Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

നീലത്തിമിംഗിലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലത്തിമിംഗിലം[1]
ഒരു മുതിർന്ന നീലത്തിമിംഗിലം. കിഴക്കൻ ശാന്തസമുദ്രത്തിൽ നിന്നും
ശരാശരി വലിപ്പമുള്ള മനുഷ്യനുമായുള്ള ആകാര താരതമ്യം.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
B. musculus
Binomial name
Balaenoptera musculus
(Linnaeus, 1758)
Subspecies
  • B. m. brevicauda Ichihara, 1966
  • ?B. m. indica Blyth, 1859
  • B. m. intermedia Burmeister, 1871
  • B. m. musculus (Linnaeus, 1758)
കാണപ്പെടുന്ന പ്രദേശങ്ങൾ

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം[3][4] (ഇംഗ്ലീഷ്: Blue whale; ശാസ്ത്രീയനാമം: Balaenoptera musculus). ബലീൻ തിമിംഗിലങ്ങളുടെ ഒരു ഉപജാതിയാണിവ[5]. ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 35 മീറ്റർ ( 115 അടി) നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.[6][7] നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക. ശരീരത്തിനടിഭാഗത്തേക്ക് നിറം കുറവായിരിക്കും[8]. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കൻ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ (B. m. intermedia), ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന കുള്ളൻ നീലത്തിമിംഗിലം (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യൻ മഹാസമുദ്രത്തിൽ ബി.എം. ഇൻഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീൻ തിമിംഗിലങ്ങളെ പോലെ നീലത്തിമിംഗലങ്ങൾക്കും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകളെ മാത്രമാണ് പഥ്യം.

തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ[9]. പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗിലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു. 1966-ൽ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗിലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗിലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു[10] . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട്[11]. അന്റാർട്ടിക് കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ രണ്ടു സംഘം തിമിംഗിലങ്ങൾ ഉണ്ട്. ദക്ഷിണാർദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങൾ നിലനിൽക്കുന്നു.

ജീവ വർഗ്ഗീകരണം

[തിരുത്തുക]

നീലത്തിമിംഗിലങ്ങൾ റോർക്വലുകൾ ആണ്(കുടുംബം Balaenopteridae). ഇതേ കുടുംബത്തിൽ തന്നെയാണ് കൂനൻ തിമിംഗിലം ബ്രൈഡേയുടെ തിമിംഗിലം ഫിൻ തിമിംഗിലം സെയ് തിമിംഗിലം മിങ്ക് തിമിംഗിലം മുതലായവ ഉൾപ്പെടുന്നത്[5] . ബലേനോപ്റ്ററാ കുടുംബത്തിലെ ഏഴു ജാതികളിലൊന്നായാണ് നീലത്തിമിംഗിലത്തെ കണക്കാക്കുന്നത്. സിബാൾഡസ് എന്നൊരു മറ്റൊരു ജെനസിലാണ് നീലത്തിമിംഗിലം ഉള്ളതെന്നാണ് ചിലർ വാദിക്കുന്നത്[12]. എന്നാൽ ഇത് മറ്റെവിടേയും അംഗീകരിക്കപ്പെട്ടിട്ടില്ല[1]. ജനിതക പഠനങ്ങൾ ഇവ കൂനൻ തിമിംഗിലങ്ങളുടെയും ചാരത്തിമിംഗിലങ്ങളുടേയും അടുത്ത ബന്ധുക്കളാണെന്ന് ചൂണ്ടിക്കാട്ടുന്നു.

നീലത്തിമിംഗിലങ്ങളുടേയും ഫിൻ തിമിംഗിലങ്ങളുടേയും സങ്കരജാതികളെ കണ്ടതായി കുറഞ്ഞത് 11 പ്രാവശ്യമെങ്കിലും തെളിവുണ്ട്. ഇവ തമ്മിൽ മനുഷ്യനും ഗോറില്ലയും തമ്മിലുള്ള ബന്ധമേയുള്ളു[13] . നീലത്തിമിംഗില-കൂനൻ തിമിംഗില സങ്കരങ്ങളേയും കണ്ടെത്തിയിട്ടുണ്ട്.

കുള്ളൻ നീലത്തിമിംഗിലങ്ങളെ ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണ ശാന്തമഹാസമുദ്രത്തിലും മാത്രമാണ് കണ്ടു വരുന്നത്[14] . ഇന്ത്യൻ സമുദ്രത്തിൽ തന്നെ കണ്ടുവരുന്ന ഗ്രേറ്റ് ഇന്ത്യൻ റോർക്വൽ (B. m. indica) എന്ന തിമിംഗിലത്തെ മുമ്പ് ഒരു ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നത്[1].

─o Balaenopteridae & Eschrichtiidae
 ├─o
 │ ├─o
 │ │ ├─o Balaenoptera musculus
 │ │ ├─o Megaptera novaeangliae
 │ │ └─o Eschrichtius robustus
 │ └─o
 │   ├─o B. physalus
 │   └─o
 │     ├─o B. edeni
 │     └─o
 │       ├─o B. borealis
 │       └─o B. brydei
 └─o 
   ├─o B. bonaerensis
   └─o B. acutorostrata

പ്രത്യേകതകൾ

[തിരുത്തുക]
പൂർണ്ണ വളർച്ചയെത്തിയ നീലത്തിമിംഗിലം
മുതുകിലെ ചിറക്
നീലത്തിമിംഗിലത്തിന്റെ രണ്ട് വശച്ചിറകുകളും കാണാവുന്ന ആകാശക്കാഴ്ച
ശ്വാസോച്ഛ്വാസം


മറ്റ് തിമിംഗിലങ്ങളെ അപേക്ഷിച്ച് നീണ്ടതും കൂർത്തതുമായ ശരീരപ്രകൃതിയാണ് നീലത്തിമിംഗിലങ്ങൾക്കുള്ളത്. മറ്റു തിമിംഗിലങ്ങളുമായി താരാതമ്യപ്പെടുത്തി നോക്കിയാൽ ഇവയുടെ ശരീരം വലിച്ചു നീട്ടിയതു പോലെ തോന്നും[15]. പരന്ന് കുതിരലാടത്തിന്റെ ആകൃതിയിലുള്ള തലയിൽ ശ്വസനദ്വാരത്തിനടുത്ത് മേൽച്ചുണ്ടിനു മുകളിലായി ഒരു ശിഖരം കാണാവുന്നതാണ്[15]. വായയുടെ മുൻഭാഗം കട്ടിയുള്ളതാണ്. മേൽത്താടിയിൽ നിന്ന് തൂങ്ങിക്കിടക്കുന്നനിലയിലുള്ള ചീപ്പ് ഫലകങ്ങൾ ഉള്ളതിനാലാണിത്. ഒരു മീറ്ററോളം നീളവും മുന്നൂറോളം എണ്ണവുമുള്ള പാളികളാണിവ[15].

മേലണ്ണാക്കിൽ അരമീറ്റർ നീളമുള്ള അറുപതുമുതൽ തൊണ്ണൂറു വരെ പൊഴികൾ അകത്തേക്ക് കാണാം. ഭക്ഷണത്തോടൊപ്പം ഉള്ളിൽച്ചെല്ലുന്ന ജലം പുറന്തള്ളാനാണ് ഈ ചാലുകൾ ഉപയോഗിക്കപ്പെടുന്നത്.

