Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

നെജ്മത്തിൻ എർബകാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Necmettin Erbakan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെജ്മത്തിൻ എർബകാൻ
നെജ്മത്തിൻ എർബകാൻ - 2006-ലെ ചിത്രം
തുർക്കിയുടെ പ്രധാനമന്ത്രി
ഓഫീസിൽ
1996 ജൂൺ 28 – 1997 ജൂൺ 30
മുൻഗാമിമെസൂത് യിൽമാസ്
പിൻഗാമിമെസൂത് യിൽമാസ്
വ്യക്തിഗത വിവരങ്ങൾ
ജനനം1926 ഒക്ടോബർ 29
സിനോപ്, തുർക്കി
മരണം2011 ഫെബ്രുവരി 27
അങ്കാറ, തുർക്കി
രാഷ്ട്രീയ കക്ഷിജസ്റ്റിസ് പാർട്ടി
നാഷണൽ ഓർഡർ പാർട്ടി
നാഷണൽ സാൽവേഷൻ പാർട്ടി
വെൽഫെയർ പാർട്ടി
വെർച്യൂ പാർട്ടി
ഫെലിസിറ്റി പാർട്ടി
പങ്കാളിനെർമിൻ എർബകാൻ (1967-2005)
അൽമ മേറ്റർഇസ്താംബൂൾ സാങ്കേതികസർവകലാശാല

തുർക്കിയിലെ ആദ്യത്തെ ഇസ്ലാമികവാദി പ്രധാനമന്ത്രിയായിരുന്നു നെജ്മത്തിൻ എർബകാൻ (1926 ഒക്ടോബർ 29-2011 ഫെബ്രുവരി 27[1]). 1996 ജൂൺ മുതൽ 1997 ജൂൺ വരെയുള്ള ഒരുവർഷം ഇദ്ദേഹം തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്നു.

1960-കളിൽ രാഷ്ട്രീയത്തിലിറങ്ങിയ എർബകാൻ, പലതവണ പാർലമെന്റംഗവും മൂന്നു തവണ ഉപപ്രധാനമന്ത്രിയാകുകയും ചെയ്തിരുന്നു. സുലൈമാൻ ദെമിറേലിന്റെ ജസ്റ്റിസ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ എർബകാൻ, 1970-നും 2001-നുമിടയിലുള്ള കാലത്ത് അഞ്ച് രാഷ്ട്രീയകക്ഷികൾ സ്ഥാപിച്ചു. തീവ്ര ഇസ്ലാമികവാദികളായിരുന്ന ഈ കക്ഷികളെയെല്ലാം പലകാലങ്ങളിലായി ഭരണഘടനാകോടതി നിരോധിക്കുകയായിരുന്നു. ഇക്കാരണമാരോപിച്ച് പല തവണ, തുർക്കിയിലെ ഭരണഘടനാക്കോടതി, രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും എർബകാനെ വിലക്കിയിട്ടുമുണ്ട്.[2][3][4]

തുർക്കിയിൽ ഇന്ന് ഭരണത്തിലിരിക്കുന്ന പ്രസിഡണ്ട് അബ്ദുള്ള ഗുൽ, പ്രധാനമന്ത്രി റെജെപ് തയിപ് എർദ്വാൻ എന്നിവർ, എർബകാൻ സ്ഥാപിച്ച വെൽഫെയർ പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചവരാണ്. രാജ്യത്തെ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി, 2001-ൽ എർബകാന്റെ വെർച്യൂ പാർട്ടി പിളർന്ന് രൂപം കൊണ്ടതാണ്.

ജീവിതരേഖ

[തിരുത്തുക]

കരിങ്കടൽ തീരത്തെ തുറമുഖനഗരമായ സിനോപ്പിൽ ഒരു ധനികകുടുംബത്തിൽ ജനിച്ച എർബകാൻ, ഇസ്താംബൂൾ സാങ്കേതികസർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടുകയും പശ്ചിമജർമ്മനിയിലെ RWTH Aachen സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. തിരിച്ചെത്തിയ അദ്ദേഹം ഇസ്താംബൂൾ സാങ്കേതികസർവകലാശാലയിൽ അദ്ധ്യാപകനായി. 1965-ൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു.[2] തുർക്കിയെ ഇസ്‌ലാമിക വത്കരിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സൂഫി സരണിയായ നക്ഷ ബന്ദി താരിഖയുടെ കീഴിലുള്ള ഇസ്കെന്ദർ പാഷ കമ്യൂണിറ്റി ആജീവാനാനന്ത മെംബറായിരുന്നു എർബകാൻ [5]

രാഷ്ട്രീയജീവിതം

[തിരുത്തുക]

1960-ലെ തുർക്കിയിലെ പട്ടാളഅട്ടിമറിക്ക് ശേഷം ശക്തിപ്പെട്ട സുലെയ്മാൻ ദെമിറേലിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് പാർട്ടിയിലായിരുന്നു എർബകാൻ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. 1960-കളുടെ അവസാനം, ജസ്റ്റിസ് പാർട്ടിയുടെ സാമ്പത്തിക ഉദാരവൽക്കരണനടപടികളേയും അമേരിക്കൻ വിധേയത്വത്തേയും എർബകാൻ എതിർത്തു. ഒരു ജസ്റ്റിസ് പാർട്ടി പാർലമെന്റംഗം ആയിരുന്ന അവസരത്തിലും നെജ്മതിൻ എർബകാൻ, പ്രധാനമന്ത്രിയായിരുന്ന ദെമിറേലിനെ അമേരിക്കൻ പക്ഷപാതി എന്നാരോപിച്ച് തുടർച്ചയായി ആക്രമിച്ചിരുന്നു. ഇത് 1969-ൽ അദ്ദേഹത്തെ ജസ്റ്റിസ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമായി. 1969-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം, തുർക്കിയിലെ കോന്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ഒരു മൗലിക ഇസ്ലാമികവാദിയായിരുന്ന എർബകാൻ, തന്റെ ആശയങ്ങളോട് യോജിപ്പുള്ള കുറച്ചുപേരെ സംഘടിപ്പിച്ച് 1970-ൽ നാഷണൽ ഓർഡർ പാർട്ടി (എൻ.ഒ.പി.) രൂപീകരിച്ചു. 1970-ലെ ആദ്യത്തെ എൻ.ഒ.പി. കോൺഗ്രസ്, അല്ലാഹു അക്ബർ (ദൈവം വലിയവൻ) എന്ന ദൈവ പ്രകീർത്തനത്തോടെയാണ് ആരംഭിച്ചത്. ഏതാണ്ട് അര നൂറ്റാണ്ടായുള്ള രാഷ്ട്രീയയോഗങ്ങളിൽ ആദ്യമായിരുന്നു ഇത്തരം ഒരു നടപടി. 1971-ലെ സൈനിക അട്ടിമറിയെത്തുടർന്ന് നിലവിൽ വന്ന സർക്കാർ, മതത്തെ രാഷ്ട്രീയകാര്യങ്ങൾക്ക് ഉപയോഗിച്ചു എന്ന കുറ്റത്തിന്, എർബകാനെ വിചാരണ ചെയ്യുകയും ഭരണഘടനാകോടതി എൻ.ഒ.പിയെ നിരോധിക്കുകയും ചെയ്തു. പകരമായി 1972 ഒക്ടോബറിൽ നാഷണൽ സാൽവേഷൻ പാർട്ടി (എൻ.എസ്.പി.) എന്ന കക്ഷി എർബകാൻ രൂപീകരിച്ചു.

ഇക്കാലത്ത് തുർക്കിയുടെ യൂറോപ്യൻ സാമ്പത്തികകൗൺസിലിലെ അംഗത്വത്തെ ചോദ്യം ചെയ്ത എർബകാൻ, ജപ്പാനെപ്പോലുള്ള നിരാശ്രിത സമ്പദ്വ്യവസ്ഥക്ക് വേണ്ടി വാദിച്ചു. പാശ്ചാത്യകലകളുടേയും ജീവിതരീതികളുടേയും അതിപ്രസരത്തെ വിമർശിച്ച അദ്ദേഹം ഖുർആനിക സാന്മാർഗികതക്കും ആത്മീയമൂല്യങ്ങൾക്കും ഊന്നൽ നൽകി.[2]

