അഗാപേ
പരസ്പരം സ്നേഹിക്കുക എന്ന ക്രൈസ്തവധർമത്തിന്റെ പ്രതീകമായ പന്തിഭോജനമണ് അഗാപേ. സ്നേഹഭോജനം (love feast) എന്ന പേരിലും ഇത് അറിയപ്പെടുന്നു. അഗാപേ എന്ന ഗ്രീക് പദത്തിന് സ്നേഹം, ധർമം എന്നീ അർത്ഥങ്ങളാണുള്ളത്.
ചരിത്രം
[തിരുത്തുക]ആദിമക്രൈസ്തവർ കുർബാന അർപ്പിക്കുന്നതോടൊപ്പം കൂട്ടായ്മയുടെ അനുഭവം എല്ലാവർക്കും ലഭ്യമാകുവാൻ ഒരുമിച്ചുള്ള പന്തിഭോജനം നടത്തിയിരുന്നു. ഒന്നാം ശതകാന്ത്യത്തിൽ ഈ ഏർപ്പാട് അഗാപേ എന്ന പേരിൽ അറിയപ്പെട്ടു. ഇവയെ ദുരുപയോഗപ്പെടുത്തിയതുമൂലമോ ക്രൈസ്തവപീഡനംമൂലമോ കുർബാനയും പന്തിഭോജനവും പിൽകാലത്ത് ഒരുമിച്ചു നടത്തുന്ന പതിവ് ഇല്ലാതായി. ബൈബിളിലെ അപ്പോസ്തലൻമാരുടെ പ്രവൃത്തികളിൽ ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടി വരികയും വീട്ടിൽ അപ്പം നുറുക്കികൊണ്ട് ഉല്ലാസവും ഹൃദയപരമാർഥതയും പൂണ്ട് ഭക്ഷണം കഴിക്കുകയും ദൈവത്തെ സ്തുതിക്കുകയും സകലജനത്തിന്റെയും കൃപ അനുഭവിക്കുകയും ചെയ്തു (2. 46) എന്നും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ..... (20.7) എന്നും കാണുന്നത് അഗാപേയുടെ ആദ്യകാല ലക്ഷ്യസ്വഭാവങ്ങളെ പ്രകടമാക്കുന്നു. ബൈബിൾപാരായണം, സ് തോത്രകാഴ്ച, സമർപ്പണഗാനങ്ങൾ, പ്രബോധനങ്ങൾ, സ്നേഹചുംബനം മുതലായവ സ്നേഹഭോജനത്തോടൊപ്പം നടന്നുവന്നിരുന്ന പരിപാടികളാകുന്നു.
ദുരുപയോഗം നാലുവിധം
[തിരുത്തുക]അഗാപേ നാലു വിധത്തിൽ ദുരുപയോഗപ്പെടുത്തിയതായി വി. പൗലോസ് പ്രസ്താവിക്കുന്നു. (1 കൊരി. 11.17-22):
- ഭിന്നത നിലനിർത്തുന്നു.
- പ്രത്യേകം പ്രത്യേകം സംഘങ്ങളായി മാറുന്നു;
- ആദ്യമാദ്യം വരുന്നവർ ആദ്യം തന്നെ അത്താഴം കഴിക്കുന്നതിനാൽ പിന്നാലെ വരുന്നവർക്കു ലഭിക്കാതെ പോകുന്നു;
- മദ്യപാനത്തിനുളള ഒരു അവസരമായി മാറുന്നു.
ഈ കാരണങ്ങളാൽ രണ്ടാം ശതകത്തിന്റെ ആരംഭത്തിൽ ഈ പതിവ് മിക്കവാറും ഇല്ലാതെയായി. എങ്കിലും പൗരസ്ത്യസഭകളിലും ഫ്രഞ്ചുസഭകളിലും മൊറേവിയൻ ബ്രദർഹുഡിന്റെ ചില സമ്മേളനങ്ങളിലും ഈ ചടങ്ങ് ആധുനിക കാലത്തും ആചരിച്ചു വരുന്നുണ്ട്. പെസഹാവ്യാഴാഴ്ചയും മറ്റു പെരുന്നാൾദിവസങ്ങളിലും വിശുദ്ധകുർബാനാർപ്പണവും മറ്റു ആരാധനകളും കഴിഞ്ഞ് നേർച്ചയപ്പം, വാഴ്വിന്റെ അപ്പം, പാച്ചോറ് എന്നിവ വിതരണം ചെയ്യുക, സമാധാന ചുംബനം നല്കുക തുടങ്ങിയ ആചാരങ്ങൾ നൂറ്റാണ്ടുകളായി നിലനിന്നു വരുന്നു. ഇവയെല്ലാം സ്നേഹഭോജനത്തിന്റെ പരിണാമമായി കണക്കാക്കുന്നവരുണ്ട്. അഗാപേയുടെ ഉദ്ഭവത്തെയും പ്രകൃതത്തെയും പറ്റി നടത്തപ്പെട്ട പില്ക്കാലപഠനങ്ങൾ പരസ്പരവിരുദ്ധമായ ആശയങ്ങൾ ആവിഷ്കരിക്കയുണ്ടായി.
