തിന് തൊട്ടുമുമ്പ്, വൃത്തികേടായ വസ്ത്രങ്ങൾ ധരിച്ച സുന്ദരിമാരായ ഏതാനും സ്ത്രീകൾ ആശ്രമത്തിലെത്തുകയും നിലം വൃത്തിയാക്കുകയും വെള്ളം കോരുകയും മഹർഷിയുടെ പാദങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്നു! പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ അവർ പ്രാർത്ഥനാമുറിയിൽ പോകുന്നു! തിരിച്ചുവരുമ്പോൾ വസ്ത്രങ്ങളിൽ പാടുപോലും ബാക്കിയില്ല! ഉടനെ അവർ അപ്രത്യക്ഷരാകുകയും ചെയ്തു.
പുണ്ഡലികൻ സ്തബ്ധനായി. അയാൾക്ക് ഇത് കണ്ടതിനെത്തുടർന്ന് ഒരു ശാന്തി അനുഭവപ്പെടുകയുണ്ടായി. അന്നേദിവസം മുഴുവൻ അയാളെ ഈ ചിന്ത അലട്ടുകയും അത് സ്വപ്നമാണോ അല്ലയോ എന്ന് തെളിയിയ്ക്കാൻ അന്നുരാത്രി മുഴുവൻ ഉണർന്നിരിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി കണ്ട ദൃശ്യങ്ങൾ അന്നുരാത്രിയും അയാൾ കണ്ടു. എന്നാൽ, ഇത്തവണ അയാൾ സുന്ദരിമാരുടെ അടുത്തുപോകുകയും അവരോട് കാര്യങ്ങൾ ചോദിയ്ക്കുകയും ചെയ്തു. തങ്ങൾ ഗംഗ, യമുന, ഗോദാവരി, നർമ്മദ തുടങ്ങിയ പുണ്യനദികളാണെന്നും, തങ്ങളിൽ സ്നാനം ചെയ്ത് നിരവധി ഭക്തർ പാപമുക്തി നേടുന്നുണ്ടെന്നും, അതാണ് തങ്ങളുടെ വസ്ത്രങ്ങളിലെ കറകളെന്നും എന്നാൽ മാതൃപിതൃദ്രോഹിയായ പുണ്ഡലികൻ അവരിൽ ഏറ്റവും വലിയ പാപിയാണെന്നും അവർ പറഞ്ഞു. പുണ്ഡലികൻ ഇത് കേട്ടതും ഞെട്ടിപ്പോകുകയും അയാൾക്ക് ബോധോദയം ഉണ്ടാകുകയും ചെയ്തു. പിന്നീട്, സ്വന്തം സുഖം ത്യജിച്ചും അയാൾ മാതാപിതാക്കളെ സഹായിച്ചുപോന്നു.
പുണ്ഡലികന്റെ മാതൃപിതൃഭക്തിയിൽ പ്രസന്നനായ ശ്രീകൃഷ്ണഭഗവാൻ, അയാളെ അനുഗ്രഹിയ്ക്കാനായി ദ്വാരകയിൽ നിന്ന് തിരിച്ചു. ഭഗവാൻ വന്ന് വാതിലിൽ മുട്ടുമ്പോൾ പുണ്ഡലികൻ, മാതാപിതാക്കൾക്ക് ഭക്ഷണം കൊടുക്കുന്ന തിരക്കിലായിരുന്നു. എന്നാൽ, അത് കൊടുത്തുകഴിഞ്ഞിട്ടേ തുറക്കാൻ പാടൂ എന്ന് വിചാരിച്ച അയാൾ, ഭഗവാന് നിൽക്കാൻ പാകത്തിന് ഒരു ഇഷ്ടിക പുറത്തേയ്ക്ക് എറിഞ്ഞുകൊടുത്തു. ഇതുകണ്ട ശ്രീകൃഷ്ണൻ, അയാളെ കാത്തുനിൽക്കാൻ തീരുമാനിച്ചു. പുണ്ഡലികൻ പുറത്തുവന്നപ്പോൾ ഭഗവാനെ വൈകിച്ച പാപം പൊറുക്കണമെന്നുപറഞ്ഞ് അയാൾ മാപ്പപേക്ഷിച്ചു. എന്നാൽ, ശ്രീകൃഷ്ണനാകട്ടെ, പുണ്ഡലികന്റെ മാതൃപിതൃഭക്തിയിലാണ് കൂടുതൽ പ്രസാദിച്ചത്. ഭക്തർക്ക് അഭീഷ്ടവരദായകനായി നാട്ടിൽ തന്നെ കുടികൊള്ളണമെന്ന് പുണ്ഡലികൻ ഭഗവാനോട് അഭ്യർത്ഥിച്ചു. തുടർന്ന് ഭഗവാൻ, ഇരുകൈകളും അരയിൽ കുത്തിനിൽക്കുന്ന രൂപത്തിൽ, ഇഷ്ടികയോടുകൂടി സ്വയംഭൂവായി അവതരിച്ചു. തന്റെ പത്നിയായ രുക്മിണീദേവിയെയും ഭഗവാൻ കൂടെക്കൂട്ടി. പിൽക്കാലത്ത് അവിടെയൊരു ക്ഷേത്രം ഉയർന്നുവന്നു. അതാണ് ഇന്ന് ലോകപ്രസിദ്ധമായ വിഠോബാക്ഷേത്രം.[1]
ക്ഷേത്ര ചരിത്രം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-09. Retrieved 2018-07-22.