മുതുകിലെ ചിറക് ചെറുതാണ്. ജലോപരിതലത്തിൽ കുതിക്കുന്ന അവസരങ്ങളിൽ മാത്രമേ ഇവ സാധാരണഗതിയിൽ കാണാൻ കഴിയൂ. ശരീരത്തിന്റെ നാലിലൊരുഭാഗം കഴിയുന്നിടത്തായി (1/4) ഇവ കാണപ്പെടുന്നു.[15]. ഓരോ ജീവിയിലും ഇതിന്റെ ആകൃതി വ്യത്യസ്തമായിരിക്കും. ചിലപ്പോൾ കണ്ടുപിടിക്കാൻ തന്നെ പ്രയാസമായ തരത്തിൽ ഒരു മുഴ മാത്രമേ ഉണ്ടാവാറുള്ളൂ എങ്കിലും ചിലതിൽ വളരെ വലിപ്പത്തിൽ തന്നെ കാണപ്പെടുന്നു. ശ്വസനത്തിനായി ജലോപരിതലത്തിലെത്തുന്ന നീലത്തിമിംഗിലങ്ങൾ അവയുടെ മുതുകും ശ്വാസം വിടുന്ന കുഴലും മറ്റു വൻതിമിംഗിലങ്ങളായ ഫിൻ, സെയ് മുതലായവയേക്കാളും ഉയർത്താറുണ്ട്. ഈ ശൈലി ഇവയെ മറ്റു തിമിംഗിലങ്ങളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. വടക്കൻ അറ്റ്ലാന്റിക്കിലും വടക്കൻ ശാന്തസമുദ്രങ്ങളിലും കാണപ്പെടുന്ന ചില നീലത്തിമിംഗിലങ്ങൾ അവയുടെ ത്രികോണാകൃതിയിലുള്ള വാലും ഉയർത്തിപ്പിടിക്കാറുണ്ട്. ശ്വസന സമയത്ത് നീലത്തിമിംഗിലങ്ങൾ 12 മീറ്റർ വരെ ഉയരമുള്ള ജലസ്തംഭം സൃഷ്ടിക്കാറുണ്ട്. (സാധാരണയായി 9 മീറ്റർ) ഇവയുടെ ശ്വാസകോശം 5000 ലി. വ്യാപ്തം ഉള്ളതാണ്. നീലത്തിമിംഗിലങ്ങൾക്ക് രണ്ട് ശ്വസനദ്വാരങ്ങളാണുള്ളത്. ഇവ ഒരൊറ്റ അടപ്പുപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു[15].

വശങ്ങളിലെ പങ്കായച്ചിറകുകൾക്ക് 3-4 മീറ്ററ് നീളമുണ്ടാകും. ഇവയുടെ മുകൾഭാഗം വെളുത്ത അരികോടുകൂടിയ ചാരനിറത്തിലാണ്‌. കീഴ്ഭാഗം വെളുത്ത നിറമായിരിക്കും. നീലത്തിമിംഗിലത്തിന്റെ തലയും വാലും ഒരുപോലെ ചാരനിറം തന്നെ. പുറംഭാഗങ്ങളും ചിലപ്പോൾ വശച്ചിറകുകളും നിറം പടർന്ന് കാണാറുണ്ട്. ഇത് ഒരോന്നിനും വ്യത്യസ്ത അളവുകളിലുമാണ്‌.

നീന്തുമ്പോൾ ചെറീയദൂരത്തിൽ നീലത്തിമിംഗിലങ്ങൾക്ക് 50 കി.മീ/മ വേഗത വരെ ആർജ്ജിക്കാൻ കഴിയും, പ്രത്യേകിച്ചും മറ്റു തിമിംഗിലങ്ങളുമായി നീന്തുമ്പോൾ. സാധാരണ വേഗത 20 കി.മീ/മ ആണ്[5] . ഭക്ഷണസമ്പാദനത്തിനായി മണിക്കൂറിൽ 5 കി.മീ വേഗതയിലാണ് സഞ്ചരിക്കാറാണ് പതിവ്.

നീലത്തിമിംഗിലങ്ങൾ സാധാരണയായി ഒറ്റക്കോ മറ്റൊരു തിമിംഗിലവുമായോ ആണ് കഴിയുന്നത്. എന്നാൽ ഈ സഹയാത്രികർ വളരെക്കാലം ഒരുമിച്ചുണ്ടാവുമെന്നോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ വച്ചുപുലർത്തുമെന്നോ അറിവില്ല. ഭക്ഷണം നന്നായി ലഭിക്കുന്ന സാഹചര്യത്തിൽ ചെറിയ സ്ഥലത്തുതന്നെ 50 നീലത്തിമിംഗിലങ്ങളുടെ കൂട്ടത്തെ വരെ കാണാൻ സാധിക്കും. എങ്കിലും ഇവ മറ്റു ബലീൻ വർഗ്ഗങ്ങളെപ്പോലെ വലിയതും ഇഴപിരിയാത്തതുമായ സംഘങ്ങളായി കാണപ്പെടാറില്ല.

വലിപ്പം

[തിരുത്തുക]
പ്രമാണം:Blue whale brachiosaurus giraffe man.png
വലിപ്പത്തിന്റെ താരതമ്യം

ഭീമാകാരം മൂലം, നീലത്തിമിംഗിലങ്ങളുടെ അളവുകൾ എടുക്കുക എന്നത് ശ്രമകരമായ ഒരു ഏർപ്പാടാണ്‌. തിമിംഗിലവേട്ടക്കാർ കൊല്ലുന്നവയെ മുറിച്ചാണ് അളവെടുക്കുന്നത്; ഇതിനിടയിൽ രക്തവും മറ്റ് ശരീരദ്രവങ്ങളും ചോർന്നു പോകുന്നതിനാൽ ശരീരഭാരം കണക്കാക്കുന്നതിൽ പിഴവുണ്ടാകുന്നു. എന്നിരുന്നാലും 27 മീറ്റർ വരെ നീളമുള്ളവയ്ക്ക് 150 മുതൽ 170 വരെ ടൺ ഭാരം അളന്നിട്ടുണ്ട്. 30 മീറ്റർ നീളമുള്ള ഒരു നീലത്തിമിംഗിലത്തിനു 180 ടൺ ഭാരമുണ്ടാവുമെന്ന് അമേരിക്കയിലെ ദേശീയ സമുദ്ര സസ്തനി പരീക്ഷണശാല പ്രതീക്ഷിക്കുന്നു. ഈ പരീക്ഷണശാല ഇന്നുവരെ കൃത്യമായി അളന്ന ഏറ്റവും വലിയ നീലത്തിമിംഗിലത്തിനു 177 ടൺ ഭാരമുണ്ടായിരുന്നു[10].

ഇന്നുവരെ ഭൂമിയിൽ ജീവിച്ച ജീവികളിൽ ഏറ്റവും വലുതാണ് നീലത്തിമിംഗിലം എന്നാണ് കരുതപ്പെടുന്നത്[15] ഏറ്റവും വലിയ ഡൈനസോർ ആണെന്ന് കരുതുന്ന അർജന്റീനോസോറസ് പോലും[16] 90 ടൺ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിവാദമുണ്ടാക്കിയ ആംഫീകാലിയാസ് ഫ്രജില്ലിമസ് എന്ന ജീവിയുടെ നട്ടെല്ല് സൂചിപ്പിക്കുന്നത് അത് 122 ടൺ ഭാരവും 60 മീറ്റർ നീളവും ഉള്ള ജീവിയായിരുന്നു എന്നും പറയുന്നുണ്ട്[17].

അധികം വിവരങ്ങൾ ലഭിച്ചിട്ടില്ലാത്ത ബൃഹത്കയോസറസ് എന്ന ദിനോസറിൻ 140 മുതൽ 220 ടണ്‌ വരെ ഭാരമുണ്ടായിരിക്കാം എന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു. എങ്കിലും മുഴുവൻ ഫോസ്സിൽ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ നീലത്തിമിംഗിലം തന്നെയാണ് ഏറ്റവും വലിയത് എന്ന നിഗമനത്തിൽ കൊണ്ടെത്തിക്കുന്നു. ഏറ്റവും വലിയ നീലത്തിമിംഗിലം ഏതായിരുന്നു എന്ന കാര്യത്തിലും അത്ര കൃത്യതയില്ല. 20 നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അന്റാർട്ടിക്കിലെ സമുദ്രത്തിൽ വച്ച് പിടികൂടിയ തിമിംഗിലങ്ങളുടെ അളവുകളാണ് കൂടുതലും. എന്നാൽ അക്കാലത്തെ തിമിംഗിലവേട്ടക്കാർക്ക് ശാസ്ത്രീയമായരീതിയിൽ ഇവയുടെ ഭാരമളക്കാനറിവില്ലായിരുന്നതാണ് പ്രധാന കാരണം. എന്തായാലും 33.6 ഉം 33.3 ഉം മീറ്റർ നീളമുണ്ടായിരുന്ന രണ്ട് പെൺ നീലത്തിമിംഗിലങ്ങളാൺ ഏറ്റവും വലിയവ എന്നു കരുതുന്നു[18]. എന്നാൽ ഈ അളവുകൾ അത്രകൃത്യമല്ല എന്നും ചിലർ കരുതുന്നു. ദേശീയ സമുദ്ര സസ്തനി പരീക്ഷണശാല കൃത്യമായി അളന്ന ഏറ്റവും വലിയ നീലത്തിമിംഗിലം 29.9 മീറ്റർ നീളമുള്ള ഒന്നാണ്[10].


ഒരു നീലത്തിമിംഗിലത്തിന്റെ നാവ് 2.7 ടൺ ഭാരമുള്ളതായിരിക്കും [19]. പൂർണ്ണമായും തുറന്ന വായിൽ 90 ടൺ ഭക്ഷണവും വെള്ളവും കൊള്ളുന്നതായിരിക്കും[20]. എന്നിരുന്നാലും ഒരു വോളീബോൾ - പന്തിനേക്കാളും വലിയ ഒന്നും വിഴുങ്ങാൻ നീലത്തിമിംഗിലങ്ങളുടെ കഴുത്തിന്റെ അടവ് അനുവദിക്കില്ല[21]. ഹൃദയം മാത്രം 600 കി.ഗ്രാം. ഭാരമുള്ളതായിരിക്കും, ഇത് ഏതൊരു ജീവിയുടേയും ആന്തരാവയവങ്ങളിൽ ഏറ്റവും വലുതാണ്[19]; നീലത്തിമിംഗിലത്തിന്റെ മഹാരക്തധമനിക്ക് 23 സെ.മീ. (9") വ്യാസം ഉണ്ടാകും.[22] . ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും 400 ലി. പാൽ വീതം കുടിക്കുന്നു. ഓരോ 24 മണിക്കൂറിലും ഈ കുഞ്ഞിന്റെ ഭാരം 90 കിലോ വച്ചാകും കൂടുക. പ്രസവ സമയത്തു തന്നെ കുട്ടിക്ക് 2700 കിലോ ഭാരമുണ്ടാകും, ഇത് പൂർണ്ണ വളർച്ചയെത്തിയ ഒരു ഹിപ്പപ്പോട്ടാമസിനു തുല്യമാണ്[5].

ക്രില്ലുകൾ

നീലത്തിമിംഗിലങ്ങൾ ചെമ്മീൻ പോലുള്ള പുറംതോടുള്ള ജീവികളെയാൺ ആഹാരമാക്കുക. [23] . ഈ ഭക്ഷണത്തിൽ തന്നെ സമുദ്രഭേദമനുസരിച്ച് വ്യത്യാസവും ഉണ്ട്. വടക്കൻ അറ്റ്ലാന്റിക് പ്രദേശത്ത് മെഗാനിക്റ്റിഫേനസ് നോർവീജിക്ക, തൈസനേസ്സ റാഷീ, തൈസനേസ്സ ഇന്റെർമിസ് തൈസനേസ്സ ലോംഗിക്കോഡേറ്റ തുടങ്ങിയ ജീവികളേയും തിമിംഗിലങ്ങൾ ഭക്ഷണമാക്കുന്നു[24][25][26].

വടക്കൻ ശാന്തസമുദ്രത്തിൽ ഒട്ടേറെ ചെറുജീവികളെയും (യൂഫേസിയ പാസിഫിക്ക, തൈസനേസ്സ inermis, തൈസനേസ്സ longipes, തൈസനേസ്സ spinifera, നിക്റ്റിഫേനസ് സിം‌പ്ലെക്സ് നെമറ്റോസ്കേലിസ് മെഗലോപ്സ് മുതലായവ);[27][28][29] അന്റാർട്ടിക്കൻ സമുദ്രത്തിൽ സമാനമായ മറ്റുചിലവയേയും (യൂഫേസിയ സൂപെർബ, യൂഫേസിയ ക്രിസ്റ്റല്ലോറോഫിയാസ് യൂഫേസിയ വാലെന്റീൻ) തിമിംഗിലങ്ങൾ ഭക്ഷിക്കുന്നു.

ചെമ്മീൻ വർഗ്ഗത്തിലെ ക്രിൽ ജീവികളുടെ കനത്ത സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില് നിന്നുമാത്രമേ തിമിംഗിലങ്ങൾ ആഹാര സമ്പാദനം നടത്താറുള്ളു. ചിലപ്പോൾ ഒരു ദിവസം തന്നെ 3600 കി.ഗ്രാം ഭക്ഷണം അകത്താക്കാറുണ്ട്[23], സാധാരണ പകൽസമയങ്ങളിൽ 100 മീ. ആഴത്തിലെങ്കിലുമാവും ഇര തേടുക. ഭക്ഷണസമ്പാദന സമയത്ത് 10 മുതൽ 20 മിനിറ്റ് വരെ ഇവ മുങ്ങി കിടക്കാറുണ്ട്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ മുങ്ങിക്കിടന്നത് 36 മിനിറ്റ് വരെ ആണെന്നു കരുതുന്നു(Sears 1998).

ക്രില്ലുകളും മറ്റുജീവികളുമടക്കം വലിയ അളവ് ജലത്തെ തിമിംഗിലങ്ങൾ വായിലേക്കെടുക്കുകയും പിന്നീട് വായിലെ ബലീൻ ചാലുകൾ ഉപയോഗിച്ച് ജലം പുറന്തള്ളൂകയും ചെയ്യുന്നു. വായില് അവശേഷിച്ച ജീവികളെ അപ്പാടെ വിഴുങ്ങുന്നു. ക്രില്ലുകൾക്ക് പുറമേ ചെറുമത്സ്യങ്ങളും, കക്കകളും, ചെറുനീരാളികളുമെല്ലാം വയറ്റിലെത്താറുണ്ട്[30][31].

ജീവന പ്രത്യേകതകൾ

[തിരുത്തുക]
അമ്മയും കുഞ്ഞും

ശരദ്കാലത്തിന്റെ അവസാനം മുതൽ ശീതകാലത്തിന്റെ അവസാനം വരെയാണ്‌ ഇവയുടെ ഇണചേരൽ കാലം[32]. ഇണചേരലിനെപ്പറ്റി വളരെ കുറച്ച് അറിവു മാത്രമേ നമുക്കുള്ളൂ. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പെൺതിമിംഗിലങ്ങൾ പത്തോ പന്ത്രണ്ടോ മാസത്തെ ഗർഭകാലത്തിനുശേഷം ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. [32]. രണ്ടര ടൺ ഭാരമെങ്കിലുമുണ്ടാവുന്ന കുഞ്ഞിൻ ഏഴുമീററോളം നീളമുണ്ടാകും. ദിവസവും 380-570 ലിറ്റർ പാൽ കഴിക്കും കട്ടിയാഹാരങ്ങൾ കഴിക്കാൻ തുടങ്ങുന്നത് ആറുമാസമാവുമ്പോഴാൺ, അപ്പോഴേക്കും കുഞ്ഞിൻ ജനിച്ച സമയത്തേക്കാൾ ഇരട്ടി നീളം വച്ചിരിക്കും. പെൺതിമിംഗിലങ്ങൾക്ക് അഞ്ചുവയസ്സാകുമ്പോഴേ പ്രായപൂർത്തിയാകുന്നു. അപ്പോൾ തന്നെ ഇവക്ക് 21 മീ . നീളമുണ്ടാകും. ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു. അപ്പോൾ ഇവക്ക് 20 മീ. നീളമുണ്ടാകും (ദക്ഷിണ അർദ്ധഗോളത്തിൽ കൂടുതലുമാവാം).


നീലത്തിമിംഗിലങ്ങൾ 80 കൊല്ലമെങ്കിലും ജീവിച്ചിരിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു[18][33][32]; എന്നിരുന്നാലും വ്യക്തിഗതമായ രേഖകൾ തിമിംഗിലവേട്ടക്കാലത്തിനു മുൻപ് മുതൽ ഇല്ലാത്തതിനാൽ ഇനിയും കുറേ കാലം കൂടി കഴിയാതെ തിമിംഗിലത്തിന്റെ ആയുസ്സിനെപ്പറ്റി ആധികാരികമായി പറയാനാകൂ. വടക്കു കിഴക്കൻ പസഫിക് സമുദ്രത്തില് 34 വർഷമാണ്‌ നേരിട്ട് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ജീവിതകാലം. നീലത്തിമിംഗിലങ്ങൾക്ക് മനുഷ്യനൊഴിച്ച് ഭൂമുഖത്തുള്ള ഭീഷണീ കൊലയാളിത്തിമിംഗിലം മാത്രമാണ്‌[34]. പഠനങ്ങൾ കാട്ടിത്തരുന്നത് 25% പ്രായപൂർത്തിയായ തിമിംഗിലങ്ങൾക്കും കൊലയാളീത്തിമിംഗിലങ്ങളുടെ ആക്രമണത്തിൽ നിന്ന് പരിക്കേറ്റിട്ടുണ്ട് എന്നാണ്‌[18]. എന്നാൽ കൊലയാളിത്തിമിംഗിലങ്ങളുടെ ആക്രമണങ്ങളാലുള്ള മരണ നിരക്കിനെ കുറിച്ച് അറിവൊന്നുമില്ല.

നീലത്തിമീംഗലങ്ങൾ ഗതിതെറ്റി കരക്കടിയുക വളരെ അപൂർവമാണ്. ഇവയുടെ പ്രത്യേക സാമൂഹിക സ്വഭാവം മൂലം കൂട്ടമായി കരക്കടിയാറുമില്ല.[35].

എന്നാൽ അബദ്ധത്തിൽ ഒരു തിമിംഗിലം കരക്കടിഞ്ഞാൽ അത് വൻ പൊതുജനശ്രദ്ധ പിടിച്ചുപറ്റാറുമുണ്ടായിരുന്നു. 1920സ്കോട്ലൻഡിലെ ലൂയീസ് ദ്വീപിനു സമീപം ബ്രാഗർ എന്ന സ്ഥലത്ത് ഒരു നീലത്തിമിംഗിലം കരക്കടിയുകയുണ്ടായി. തിമിംഗില വേട്ടക്കാരുടെ ചാട്ടുളി അതിന്റെ തലയിൽ തറച്ചിരുന്നെങ്കിലും മുന പൊട്ടിത്തെറിച്ചിരുന്നില്ല. മറ്റു സസ്തനികളെ പോലെ തിമിംഗിലങ്ങൾക്കും ജീവൻ നിലനിർത്താനായി ശ്വാസോച്ഛ്വാസം എന്തു കാരണവശാലും പുലർത്താനുള്ള പ്രവണതയുണ്ട്. അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻ‌കരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത്. തിമിംഗിലം മരിച്ചു കഴിഞ്ഞപ്പോൾ താടിയെല്ലുകളിൽ രണ്ടെണ്ണം സമീപത്ത് സ്മാരകമായി ഉയർത്തി. ബാക്കി ഭാഗം മറവു ചെയ്തു. ഇത് വിനോദാകർഷണമായി അവിടെ നിലനിക്കുന്നു[36][37].

നീലത്തിമിംഗിലത്തിന്റെ പാട്ട്

[തിരുത്തുക]
ഇതും കാണുക: തിമിംഗില സംഗീതം
Multimedia relating to the Blue Whale
Note that the whale calls have been sped up 10x from their original speed.


കണ്ണിങ്സ്, തോംസൺ എന്നിവർ നടത്തിയ പഠന(1971) പ്രകാരം നീലത്തിമിംഗിലങ്ങളുടെ ശബ്ദം മീറ്ററിൽ ഒരു മൈക്രോപാസ്കൽ മർദ്ദത്തിൽ 155 മുതൽ 188 ഡെസിബെൽ വരെ ശക്തമായിരിക്കും[38][39] .

എല്ലാ നീലത്തിമിംഗിലക്കൂട്ടങ്ങൾക്കും 10-നും 40-നും ഹെർട്സ് ആവർത്തിക്കിടയിലുള്ള ഒരു സ്വന്തം ആവൃത്തി ഉണ്ടാകും. ഈ ഒച്ചയുണ്ടാക്കൽ പത്തുമുതൽ മുപ്പതു സെക്കന്റ് നീണ്ടിരിക്കും. എന്നാൽ ശ്രീലങ്കക്കു സമീപത്തു വച്ച് ഒരു കുള്ളൻ നീലത്തിമിംഗിലം നാലു നോട്ടുകളുള്ള രണ്ട് മിനിട്ടോളം നീളുന്ന ഗാനം ആവർത്തിച്ചാലപിക്കുന്നത് റിക്കോഡ് ചെയ്യുകയുണ്ടായിട്ടുണ്ട്. സാധാരണ കൂനൻ തിമിംഗിലങ്ങളാണ്‌ ഇത്തരത്തിൽ ഒച്ച വെക്കുന്നത്. അത് ആ പ്രത്യേക ജാതിയിൽ(B. m. brevicauda) മാത്രമുള്ള പ്രത്യേകത ആയിരിക്കാം എന്നാണ്‌ ശാസ്ത്രജ്ഞർ കരുതുന്നത്.

പൊതുവേ ശബ്ദമുണ്ടാക്കുന്നതിന്റെ കാരണം അജ്ഞാതമാണ്‌. റിച്ചാർ‌സൺ എറ്റ് എല്(1995) ആറ് കാരണങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

[40]


  1. അംഗങ്ങൾ തമ്മിലുള്ള അകലം പരിപാലിക്കുക.
  2. വംശീയമോ അംഗങ്ങൾ തമ്മിലുള്ളതോ ആയ തിരിച്ചറിയലിനായി
  3. തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തമ്മിൽ പകരാൻ (ഉദാ: ഭക്ഷണം, അറിയിപ്പ്)
  4. സാമൂഹിക ബന്ധങ്ങളുടെ പരിപാലനത്തിനായി (ഉദാ: ആണും പെണ്ണും തമ്മിലുള്ള പരസ്പര ബന്ധത്തിന്)
  5. സ്ഥലത്തിന്റെ പ്രത്യേകതകൾ അറിയാൻ
  6. ശത്രുക്കളെ തിരിച്ചറിയാൻ

തിമിംഗിലവേട്ടയും എണ്ണവും

[തിരുത്തുക]

വേട്ടയാടൽ കാലഘട്ടം

[തിരുത്തുക]

ചരിത്രാതീതകാലം മുതൽക്കേ മനുഷ്യൻ തിമിംഗിലത്തെ വേട്ടയാടാൻ തുടങ്ങിയിരുന്നു. എന്നാൽ നീലത്തിമിംഗിലത്തെ വേട്ടയാടാൻ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിനോടടുപ്പിച്ച് മാത്രമാൺ കാരണം ഇവയുടെ വേഗതയേയും ശക്തിയേയും മെരുക്കാൻ അന്നുവരെ കഴിഞ്ഞിരുന്നില്ല എന്നതാണ്‌. നിരവധി കൊച്ചു വള്ളങ്ങളിൽ തിമിംഗിലങ്ങളെ തുരത്തി കരക്കടുപ്പിക്കുകയായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇതിനായി വിവിധതരം ആയുധങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി. ഇവയെ വൻതോതിൽ വേട്ടയാടിയതോടെ എണ്ണം ഗണ്യമായി കുറയുകയുണ്ടായി. മുൻകാലത്ത് വേട്ടക്കാർ അധികവും സ്പേം തിമിംഗിലങ്ങളേയോ റൈറ്റ് തിമിംഗിലങ്ങളേയോ ആയിരുന്നു വേട്ടയാടിയിരുന്നത്[41]. 1864-ൽ സ്വെൻഡ് ഫോൻ (Svend Foyn) എന്ന നോർവേക്കാരൻ തന്റെ ആവി ബോട്ടിൽ വലിയ തിമിംഗിലങ്ങളെ പിടിക്കാൻ പ്രാപ്തമായ ചാട്ടുളികൾ തയ്യാറാക്കിയിരുന്നു[5] . ആദ്യമാദ്യം വിജയശതമാനം കുറവായിരുന്നെങ്കിലും ഫോൻ തന്റെ ചാട്ടുളി കുറ്റമറ്റതാക്കി തീര്ത്തെടുക്കുകയും അതേ തുടര്ന്ന് വടക്കൻ നോർവേയിലെ ഫിന്മാര്ക്കിൽ അനേകം തിമിംഗിലപിടുത്ത കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തു. പ്രാദേശിക മുക്കുവരുടെ എതിര്പ്പിനെ തുടര്ന്ന് ഈ പ്രദേശത്തെ അവസാന തിമിംഗിലപിടുത്തകേന്ദ്രവും 1904-ല് അടച്ചു പൂട്ടി.

വേട്ടയാടൽ മൂലം തിമിംഗിലങ്ങളുടെ എണ്ണം വളരെയധികം കുറഞ്ഞു.

ഐസ്‌ലൻഡ്(1963) ഫറോ ദ്വീപുകൾ (1894), ഐസ്‌ലൻഡിലെ തന്നെ ന്യൂഫൌൻഡ്‌ലാൻഡ് (1898)തുടങ്ങിയ സ്ഥലങ്ങളിൽ വളരെ പെട്ടെന്നു തന്നെ നീലത്തിമിംഗിലങ്ങളേയും വേട്ടയാടൽ ആരംഭിച്ചു. 1904 -1905 കാലത്ത് ദക്ഷിണ ജോർജിയയിൽ നിന്ന് ആദ്യമായി നീലത്തിമിംഗിലങ്ങളെ വേട്ടയാടുകയുണ്ടായി. 1925 ആയതോടെ ആവിക്കപ്പലുകളുടെ സഹായത്തോടെ നീലത്തിമിംഗിലങ്ങളേയും മറ്റു ബലീൻ തിമിംഗിലങ്ങളേയും അന്റാർട്ടിക്ക, അന്റാർട്ടിക്കക്കു സമീപമുള്ള മറ്റുപ്രദേശങ്ങൾ എന്നിവിടെ നിന്നുമുള്ള വേട്ടയാടൽ വളരെ അധികമായി. 1930നും 31നും ഇടയിൽ ഈ കപ്പലുകൾ 29,400 നീലത്തിമിംഗിലങ്ങളെ മാത്രം അന്റാർട്ടിക് പ്രദേശത്തുനിന്നുമാത്രം പിടിച്ചെന്നു കരുതുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോഴേക്കും നീലത്തിമിംഗിലങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 1946-ഓടു കൂടി അന്താരാഷ്ട്ര നീലത്തിമിംഗില കച്ചവടം നിയന്ത്രിക്കാനുള്ള പ്രാരംഭനടപടികൾക്കു തുടക്കമായി. പക്ഷേ തിമിംഗിലജാതികളെ ഫലപ്രദമായി തരംതിരിക്കൽ നടത്തിട്ടില്ലായിരുന്നതിനാൽ അന്ന് അതത്ര ഫലപ്രദമായിരുന്നില്ല. നീലത്തിമിംഗില വേട്ട 1960കളിൽ അന്താരാഷ്ട്ര വെയിലിങ് കമീഷൻ പൂർണ്ണമായി നിരോധിച്ചു[42][43], സോവിയറ്റ് യൂണിയൻ നടത്തിയിരുന്ന വേട്ടയും 1970 കളിൽ അവസാനിപ്പിച്ചു[44]. എന്നാൽ ഈ സമയം കൊണ്ടു തന്നെ 3,30,000 നീലത്തിമിംഗിലങ്ങളെ അന്റാർട്ടിക് പ്രദേശത്തും 33,000 എണ്ണം ദക്ഷിണ അർദ്ധഗോളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും, 8,200 എണ്ണം ദക്ഷിണ ശാന്തസമുദ്രത്തിൽ നിന്നും, 7,000 എണ്ണത്തെ വടക്കൻ അറ്റ്ലാന്റിക് പ്രദേശത്തുനിന്നും കൊന്നൊടുക്കിയിരുന്നു. അപ്പോഴേക്കും അന്റാർട്ടിക്കയിലെ ആകെ എണ്ണം ആദ്യമുണ്ടായിരുന്നതിന്റെ 0.15% ആയിത്തീർന്നിരുന്നു[9].

തിമിംഗിലവേട്ടക്കാർ നീലത്തിമിംഗിലങ്ങളെ വംശനാശത്തിന്റെ വക്കുവരെയെത്തിച്ചിരുന്നു. ചെറിയ ഇടവേളകൾ എടുത്താണെങ്കിൽ പോലും വേട്ടക്കാർ ഇവയെ കൊന്നൊടുക്കുന്നത് തുടരുന്നുണ്ട്. സമുദ്രശാസ്ത്രജ്ഞരും മറ്റും ഇക്കാര്യം നിശിതമായി നിരീക്ഷിക്കുന്നുമുണ്ട്. വലിയ ജീവിതകാലമുള്ള ജീവികളുടെ വംശനാശഭീഷണി അത്യന്തം ഭീതിജനകമാണ്‌ എന്നതാണ്‌ അതിനു കാരണം. മറ്റു ചെറിയ മത്സ്യങ്ങളെ അപേക്ഷിച്ച് നീലത്തിമിമിഗലങ്ങള്ക്കുള്ള നീണ്ട ഗര്ഭകാലവും ഒരു പ്രസവത്തില് ഒന്നോ രണ്ടോ കുട്ടികളേ ഉണ്ടാവൂ എന്നതും വംശനാശഭീഷണി കൂട്ടുന്നു. അതുകൊണ്ട് ഒരു വര്ഷത്തില് തന്നെ അനേകം തവണ പ്രത്യുത്പാദനം നടത്തുന്ന ചെറു ജീവികളെ അപേക്ഷിച്ച് നീലത്തിമിംഗിലങ്ങൾ സുരക്ഷിതമാകാൻ കൂടുതൽ കാലമെടുക്കും

എണ്ണവും വിതരണവും

[തിരുത്തുക]
അസോറസ് ദ്വീപുകൾക്കു സമീപം കാണപ്പെട്ട ഒരു നീലത്തിമിംഗിലം
നീലത്തിമിംഗിലത്തിന്റെ വാലിന്റെ ചിത്രം, പശ്ചാത്തലത്തിൽ സാന്താ ബാർബറാ ചാനൽ ദ്വീപുകൾ ഓഗസ്റ്റ് 2007.

തിമിംഗില വേട്ട നിരോധിച്ച കാലം മുതൽക്കേ ആഗോളതലത്തിൽ തിമിംഗിലങ്ങളുടെ എണ്ണം കൂടുകയാണോ സ്ഥിരമായി നില്ക്കുകയാണോ എന്നറിയാൻ ഉള്ള പഠനങ്ങൾ വേണ്ടത്ര വിജയിച്ചിരുന്നില്ല. സോവിയറ്റ് യൂണിയൻ നടത്തിയിരുന്ന തിമിംഗിലവേട്ടയും കൂടി അവസാനിച്ചതോടെ അന്റാർട്ടിക്കിൽ വർഷം 7.3% വളർച്ചയുണ്ടെന്നാണ്‌ ഏറ്റവും നല്ല പഠനങ്ങൾ കാണിക്കുന്നത്. എങ്കിലും ജനസംഖ്യയാകട്ടെ ആദ്യമുണ്ടായിരുന്നതിന്റെ 1% മാത്രമേ അന്നുമുണ്ടായിരുന്നുള്ളൂ.[9]. കാലിഫോർണിയയിലേയും ഐസ്‌ലാന്റിലേയും എണ്ണവും ചെറിയ തോതിൽ കൂടുന്നുണ്ടെങ്കിലും ഇത് സംഖ്യാശാസ്ത്രപരമായി പ്രാധാന്യമർഹിക്കുന്നത്രയുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടുമായി 5000 മുതൽ 12000 വരെ നീലത്തിമിംഗിലങ്ങൾ ഉണ്ടാകാമെന്ന് കണക്കുകൂട്ടുന്നുണ്ടെങ്കിലും കണക്കുകളിലെ പല മേഖലകളിലും വേണ്ടത്ര പോരായ്മകൾ ഉണ്ട്.[10]. ഐ.യു.സി.എൻ. ചുവന്ന പട്ടികയിലും നീലത്തിമിംഗിലങ്ങൾ ഇന്നും വംശനാശഭീഷണി ഉള്ളവയായി ചേർത്തിരിക്കുന്നതിൽ ആദ്യം മുതൽ ഇന്നു വരെയും ഒരു മാറ്റവുമുണ്ടായിട്ടില്ല. വടക്കൻ നീലത്തിമിംഗിലങ്ങളുടെ (B. m. musculus) വടക്കു കിഴക്കൻ ശാന്തസമുദ്ര ഭാഗത്തു കണ്ടുവരുന്ന 2000 അംഗങ്ങളുള്ള സംഘത്തെ ഏറ്റവും വലിയ സംഘമായി കണക്കാക്കുന്നു. ഈ സ്ഥലം അലാസ്ക മുതൽ കോസ്റ്റാ റിക്ക വരെയുള്ള കടലാൺ. വേനലിൽ കാലിഫോറ്ണിയൻ ഭാഗത്ത് വരുന്ന ഇവ ചിലപ്പോൾ വടക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലും കാണപ്പെടാറുണ്ട്. വളരെ അപൂർവമായി കാംചത്ക പ്രദേശത്തും ജപ്പാന്റെ വടക്കൻ മുനമ്പിലും പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും വേനൽ‌ക്കാലങ്ങളിൽ കാലിഫോർണിയയിലാവും ഉണ്ടാവുക.

വടക്കൻ അറ്റ്ലാന്റിക്കിൽ രണ്ട് സംഘം ബി. എം. മസ്കുലസ് വിഭാഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 500 എണ്ണത്തോളം ഉള്ള ആദ്യ സംഘം ഗ്രീൻലൻഡ്, ന്യൂഫൗണ്ട്ലാന്ഡ്, നോവാ സ്കോട്ടിയ സെയിന്റ് ലോറന്സ് ഉള്ക്കടൽ തുടങ്ങിയ സ്ഥലങ്ങളിലെ കടലുകളിലായി കാണപ്പെടുന്നു. രണ്ടാമത്തെ സംഘം വസന്തകാലത്ത് അകോര്സിലും (Açores) ജൂലൈ ഓഗസ്റ്റ് കാലത്ത് ഐസ്‌ലാൻഡിലും കണ്ടുവരുന്നു. ഇവ അറ്റ്ലാന്റിക്കിന്റെ മധ്യഭാഗത്തെ രണ്ട് അഗ്നിപർവതജന്യമായ ദ്വീപുകൾക്കിടയിലുള്ള മദ്ധ്യ-അറ്റ്ലാന്റിക് വരമ്പ് ആധാരമാക്കിയാൺ സഞ്ചരിച്ചുവരുന്നതെന്നാൺ കണക്കാക്കുന്നത്. ഐസ്‌ലാൻഡിനപ്പുറത്തേക്ക് വടക്കോട്ട് സ്പിറ്റ്സ്ബെര്ഗെനും ജാൻ മേയനും വരെ ഇവയെ കണ്ടിട്ടുണ്ട്. എന്നാൽ ശൈത്യകാലത്ത് ഇവ എവിടെയായിരിക്കും എന്ന് ശാസ്ത്രജ്ഞര്ക്ക് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. വടക്കൻ അറ്റ്ലാന്റിക് പ്രദേശത്തെ ആകെ എണ്ണം 600 മുതൽ 1500 വരെ കാണുമെന്നു കരുതുന്നു.

ദക്ഷിണ അര്ദ്ധഗോളത്തിൽ ഉള്ളവ രണ്ട് വ്യത്യസ്ത ഉപജാതികളായാൺ കാണപ്പെടുന്നത്. തെക്കൻ നീലത്തിമീംഗലം അഥവാ ബി.എം. ഇന്റെര്മീഡിയയും ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടുവരുന്ന അത്രയൊന്നും പഠനവിഷയമാക്കാത്ത ബി.എം. ബ്രെവിക്കൗഡ എന്ന കുള്ളൻ നീലത്തിമിംഗിലങ്ങളും. അന്റാര്ട്ടിക് പ്രദേശത്ത് അടുത്തിടെയുണ്ടായ വർദ്ധനവ് 1100 [45] മുതൽ 1700[9] എണ്ണമെങ്കിലും ആയിരിക്കണമെന്ന് കരുതുന്നു. കുള്ളൻ നീലത്തിമിംഗിലങ്ങളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതേയുള്ളു. 1996 ൽ നടന്ന ഒരു കണക്കെടുപ്പു പ്രകാരം മഡഗാസ്കറിനു തെക്കുള്ള ഒരു ചെറിയ പ്രദേശത്തു മാത്രം 424 കുള്ളൻ നീലത്തിമിംഗിലങ്ങൾ ഉണ്ടത്രെ.[46] മഡഗാസ്കറിൽ മാത്രം ഇത്രയെണ്ണമുണ്ടെങ്കിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ മൊത്തത്തിൽ ആയിരക്കണക്കിനുണ്ടാകാനിടയുണ്ട്. ഈ അനുമാനം ശരിയാണെങ്കിൽ നീലത്തിമിംഗിലങ്ങളുടെ മൊത്തം ജനസംഖ്യ ഇന്നു കരുതുന്നതിലും വളരെ കൂടുതലാകാനിടയുണ്ട്[11].

നാലാമത്തെ ഉപജാതിയായ ബി.എം. ഇന്ഡികയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കന് പ്രദേശത്തു നിന്നും എഡ്വേഡ് ബ്ലിത്ത് 1859-ല് തന്നെ തിരിച്ചറിഞ്ഞു. എങ്കിലും സവിശേഷതകൾമൂലം ഇവയെ മറ്റൊരു ഉപജാതിയായ ബി.എം. ബ്രാവികുഡ യുടെ (കുള്ളൻ നീലത്തിമിംഗിലം) പര്യായമെന്നോണം ഉപയോഗിക്കാനിടയാക്കി. സോവിയറ്റ് യൂണിയൻ പിടിച്ചവയുടെ രേഖകളിൽ നിന്ന് ചില പെൺതിമിംഗിലങ്ങളുടെ വലിപ്പം "ബി.എം. മസ്കുലസിനേക്കാള്" കുള്ളൻ നീലത്തിമിംഗിലങ്ങളോടാണടുത്ത് നിൽകുന്നത്. എന്നാലും ബി.എം. ഇന്ഡികയും ബി.എം. ബ്രെവികൗഡയുടേയും ജനസംഖ്യ വ്യത്യസ്തമാൺ. പ്രജനനകാലത്തിലും ആറുമാസത്തോളം വ്യത്യാസമുണ്ട്[47]


ഈ ഉപജാതികളുടെ ദേശാടന സ്വഭാവവും വേണ്ടത്ര വെളിവായിട്ടില്ല. ഉദാഹരണത്തിന്‌ കുള്ളൻ നീലത്തിമിംഗിലങ്ങളെ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തില് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് (ഒമാൻ, മാലദ്വീപുകൾ, ശ്രീലങ്ക) ഇവിടങ്ങളിൽ ചിലപ്പോൾ സ്ഥിരതാമസമാക്കിയയിരിക്കുന്ന സംഘവും ഉണ്ടാകാം. കൂടാതെ ചിലി, പെറു തുടങ്ങിയ പ്രദേശങ്ങളിലും നീലത്തിമിംഗിലങ്ങളുടെ സംഘങ്ങൾ ഉള്ളത് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ദേശാടനം ചെയ്യാത്തവയായിരിക്കാം. അന്റാര്ട്ടിക് പ്രദേശത്തെ നീലത്തിമിംഗിലങ്ങൾ തണുപ്പുകാലത്ത് ചിലപ്പോൾ ദക്ഷിണ അറ്റ്ലാന്റിക് വരെയെത്താറുണ്ട്. പെറു, പടിഞ്ഞാറൻ ഓസ്ട്രിയ വടക്കൻ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇവയുടെ പാട്ട് കേൾക്കാറുമുണ്ട്. ചിലിയിലെ ചിലോയ് ദ്വീപിൽ ഗോള്ഫോ ദെല് കോര്കോവദോ(Golfo del Corcovado) എന്നപേരിൽ ചിലിയിലെ നാവികസേനയുടെ കൂടെ ചിലിയിലെ സമുദ്രജൈവജാല സം‌രക്ഷണ കേന്ദ്രം ഊര്ജ്ജിത ഗവേഷണത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതി നടപ്പാക്കിവരുന്നു. ഈ സ്ഥലത്താൺ 2007-ലെ വേനൽക്കാലത്ത് 326 നീലത്തിമിംഗിലങ്ങളെ കാണാനിടയായത്.


നീലത്തിമിംഗിലങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കാൻ ഡ്യൂക് സർ‌വ്വകലാശാലയിലെ സമുദ്രാന്തർ സസ്തനികളെ കുറിച്ചുള്ള പഠനവിഭാഗം ഓബിസ്-സീമാപ് (OBIS-SEAMAP::Ocean Biogeographic Information System - Spatial Ecological Analysis of Megavertebrate Populations) എന്ന പേരിൽ ലോകത്തെ 130 വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച് സമുദ്രാന്തർ സസ്തനികളുടെ ആകെ എണ്ണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്[48].

മറ്റു ഭീഷണികൾ

[തിരുത്തുക]

ഇവയുടെ ഭീമമായ വലിപ്പവും ശക്തിയും വേഗതയും കാരണം ഇവയെ പ്രകൃത്യാ ആഹാരമാക്കുന്ന ഒരു ജീവിപോലുമില്ലെന്ന് തന്നെ പറയാം. എങ്കിലും നാഷണൽ ജിയോഗ്രാഫിക് മാഗസിനിൽ ഒരിക്കൽ കൊലയാളിത്തിമിംഗിലം ഒരു നീലത്തിമിംഗിലത്തെ ആക്രമിക്കുകയും തല്ഫലമായി പിന്നീടാണെങ്കിലും നീലത്തിമിംഗിലം മരിക്കാനിടയായതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജീവിയാൺ നീലത്തിമിംഗിലത്തിൻ ആകെയുള്ള ഒരു സ്വാഭാവിക എതിരാളി. സമുദ്രയാനങ്ങളുമായി കൂട്ടിയിടിച്ചും‍ മത്സ്യബന്ധനോപകരണങ്ങളിൽ കുടുങ്ങിയും നീലത്തിമിംഗിലങ്ങൾക്ക് അപകടം സംഭവിക്കാറുണ്ട്. ഇത് ചിലപ്പോൾ മരണകാരണവുമാകാം.[49]. സമുദ്രത്തിലെ വർദ്ധിച്ചുവരുന്ന ഇതരശബ്ദങ്ങൾ (സോണാർ ശബ്ദങ്ങളടക്കം) തിമിംഗിലങ്ങൾക്ക് തങ്ങളുടെ ശബ്ദങ്ങളിലൂടെ ആശയവിനിമയം നടത്താനുള്ള സാധ്യതകളെ കുറക്കുകയും ചെയ്യുന്നു[49]. തിമിംഗിലങ്ങളുടെ ശരീരത്തിലെ പോളീക്ലോറിനേറ്റെഡ് ബൈഫിനൈലുകളുടെ (Polychlorinated biphenyl-PCB) സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് അവയുടെ തിരിച്ചുവരവിനു വിഘാതമാകാവുന്ന വിഷമയമായ ഈ പദാർത്ഥവും മനുഷ്യജന്യമായതു തന്നെയാൺ.

ആഗോളതാപനം ഹിമാനികൾ വളരെ വേഗം ഉരുകാനും അങ്ങനെ വളരെയധികം ശുദ്ധജലം കടലിലെത്താനും ഇടയുണ്ട്, ഇത് താപത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന സമുദ്രപ്രവാഹങ്ങളുടെ ദിശയും സമുദ്രജല താപനിലയേയും മാറ്റാന് കാരണമാകും. നീലത്തിമിംഗിലങ്ങൾ സമുദ്രത്തിന്റെ താപനിലക്കനുസരിച്ച് ദേശാടനം ചെയ്യുന്കാര്യം കണക്കിലെടുത്താൽ ഇതും അവയുടെ ദേശാടനത്തെ ബാധിച്ചേക്കാം[50] . തിമിംഗിലങ്ങൾ വേനല്ക്കാലങ്ങൾ ധ്രുവപ്രദേശങ്ങളോടടുത്ത് ജീവിക്കുന്നു. ഇവിടെ അവയ്ക്ക് കൂടുതൽ ക്രില്ലുകളെ ഭക്ഷണമാക്കാനാകുന്നു/ ശൈത്യകാലത്ത് ചൂടുള്ള മധ്യരേഖാപ്രദേശത്ത് വസിക്കുന്ന ഇവ അവിടെതന്നെ ഇണചേരുകയും പ്രസവിക്കുകയും ചെയ്യും[51] .

സമുദ്രതാപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ നീലത്തിമിംഗിലങ്ങളുടെ ഭക്ഷണലഭ്യതയേയും ദോഷകരമായി ബാധിക്കും. താപം കൂടുന്നത് സമുദ്രജലത്തിലെ ലവണാംശം കുറയാന് കാരണമാകും. ഇത് ക്രില്ലുകളുടെ ലഭ്യതക്ക് മാറ്റം വരുത്തും[52]

സാന്താക്രൂസിലെ കാലിഫോര്ണിയ യൂണിവേഴ്സിറ്റിയില് ലോങ് മറൈന് ലാബ്രട്ടറിക്കു പുറത്തു വെച്ചിരിക്കുന്ന നീലത്തിമിംഗിലത്തിന്റെ അസ്ഥികൂടം

വിവിധസംസ്കാരങ്ങളിൽ

[തിരുത്തുക]

ലോകത്തിൽ ആദ്യമായി ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നീലത്തിമിംഗിലത്തിന്റെ വലിയ ജീവിച്ചിരുന്ന അതേ അളവിലുള്ള അസ്ഥികൂടത്തിന്റെ മാതൃക സ്ഥാപിക്കുകയുണ്ടായി. പിന്നീട് കാലിഫോര്ണിയ യൂണിവേഴ്സിറ്റി ഇതിന്റെ ഒരു പകർപ്പ് നിർമ്മിച്ചു. അതുപോലെ തന്നെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ മിൽസ്റ്റെൻ കുടുംബവകയായ സമുദ്രജീവി വിഭാഗത്തിൽ ഒരു മുഴു മാതൃക വച്ചിട്ടുണ്ട്.

പസിഫിക് ലോങ് ബീച്ചിലെ ഒരു അക്വേറിയത്തിൽ അമ്മത്തിമിംഗിലത്തിന്റേയും കുട്ടിയുടേയും ചെറുമാതൃക സൂക്ഷിച്ചിട്ടുണ്ട്.

മൈയിൻ ഉൾക്കടലിൽ നൗകായാത്രക്കിടയിൽ ചിലപ്പോൾ തിമിംഗിലത്തെ കാണാൻ സാധിക്കാറുണ്ട്. [53] ഇത് സെയിന്റ് ലോറൻസ് ഉൾക്കടലിലേയും കായലിലേയും പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. ്‌[49]. 1976-ൽ ഇറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമായ ഡോക്റ്റര് ‍ഡൂലിറ്റിലിൽ നീലതിമിംഗിലത്തെ ശക്തിയുടെ പ്രതീകമായി ചിത്രീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സിനിമയായ ഇതിൽ ഒരു നീലത്തിമിംഗിലത്തെ ഒരു ദ്വീപിനെ നീക്കി മറ്റൊരിടത്ത് സ്ഥാപിക്കാനായി ഉപയോഗപ്പെടുത്തുന്നു. കനേഡിയൻ പാട്ടുകാരനായ ഗോർഡൻ ലൈറ്റ് ഫുട്ട് 1972 പുറത്തിറക്കിയ ഡോൺ ക്വിക്സോട്ട് എന്ന ആൽബത്തിൽ നീലത്തിമിംഗിലത്തിനായി ഒരു പാട്ട് നീക്കി വച്ചിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 മീഡ്, ജെ. ജി.; ബ്രൗണെൽ, ആർ. എൽ. Jr. (2005). "Order Cetacea". In വിൽസൺ, ഡി. ഇ.; റീഡർ, ഡി. എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രെസ്സ്. p. 725. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. Cetacean Specialist Group (1996). Balaenoptera musculus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a lengthy justification of why this species is endangered
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
  5. 5.0 5.1 5.2 5.3 5.4 "American Cetacean Society Fact Sheet - Blue Whales". Archived from the original on 2007-07-11. Retrieved ജൂൺ 20, 2007.
  6. "Animal Records". Smithsonian National Zoological Park. Archived from the original on 2016-08-01. Retrieved 2007-05-29.
  7. "What is the biggest animal ever to exist on Earth?". How Stuff Works. Retrieved 2007-05-29.
  8. FI - Species fact sheets. Fisheries and Aquaculture Department, Food and Agriculture Organization.
  9. 9.0 9.1 9.2 9.3 T.A. Branch, K. Matsuoka and T. Miyashita (2004). "Evidence for increases in Antarctic blue whales based on Bayesian modelling". Marine Mammal Science. 20: 726–754.
  10. 10.0 10.1 10.2 10.3 "Assessment and Update Status Report on the Blue Whale Balaenoptera musculus" (PDF). Committee on the Status of Endangered Wildlife in Canada. 2002. Archived from the original (PDF) on 2007-06-14. Retrieved ഏപ്രിൽ 19, 2007.
  11. 11.0 11.1 Alex Kirby, BBC News (2003). "Science seeks clues to pygmy whale". Retrieved ഏപ്രിൽ 21, 2006.
  12. Barnes LG, McLeod SA. (1984). "The fossil record and phyletic relationships of gray whales.". In Jones ML; et al. (eds.). The Gray Whale (in English). Orlando, Florida: Academic Press. pp. 3-32. ISBN 0123891809. {{cite book}}: Explicit use of et al. in: |editor= (help)CS1 maint: unrecognized language (link)
  13. A. Arnason and A. Gullberg (1993). "Comparison between the complete mtDNA sequences of the blue and fin whale, two species that can hybridize in nature". Journal of Molecular Ecology. 37: 312–322.
  14. Ichihara T. (1966). The pygmy blue whale B. m. brevicauda, a new subspecies from the Antarctic in Whales, dolphins and porpoises Page(s) 79-113.
  15. 15.0 15.1 15.2 15.3 15.4 15.5 "Size and Description of the Blue Whale species". Archived from the original on 2007-10-01. Retrieved ജൂൺ 15, 2007.
  16. (in Spanish) Bonaparte J, Coria R (1993). "Un nuevo y gigantesco sauropodo titanosaurio de la Formacion Rio Limay (Albiano-Cenomaniano) de la Provincia del Neuquen, Argentina". Ameghiniana. 30 (3): 271–282.
  17. Carpenter, K. (2006). "Biggest of the big: a critical re-evaluation of the mega-sauropod Amphicoelias fragillimus." In Foster, J.R. and Lucas, S.G., eds., 2006, Paleontology and Geology of the Upper Jurassic Morrison Formation. New Mexico Museum of Natural History and Science Bulletin 36: 131-138.[1] Archived 2007-12-02 at the Wayback Machine.
  18. 18.0 18.1 18.2 Sears R, Calambokidis J (2002). "Update COSEWIC status report on the Blue Whale Balaenoptera musculus in Canada". Committee on the Status of Endangered Wildlife in Canada, Ottawa.: 32. {{cite journal}}: Cite journal requires |journal= (help)
  19. 19.0 19.1 The Scientific Monthly. American Association for the Advancement of Science. 1915. pp. 21. {{cite book}}: line feed character in |publisher= at position 25 (help)
  20. Jason de Koning and Geoff Wild (1997). "Contaminant analysis of organochlorines in blubber biopsies from Blue Whales in the St Lawrence". Trent University. Archived from the original on 2007-07-04. Retrieved ജൂൺ 29, 2007.
  21. Blue Planet: Frozen seas (BBC documentary)
  22. Caspar, Dave (2001 April). "Ms. Blue's Measurements" (PDF). Seymour Center, University of California, Santa Cruz. Archived from the original (PDF) on 2004-08-27. Retrieved 2006-09-01. {{cite web}}: Check date values in: |date= (help)
  23. 23.0 23.1 "Detailed Information about Blue Whales". Alaska Fisheries Science Center. 2004. Retrieved ജൂൺ 14, 2007.
  24. Hjort J, Ruud JT (1929). "Whaling and fishing in the North Atlantic". Rapp. Proc. Verb. Conseil int. Explor. Mer. 56.
  25. Christensen I, Haug T, Øien N (1992). "A review of feeding and reproduction in large baleen whales (Mysticeti) and sperm whales Physeter macrocephalus in Norwegian and adjacent waters". Fauna Norvegica Series A. 13: 39–48.{{cite journal}}: CS1 maint: multiple names: authors list (link)
  26. Sears R, Wenzel FW, Williamson JM (1987). "The Blue Whale: A Catalogue of Individuals from the Western North Atlantic (Gulf of St. Lawrence)". Mingan Island Cetacean Study, St. Lambert, Quebec.: 27.{{cite journal}}: CS1 maint: multiple names: authors list (link)
  27. Sears, R (1990). "The Cortez blues". Whalewatcher. 24 (2): 12–15.
  28. Kawamura, A (1980). "A review of food of balaenopterid whales". Sci. Rep. Whales Res. Inst. 32: 155–197.
  29. Yochem PK, Leatherwood S (1980). "Blue whale Balaenoptera musculus (Linnaeus, 1758)". In Ridgway SH, Harrison R (ed.). Handbook of Marine Mammals, Vol. 3:The Sirenians and Baleen Whales. London: Academic Press. pp. 193–240.
  30. Nemoto T (1957). "Foods of baleen whales in the northern Pacific". Sci. Rep. Whales Res. Inst. 12: 33–89.
  31. Nemoto T, Kawamura A (1977). "Characteristics of food habits and distribution of baleen whales with special reference to the abundance of North Pacific sei and Bryde's whales". Rep. int. Whal. Commn. 1 (Special Issue): 80–87.
  32. 32.0 32.1 32.2 "Blue Whale - ArticleWorld". Archived from the original on 2017-11-29. Retrieved ജൂലൈ 2, 2007.
  33. "www.npca.org". Archived from the original on 2006-06-02. Retrieved ജൂൺ 21, 2007.
  34. J. Calambokidis, G. H. Steiger, J. C. Cubbage, K. C. Balcomb, C. Ewald, S. Kruse, R. Wells and R. Sears (1990). "Sightings and movements of blue whales off central California from 1986–88 from photo-identification of individuals". Rep. Whal. Comm. 12: 343–348.{{cite journal}}: CS1 maint: multiple names: authors list (link)
  35. William Perrin and Joseph Geraci. "Stranding" pp 1192–1197 in Encyclopedia of Marine Mammals (Perrin, Wursig and Thewissen eds)
  36. "The Whale bone Arch". Places to Visit around the Isle of Lewis. Archived from the original on 2009-02-22. Retrieved മേയ് 18, 2005.
  37. >"The Whalebone Arch - Lakefield House, Bragar". Retrieved ഏപ്രിൽ 24, 2009.
  38. W.C. Cummings and P.O. Thompson (1971). "Underwater sounds from the blue whale Balaenoptera musculus". Journal of the Acoustics Society of America. 50(4): 1193–1198.
  39. W.J. Richardson, C.R. Greene, C.I. Malme and D.H. Thomson (1995). Marine mammals and noise. Academic Press, Inc., San Diego, CA. ISBN 0-12-588441-9.{{cite book}}: CS1 maint: multiple names: authors list (link)
  40. National Marine Fisheries Service (2002). "Endangered Species Act - Section 7 Consultation Biological Opinion" (PDF).
  41. Scammon CM (1874). The marine mammals of the northwestern coast of North America. Together with an account of the American whale-fishery. San Francisco: John H. Carmany and Co. p. 319.
  42. Gambell, R (1979). "The blue whale". Biologist. 26: 209–215.
  43. Best, PB (1993). "Increase rates in severely depleted stocks of baleen whales". ICES J. mar. Sci. 50: 169–186. {{cite journal}}: Cite has empty unknown parameter: |month= (help)
  44. Yablokov, AV (1994). "Validity of whaling data". Nature. 367: 108.
  45. T.A. Branch, D.S. Butterworth (2001). "Estimates of abundance south of 60°S for cetacean species sighted frequently on the 1978/79 to 1997/98 IWC/IDCR-SOWER sighting surveys". Journal of Cetacean Research and Management. 3: 251–270. {{cite journal}}: line feed character in |title= at position 58 (help)
  46. P.B. Best; et al. (2003). "The abundance of blue whales on the Madagascar Plateau, December 1996". Journal of Cetacean Research and Management. 5: 253–260. {{cite journal}}: Explicit use of et al. in: |author= (help)
  47. T. A. Branch, K. M. Stafford; et al. (2007). "Past and present distribution, densities and movements of blue whales in the Southern Hemisphere and adjacent waters" (PDF). International Whaling Commission. Archived from the original (PDF) on 2007-06-26. Retrieved ജൂലൈ 9, 2007. {{cite web}}: Explicit use of et al. in: |author= (help)
  48. The data for the Blue Whale, along with a species profile, may be found here Archived 2005-02-22 at the Wayback Machine.
  49. 49.0 49.1 49.2 Reeves RR, Clapham PJ, Brownell RL, Silber GK (1998), Recovery plan for the blue whale (Balaenoptera musculus) (PDF), Silver Spring, MD: National Marine Fisheries Service, p. 42, retrieved 2007-06-20{{citation}}: CS1 maint: multiple names: authors list (link)
  50. Robert A. Robinson, Jennifer A. Learmonth, Anthony M. Hutson, Colin D. Macleod, Tim H. Sparks, David I. Leech, Graham J. Pierce, Mark M. Rehfisch and ######## Q.P. Crick (August 2005). "Climate Change and Migratory Species" (PDF). BTO. Archived from the original (PDF) on 2007-05-08. Retrieved ജൂലൈ 9, 2007.{{cite web}}: CS1 maint: multiple names: authors list (link)
  51. Hucke-Gaete, Rodrigo, Layla P. Osman, Carlos A. Moreno, Ken P. Findlay, and Don K. Ljungblad (2003). "Discovery of a Blue Whale Feeding and Nursing Ground in Southern Chile". The Royal Society: s170–s173.{{cite journal}}: CS1 maint: multiple names: authors list (link)
  52. Moline, Mark A., Herve Claustre, Thomas K. Frazer, Oscar Schofield, and Maria Vernet (2004). "Alteration of the Food Web Along the Antarctic Peninsula in Response to a Regional Warming Trend". Global Change Biology. 10: 1973–1980.{{cite journal}}: CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  53. Wenzel FW, Mattila DK, Clapham PJ (1988). "Balaenoptera musculus in the Gulf of Maine". Mar. Mammal Sci. 4: 172–175.{{cite journal}}: CS1 maint: multiple names: authors list (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നീലത്തിമിംഗിലം&oldid=4113356" എന്ന താളിൽനിന്ന് ശേഖരിച്ചത്