ഉപപ്രധാനമന്ത്രിപദത്തിലേക്ക്

[തിരുത്തുക]

1973 ഒക്ടോബറിലെ പൊതുതിരഞ്ഞെടുപ്പിൽ 12 ശതമാനം ജനപിന്തുണയും 49 പാർലമെന്റ് സ്ഥാനങ്ങളും നേടി, എൻ.എസ്.പി. മൂന്നാമത് വലിയ കക്ഷിയായി. മദ്ധ്യവലതുപക്ഷത്തെ ജസ്റ്റിസ് പാർട്ടിക്കും മദ്ധ്യഇടതുപക്ഷത്തെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്കുമൊപ്പം നിർണായകശക്തിയായി എൻ.എസ്.പി. മാറി. 1974-ന്റെ തുടക്കത്തിൽ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയിലെ ബുലന്റ് എജവിതിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട കൂട്ടുകക്ഷിസർക്കാറീൽ എർബകാൻ ഉപപ്രധാനമന്ത്രിയായി. ഏതാണ്ടൊരുവർഷത്തിനുള്ളിൽ എജവിത്തിന്റെ സ്ഥാനത്ത് ജസ്റ്റിസ് പാർട്ടിയിലെ ദെമിറേൽ പ്രധാനമന്ത്രിയായപ്പോഴും എർബകാൻ തന്റെ സ്ഥാനം നിലനിർത്തി. ഇക്കാലത്ത്, ഭരണഘടനക്ക് വിരുദ്ധമായി എർബകാൻ രാജ്യത്ത് ഇസ്ലാമിക അശയങ്ങൾ പ്രചരിപ്പിച്ചു. തുർക്കിയും മറ്റു ഇസ്ലാമികരാജ്യങ്ങളും ഉൾപ്പെട്ട ഒരു ഇസ്ലാമിക പൊതുമാർക്കറ്റിന്റെ രൂപീകരണത്തിന് അദ്ദേഹം ആഹ്വാനം നൽകി.

1977-ലെ തിരഞ്ഞെടുപ്പിൽ എർബകാന്റെ കക്ഷിയായ എൻ.എസ്.പിയുടെ ജനപിന്തുണ 8.6 ശതമാനം ആയിക്കുറഞ്ഞെങ്കിലും രാജ്യത്തെ രാഷ്ട്രീയ-വിദ്യാഭ്യാസരംഗങ്ങളിലെ ഇസ്ലാമികവൽക്കരണത്തിന് യാതൊരു കുറവും വന്നില്ല. 1970-കളുടെ അവസാനം, രാജ്യത്തെ അധോവർഗ്ഗത്തിന്റേയും മദ്ധ്യവർഗ്ഗത്തിന്റേയും ദേശീയശബ്ദമായി എൻ.എസ്.പി. മാറി. എൻ.എസ്.പിയുടെ ഈ വിജയം മറ്റു കക്ഷികളേയും ഇസ്ലാമികവോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയം പ്രാവർത്തികമാക്കാൻ നിർബന്ധിതരാക്കി.[2]

എൻ.എസ്.പിയുടെ നിരോധനം

[തിരുത്തുക]

1970-കളുടെ അവസാനം തുർക്കിയിൽ നടന്ന രാഷ്ട്രീയസംഘടനങ്ങളിൽ, ഇടതുപക്ഷപ്രവർത്തകർക്കും ഷിയാവിഭാഗങ്ങൾക്കും എതിരെയുള്ള അക്രമങ്ങളിൽ എൻ.എസ്.പിയുടെ യുവജനവിഭാഗമായ അകിൻജിലാറിന് പങ്കാളിത്തമുണ്ടായിരുന്നു.[2]

1980 സെപ്റ്റംബർ 6-ന് എൻ.എസ്.പിയുടെ ആഭിമുഖ്യത്തിൽ വേൾഡ് അസംബ്ലി ഓഫ് ഇസ്ലാമിക് യൂത്ത് ഫോർ ലിബറേഷൻ ഓഫ് പാലസ്തീൻ എന്ന പേരിൽ ഒരു ജാഥ കോന്യയിൽ നടന്നു. ഇരുപത് അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ ജാഥ, വൻ ജനപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. മറ്റു പല പ്രഖ്യാപനങ്ങൾക്കുമൊപ്പം, തുർക്കിയിൽ ഒരു ഇസ്ലാമികഭരണകൂടം സ്ഥാപിക്കുന്നതിനും ഈ റാലിയിൽ പ്രഖ്യാപനമുണ്ടായി. ഈ സംഭവം വെറും ആറു ദിവസങ്ങൾക്കുള്ളിൽ ഒരു സൈനിക അട്ടിമറിക്ക് കാരണമാകുകയും ദെമിറേൽ സർക്കാർ പുറത്താവുകയും ചെയ്തു. സൈന്യം എർബക്കാനേയും മറ്റു എൻ.എസ്.പി. നേതാക്കളേയും തടവിലാക്കുകയും രാജ്യത്തിന്റെ അടിസ്ഥാന മതേതരമൂല്യങ്ങളെ ലംഘിക്കാൻ ശ്രമിച്ചെന്നതിന്റെ പേരിൽ വിചാരണ ചെയ്യുകയും ചെയ്തു. മറ്റു രാഷ്ട്രീയകക്ഷികൾക്കൊപ്പം എൻ.എസ്.പിയെ നിരോധിച്ചു.[2]

വെൽഫെയർ പാർട്ടി

[തിരുത്തുക]
വെൽഫെയർ കക്ഷിയുടെ ചിഹ്നം പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഘടികാരം

സ്ഥിതിഗതികളിൽ മാറ്റം വന്നതിനെത്തുടർന്ന് 1983-ൽ എർബകാൻ വെൽഫെയർ പാർട്ടി എന്ന പുതിയ കക്ഷി രൂപീകരിച്ചു. എങ്കിലും പഴയ എൻ.എസ്.പിയിലെ പ്രവർത്തകരിൽ ഭൂരിപക്ഷവും, ആദ്യകാലങ്ങളിൽ തുർഗുത് ഓസലിന്റെ മദർലാൻഡ് കക്ഷിയോടൊപ്പമാണ് അണിനിരന്നത്. ഇത്തരത്തിൽ നിരോധിക്കപ്പെട്ട കക്ഷികളിലെ അണികളുടെ പിന്തുണ, അന്ന് തുർഗുത് ഓസലിന്റെ രാഷ്ട്രീയ ഉയർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചിരുന്നു.

1991-ലെ പൊതുതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം, 17 ശതമാനം വോട്ടും 62 സീറ്റുകളും കരസ്ഥമാക്കി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. 1994 മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടി മികച്ചപ്രകടനം (19 ശതമാനം) കാഴ്ച വച്ചു. തുർക്കിയിലെ പ്രധാനപ്പെട്ട നഗരങ്ങളായ ഇസ്താംബൂൾ, അങ്കാറ എന്നിവക്കു പുറമേ 24 നഗരങ്ങൾ വെൽഫെയർ പാർട്ടിയുടെ നിയന്ത്രണത്തിലായി. തുർക്കിയുടെ ഇന്നത്തെ പ്രധാനമന്ത്രി, റെജെപ് തയിപ് എർദ്വാൻ, ഈ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വിജയിച്ച് ഇസ്താംബൂളിൽ മേയറായിരുന്നു.[2]

പ്രധാനമന്ത്രിസ്ഥാനത്തേക്ക്

[തിരുത്തുക]

1995 അവസാനം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 21.4 ശതമാനം വോട്ടും, 158 സീറ്റുകളും നേടി, എർബകാന്റെ വെൽഫെയർ പാർട്ടി, തുർക്കി പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി മാറി. എങ്കിലും ബുലന്ത് എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടിയുടെ പുറത്തു നിന്നുള്ള പിന്തുണയിൽ മെസൂത് യിൽമാസ് നേതൃത്വം നൽകിയ മദർലാൻഡ് കക്ഷിയും, ദെമിറേലിന്റെ പിൻഗാമിയായിരുന്ന താൻസു ചില്ലറുടെ ട്രൂ പാത്ത് കക്ഷിയും ചേർന്നുള്ള കൂട്ടുകെട്ടാണ് ആദ്യം സർക്കാരുണ്ടാക്കിയത്. യിൽമാസ് പ്രധാനമന്ത്രിയും ചില്ലർ ഉപപ്രധാനമന്ത്രിയുമായി രൂപീകരിക്കപ്പെട്ട ഈ സർക്കാർ, 80 അംഗങ്ങളുടെ അസാന്നിധ്യത്തിൽ 206-നെതിരെ 257 പേരുടെ പിന്തുണ നേടി 1996 മാർച്ച് 12-ന് സർക്കാർ വിശ്വാസവോട്ട് നേടി. എന്നാൽ 543 അംഗങ്ങളുള്ള പാർലമെന്റിൽ കുറഞ്ഞത് 272 പേരുടെ പിന്തുണയെങ്കിലും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി, വെൽഫെയർ പാർട്ടി ഈ വിശ്വാസവോട്ടെടുപ്പിനെതിരെ പരാതി നൽകുകയും മേയ് 14-ന് ഈ വോട്ടെടുപ്പ് അസാധുവായി ഭരണഘടനാകോടതി വിധിക്കുകയും യിൽമാസ് സർക്കാർ പുറത്താകുകയും ചെയ്തു.

ഇതോടെ താൻസു ചില്ലറുടെ ട്രൂ പാത്ത് പാർട്ടി, സർക്കാർ രൂപീകരിക്കുന്നതിന് എർബകാന് പിന്തുണനൽകി. സർക്കാരിന്റെ കാലാവധിയിൽ ആദ്യത്തെ 2 വർഷം എർബകാനും തുടർന്നുള്ള രണ്ടുവർഷം ചില്ലറും പ്രധാനമന്ത്രിയായിരിക്കാൻ ധാരണയായി. 1996 ജൂൺ 28-ന് നെജ്മത്തിൻ എർബകാൻ തുർക്കിയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. തുർക്കി റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ഒരു ഇസ്ലാമികവാദി പ്രധാനമന്ത്രിയാകുന്നത് ആദ്യമായായിരുന്നു. പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ എർബകാന് 69 വയസായിരുന്നു. എർബകാൻ-ചില്ലർ കൂട്ടുകെട്ട്, 265-നെതിരെ 278 വോട്ട് നേടി പാർലമെന്റിൽ വിശ്വാസവോട്ട് നേടി.

എന്നാൽ ഒരു പരമാധികാരി എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരിക്കലും എർബകാന് സ്വാതന്ത്ര്യം ലഭിച്ചില്ല. മതേതരവാദികളായ തുർക്കിഷ് മാദ്ധ്യമങ്ങളും അഞ്ചു ജനറൽമാരടങ്ങിയ സൈനികനേതൃത്വവും നിരന്തരം അദ്ദേഹത്തെ വേട്ടയാടി. പ്രതിപക്ഷത്തെന്നപോലെയായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ എഴുപതുലക്ഷം സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും 50 ശതമാനം വേതനവർദ്ധനവ് നൽകിക്കൊണ്ടായിരുന്നു എർബകാന്റെ തുടക്കം. ചെറിയ കച്ചവടങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ കടം നൽകുകയും, കാർഷികകടങ്ങളുടെ പലിശ എഴുതിത്തള്ളുകയും ചെയ്തു. തുർക്കിയുടെ വിദേശബന്ധങ്ങളിൽ വ്യത്യസ്തമായ ഒരു പാത സ്വീകരിക്കാനാണ് എർബകാൻ ശ്രമിച്ചത്. മുൻ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ഇറാൻ സന്ദർശിച്ച അദ്ദേഹം, തെഹ്രാനിൽ വച്ച് 2000 കോടി ഡോളർ മതിപ്പുള്ള ഒരു പ്രകൃതിവാതകക്കരാർ ഇറാനുമായി ഏർപ്പെട്ടു. 2020 വരെയായിരുന്നു ഈ കരാറിന്റെ കാലാവധി. 1996 ഓഗസ്റ്റ് 5-ന് ഇറാനും ലിബിയക്കുമെതിരായി അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടടുത്ത ആഴ്ചയിലായിരുന്നു തുർക്കിയും ഇറാനുമായുള്ള ഈ കരാർ എന്നത് ശ്രദ്ധേയമായിരുന്നു. ഈ രാജ്യങ്ങളുമായി 400 കോടി ഡോളറിലധികം മതിപ്പുള്ള കരാറിലേർപ്പെടുത്തുന്നവർക്കെതിരെയും അമേരിക്ക ഉപരോധമേർപ്പെടുത്തുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇറാനുമായുള്ള തുർക്കിയുടെ കരാർ റദ്ദാക്കുന്നതിന് ക്ലിന്റൺ ഒരു പ്രതിനിധിസംഘത്തെ അങ്കാറയിലേക്കയച്ചെങ്കിലും എർബകാൻ അമേരിക്കയുടെ ആവശ്യം നിരാകരിച്ചു. അമേരിക്കയുടെ സമ്മർദ്ദത്തിനെതിരെയുള്ള ഒരു തുർക്കി നേതാവിന്റെ ഇത്തരം നടപടി നടാടെയായിരുന്നു.

ഇസ്ലാമിക് കോമൺ മാർക്കറ്റ് എന്ന തന്റെ പഴയ ആശയം സജീവമാക്കുന്നതിനായി എർബകാൻ നിരവധി ഇസ്ലാമികരാജ്യങ്ങളിൽ സന്ദർശനം നടത്തി. 1997 ജൂണീൽ ഇസ്താംബൂളീൽ എട്ട് മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി സംഘടിപ്പിച്ചു. ഇതോടൊപ്പം ഡി. 8 എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചു. എന്നാൽ സൈന്യം എർബകാനെ പുറത്താക്കിയതിനു ശേഷം അധികാരത്തിലെത്തിയ മെസൂത് യിൽമാസ് സർക്കാർ ഡി.8-ൽ ഒരു താൽപര്യവും കാണിച്ചില്ല.[2]

എതിർപ്പുകളും രാജിയും

[തിരുത്തുക]

1997 ജനുവരി ആദ്യം (റംസാൻ സമയത്ത്), പൊതുകാര്യാലയങ്ങളിലെ തട്ടം നിരോധനം പിൻവലിക്കും, ഇസ്താംബൂളിലെ പ്രശസ്തമായ താക്സിം ചത്വരത്തിലും അങ്കാറയിലെ ചാങ്കയ ജില്ലയിലും പള്ളികൾ നിർമ്മിക്കും എന്നിങ്ങനെയുള്ള തന്റെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ എർബകാൻ ആവർത്തിച്ചു. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ സൈനികനേതാക്കൾ പ്രസിഡണ്ട് ദെമിറേലിനോടാവശ്യപ്പെട്ടു. തൊഴിലാളിസംഘടനകളും സ്ത്രീപക്ഷവാദികളും പ്രകടനങ്ങളും ശക്തമാക്കി.

ഫെബ്രുവരി 28-ന് സൈന്യത്തിന് പ്രാമുഖ്യമുള്ള നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ വച്ച് ഇസ്ലാമികരാഷ്ട്രീയത്തിന്റെ ഉയർച്ചയെ തടയുന്നതിന് 18 ആവശ്യങ്ങൾ സൈനികനേതൃത്വം, എർബകാനു മുൻപിൽ അവതരിപ്പിച്ചു. എന്നാൽ എർബകാൻ ഇവ അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ചു. പട്ടാളം തന്റെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിലൂടെ ലഭിക്കുന്ന സഹതാപതരംഗം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാമെന്ന് എർബകാൻ കരുതിയിരുന്നെങ്കിലും എർബകാന്റെ നിലപാട്, അദ്ദേഹത്തിനെ പിന്തുണച്ചിരുന്ന ട്രൂ പാത്ത് പാർട്ടിയിൽ വിള്ളലുണ്ടാക്കി. ഇത് സൈനികനേതൃത്വത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ എർബകാനെ നിർബന്ധിതനാക്കി.