അഭിപ്രായങ്ങൾ
[തിരുത്തുക]മൂന്നാം ശതകംവരെ അഗാപേ നിലവിലിരുന്നില്ലെന്നും 4-ആം ശതകത്തിൽ ചിലർ നല്കിവന്ന ഭക്ഷണദാനം ഒരു സംഘടിതരൂപം പ്രാപിച്ചതാണെന്നും വേദശാസ്ത്രപണ്ഡിതനായ ബാറ്റിഫോൾ അഭിപ്രായപ്പെട്ടിട്ടുണ്ട് (1902). ആദിമക്രൈസ്തവർ ചില സന്ദർഭങ്ങളിൽ ഒരുമിച്ചുകൂടി ഭക്ഷണം കഴിച്ചിരുന്നു എന്നതിൽകവിഞ്ഞ് വിശുദ്ധ കുർബാനയും പന്തിഭോജനവും ഒരുമിച്ചു നടത്തിയിരുന്നില്ല എന്നും 2-ആം ശതകംവരെ അഗാപേ എന്നു എഴുതികാണുന്നത് കുർബാനയ്ക്കുള്ള മറ്റൊരു പേരായിരുന്നു എന്നും ബാറ്റിഫോൾ തുടർന്നു പറയുന്നു.
യഹൂദൻമാരുടെയും അന്യമതസ്ഥരുടെയും ഇടയിൽ കൂട്ടായ്മയ്ക്കും സാഹോദര്യം ഉറപ്പിക്കുന്നതിനുംവേണ്ടിയുള്ള പന്തിഭോജനം നിലവിലിരുന്നു. ഇവരിൽനിന്നു ക്രിസ്തുമതം സ്വീകരിച്ചവർ മതപരിവർത്തനത്തിനുശേഷവും ഈ പതിവ് തുടർന്നു വന്നിരിക്കാം. എന്നാൽ ഇതിനെ അപ്പോസ്തലൻമാരുടെ പ്രവൃത്തികളിൽ കാണുന്ന അപ്പംനുറുക്കുക എന്ന ചടങ്ങുമായി ബന്ധിപ്പിക്കുന്നതു കാലഗണനാപ്രമാദമായിരിക്കും എന്നു ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു.
സ്നേഹഭോജനമാണ് ആദ്യം നിലവിലിരുന്നതെന്നും അതിൽ നിന്നാണ് കുർബാന രൂപംകൊണ്ടതെന്നും ഇവ തമ്മിൽ സ്ഥായിയായ വ്യത്യാസമൊന്നുമില്ലെന്നുമുള്ള അഭിപ്രായത്തിന് ജർമനിയിൽ പൊതുവായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ രണ്ടും അപ്പോസ്തലികമാണെങ്കിലും ഇവയ്ക്ക് തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് ദൈവശാസ്ത്രപണ്ഡിതൻമാരായ ലാൻഡസ്, എർമോണി എന്നിവർ കരുതുന്നു.
യേശുവിന്റെ അവസാനത്തെ തിരുവത്താഴത്തിൽ നിന്നുണ്ടായ കർമപ്രധാനമായ ഒരു പരിപാടിയായി ഇതിനെ കരുതണമെന്ന് വാദിക്കുന്ന വേദപണ്ഡിതൻമാരുണ്ട്. പെസഹായുടെ പന്തിഭോജനവേളയിൽ യേശു സ്ഥാപിച്ച ഒരു വിശുദ്ധകർമം (കൂദാശ) ആയിട്ടാണ് ഇതിനെ അവർ വ്യവഹരിക്കുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗാപേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |