ഭീകരവാദം
ഭീകരത |
---|
|
ഒരു രാഷ്ട്രീയ ഉന്നം നേടാൻ വേണ്ടി നിരപരാധികളായ സിവിലിയൻ ജനതകൾക്ക് നേരെ മാരകമായ ആക്രമണം നടത്തുകയും, പൊതുവെ ഭീതി പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും, ആ ഭീകര അന്തരീക്ഷത്തെ ഒരു സമ്മർദ്ദ തന്ത്രമായി ഭരണകൂടങ്ങൾക്കെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് ഭീകരവാദം അഥവാ ടെററിസം എന്നു പറയുന്നത്.[1] നിലവിൽ അന്താരാഷ്ട്രതലത്തിൽ ഭീകരവാദത്തിന് സർവ്വസമ്മതമായ ഒരു നിർവചനമില്ല.[2][3] സമരസഹന സമരമാർഗ്ഗങ്ങളിൽനിന്നു വിഭിന്നമായി തീവ്രമായ സമരരീതി സ്വീകരിക്കുന്നതിനാൽ തീവ്രവാദമെന്നും ഭീകരവാദമെന്നും ഇടവിട്ട് ഉപയോഗിക്കാറുമുണ്ട്. ഭീതി പരത്തുന്ന പ്രവൃത്തികൾ, ഒറ്റപ്പെട്ട ഒരു ആക്രമണത്തിൽനിന്നു വിഭിന്നമായി ഒരു തത്ത്വസംഹിത പ്രചരിപ്പിക്കാനുള്ള ശ്രമം, പോരാളികളല്ലാത്തവരുടെ ജീവനെ ലക്ഷ്യം വയ്ക്കുകയോ അവരുടെ ജീവനു വിലകല്പ്പിക്കാതിരിക്കുകയോ ചെയ്യുക മുതലായ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഭീകരവാദത്തിന്റെ പൊതുവേയുള്ള നിർവചനം രൂപവത്കരിച്ചിരിക്കുന്നത്. അന്യായമായ അതിക്രമവും യുദ്ധവുംകൂടി മറ്റു ചില നിർവചനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
"ഭീകരവാദം" എന്ന വാക്ക് രാഷ്ട്രീയവും വികാരവിക്ഷോഭങ്ങളുമായും ബന്ധപ്പെട്ട് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമായതിനാൽ[4] സൗമ്യമായ ഒരു നിർവചനം കണ്ടെത്തുക ഏറെ ദുഷ്കരമാണ്. 1988ലെ അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ഭീകരവാദത്തിനുള്ള ഇംഗ്ലീഷ് പദമായ "terrorism" എന്ന വാക്കിന് 100ലേറെ നിർവചനങ്ങൾ കണ്ടെത്തുകയുണ്ടായി.[5] ഭീകരവാദം എന്ന ആശയംതന്നെ ഏറെ വിവാദപരമാണ്, കാരണം ഭരണാധികാരികൾ ബഹുജനപ്രക്ഷോഭങ്ങളെയും വിദേശശക്തികളെയും ദേശവിരുദ്ധമായി മുദ്രകുത്താനും സ്വന്തം കുത്തകഭരണത്തിന്റെ ഭീകരതയെ ന്യായീകരിക്കാനും ഈ പദം ഏറെ ദുരുപയോഗിക്കാറുണ്ട് എന്നതുതന്നെ. ആ നിലയ്ക്ക് നോക്കിയാൽ ഇടത്തു-വലത്തുപക്ഷ രാഷ്ട്രീയ കക്ഷികൾ, ദേശീയവാദി ഗ്രൂപ്പുകൾ, മതവിഭാഗങ്ങൾ, വിപ്ലവകാരികൾ, ഭരണകർത്താക്കൾ എന്നിവരൊക്കെ തങ്ങളുടെ ആശയത്തിന്റെ പ്രചരണത്തിനായി ഭീകരവാദം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഉപയോഗപ്പെടുത്തിയതായി കാണാം [6]
ഭീകരവാദ സംഘടനകളുടെ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയല്ല പലപ്പോഴും ഭീകരതയുടെ മാർഗ്ഗത്തിലേയ്ക്ക് അവർ തിരിഞ്ഞതെന്ന് വ്യക്തമാവും. [7] മിക്കപ്പോഴും വികലമോ അവ്യക്തമോ ആയ രാഷ്ട്രീയ തന്ത്രപര ലക്ഷ്യങ്ങൾ സാധിച്ചെടുക്കുക എന്നതിലുപരി സംഘടനയിലെ മറ്റു അംഗങ്ങളുമായുള്ള ദൃഢമായ സാമൂഹികബന്ധമാണ് ഓരോ ഭീകരവാദിയെയും സംഘടനയിൽ നിലനിർത്തി മുന്നോട്ട് നയിക്കുന്നത്.[7]
ഭീകരവാദപ്രവർത്തനത്തിന്റെ ലക്ഷ്യം
[തിരുത്തുക]ഭരണകൂടവുമായി യോജിച്ചുപ്രവർത്തിക്കുന്നവരെ ആക്രമിക്കുന്നതിലൂടെ ഭരണകൂടത്തിന് ജനതയ്ക്കുമേലുള്ള നിയന്ത്രണത്തിന് തുരങ്കം വയ്ക്കുക ഭീകരവാദപ്രവർത്തനത്തിന്റെ ഒരു ലക്ഷ്യമാണ്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലും അയർലാന്റിലും, കെനിയയിലും, അൾജീരിയയിലും സൈപ്രസിലും മറ്റു സ്വാതന്ത്ര്യസമരങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു.
ഭരണകൂടത്തിലെ തന്ത്രപ്രധാന വ്യക്തികളെയോ മറ്റു പ്രതീകാത്മകമായ ലക്ഷ്യങ്ങളെയോ ആക്രമിക്കുന്നതിലൂടെ ജനതയ്ക്കെതിരായ ഭരണകൂടഭീകരത വിളിച്ചുവരുത്തുകയും അതിലൂടെ സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുകയും ഭീകരവാദികളുടെ ഒരു ലക്ഷ്യമാണ്. അൽ ക്വൈദ അമേരിക്കയ്ക്കെതിരേ 2001 സെപ്റ്റംബറിൽ നടത്തിയ ആക്രമണത്തിലൂടെ ഈ ലക്ഷ്യമാണ് മുന്നിൽ കണ്ടത്. ഇത്തരം ആക്രമണം തങ്ങളുടെ ലക്ഷ്യത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുന്നതിനായും ഭീകരവാദികൾ ഉപയോഗിക്കുന്നുണ്ട്. 1970-കളിലെ പാലസ്തീനിയൻ വിമാനറാഞ്ചലുകൾ, നെതർലാന്റ്സിലെ ദക്ഷിണ മൊളൂക്കൻ ബന്ദി പ്രശ്നം (1975) എന്നിവയും ഇതിന് ഉദാഹരണമാണ്.
തീവ്രവാദ സംഘടനകൾ ഭീകരവാദപ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായ മെച്ചം കൊണ്ടല്ല എന്നാണ് എബ്രഹാം അവകാശപ്പെടുന്നത്. [7] തീവ്രവാദികളെ മുന്നോട്ടുനയിക്കുന്ന പ്രധാന കാരണം തങ്ങളുടെ കൂട്ടാളികളോടുള്ള സാമൂഹ്യമായ ഒത്തൊരുമയാണത്രേ. തന്ത്രപരമായ ലക്ഷ്യങ്ങൾ മിക്കപ്പോഴും അവ്യക്തവും നിർവചിക്കപ്പെട്ടിട്ടില്ലാത്തതുമായിരിക്കും. [7]
ഭീകരവാദവിരുദ്ധ ദിനം
[തിരുത്തുക]ഇന്ത്യയിൽ മെയ് 21 ഭീകരവാദവിരുദ്ധ ദിനമായി ആചരിക്കുന്നു. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തീവ്രവാദികളാൽ വധിക്കപ്പെട്ട ദിനമാണ് 1991 മെയ് 21. [8]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Terrorism". Merriam-Webster's Dictionary. 1795. ഇതിനെ അവലംബമാക്കിയ മലയാളം വിവർത്തനം
- ↑ Angus Martyn, The Right of Self-Defence under International Law-the Response to the Terrorist Attacks of 11 September Archived 2009-04-29 at the Wayback Machine., Australian Law and Bills Digest Group, Parliament of Australia Web Site, 12 February 2002
- ↑ Thalif Deen. POLITICS: U.N. Member States Struggle to Define Terrorism Archived 2011-06-11 at the Wayback Machine., Inter Press Service, 25 July 2005
- ↑ Hoffman, Bruce "Inside Terrorism" Columbia University Press 1998 ISBN 0-231-11468-0. Page 32. See review in The New York TimesInside Terrorism
- ↑ Dr. Jeffrey Record, Bounding the Global War on Terrorism Archived 2004-01-18 at the Wayback Machine.(PDF)
- ↑ "Terrorism". Encyclopædia Britannica. p. 3. Retrieved 2006-08-11.
- ↑ 7.0 7.1 7.2 7.3 Abrahms, Max (March 2008). "What Terrorists Really Want: Terrorist Motives and Counterterrorism Strategy" (PDF). International Security. 32 (4). Cambridge, MA: MIT Press: 86–89. ISSN 0162-2889. Archived from the original (PDF 1933 KB) on 2008-11-09. Retrieved 2008-11-04.
- ↑ "UGC directs Universities: observe 21 May as Anti-Terrorism Day". Archived from the original on 2020-07-26.