സൈനികനേതൃത്വത്തിന്റെ ആവശ്യമനുസരിച്ച് പാർലമെന്റ് ഇസ്രായേലുമായി ഒരു സ്വതന്ത്രവ്യാപാരക്കരാറും ഒപ്പുവച്ചു. 1997 ഏപ്രിലിൽ എർബകാൻ തന്റെ ഇരുപത്തിയഞ്ചാം മക്ക തീർത്ഥാടനത്തിനു പുറപ്പെട്ടു. തന്റെ കുടുംബാംഗങ്ങളോടൊപ്പം അമ്പത് വെൽഫെയർ പാർട്ടി പാർലമെന്റംഗങ്ങളും സൗദിയിലെ ഫഹദ് രാജാവിന്റെ ഔദ്യോഗികാതിഥ്യത്തിൽ എർബകാനെ അനുഗമിച്ചിരുന്നു. മതേതരമൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള എർബകാന്റെ ഈ നീക്കം സൈനികനേതൃത്വത്തെ ചൊടിപ്പിച്ചു. പരമോന്നതസൈന്യാധിപൻ, ജനറൽ ഇസ്മയിൽ ഹക്കി കരദായി, എർബകാന്റെ നടപടിയെ എതിർത്ത് പ്രസ്താവനയിറക്കി.

എർബകാനും സൈന്യവും തമ്മിലുള്ള സ്പർദ്ധ, ട്രൂ പാത്ത് പാർട്ടിയിൽ വിമതനീക്കത്തിന് വഴിയൊരുക്കി. പാർലമെന്റിൽ ട്രൂ പാത്ത് പാർട്ടിയുടെ അംഗസംഖ്യ, 102 ആയി കുറയുകയും എർബകാന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തു. 1997 ജൂൺ 18-ന് എർബകാൻ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു.[2]

വെർച്യൂ പാർട്ടി

[തിരുത്തുക]

രാജ്യത്തിന്റെ മതേതരമൂല്യങ്ങൾക്കെതിരെ പ്രവർത്തിച്ചു എന്ന് വിലയിരുത്തി, 1998 ജനുവരിയിൽ ഭരണഘടനാക്കോടതി, എർബകാന്റെ വെൽഫെയർ കക്ഷിയെ നിരോധിച്ചു. അഞ്ചുവർഷത്തേക്ക് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിൽ നിന്നും എർബകാനെയും കോടതി തടഞ്ഞു. മിക്ക വെൽഫെയർ പാർട്ടി അംഗങ്ങളും ഉടൻ തന്നെ വെർച്യൂ പാർട്ടി (തുർക്കിഷ്: ഫദ്‌ഹില പാർട്ടിസി) എന്ന പുതിയ കക്ഷിക്കു കീഴിൽ അണിനിരന്നു. 1998 മേയ് 14-ന് അവർ അങ്കാറയിൽ ഒരു യോഗം സംഘടിപ്പിച്ചു. ഏകകക്ഷിസമ്പ്രദായം അവസാനിച്ചതിനു ശേഷം, ഡെമോക്രാറ്റിക് കക്ഷി നേതാവ്, അദ്നാൻ മെൻദെരസ് അധികാരം ഏറ്റെടുത്തതിന്റെ സ്മാരകാചരണമായിരുന്നു ഈ യോഗം. സജീവരാഷ്ട്രീയം നിഷേധിക്കപ്പെട്ടിരുന്ന എർബകാൻ, പുറകിലിരുന്ന് തനിക്ക് താൽപര്യമുള്ള റെജായി കുതനെ വെർച്യൂ പാർട്ടിയുടെ നേതാവാക്കി. അബ്ദുള്ള ഗുൽ, റെജപ് തയിപ് എർദ്വാൻ തുടങ്ങിയ നേതാക്കളുടെ ഉയർച്ച, വെർച്യൂ പാർട്ടിയെ കൂടുതൽ മിതവാദസ്വഭാവത്തിലേക്ക് നീക്കി.[2]

എർബകാൻ രാജി വച്ചതിനു ശേഷം മെസൂത് യിൽമാസിന്റെ നേതൃത്വത്തിൽ കൂട്ടുകക്ഷിമന്ത്രിസഭ തുർക്കിയിൽ അധികാരത്തിലേറിയെങ്കിലും അധികകാലം നിലനിന്നില്ല. 1999 ആരംഭത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയും ബുലന്ത് എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിൽ എർബകാന്റെ വെർച്യൂ പാർട്ടി രണ്ടാം സ്ഥാനത്തെത്തുകയും പ്രതിപക്ഷത്തിരിക്കുകയും ചെയ്തു.

രാഷ്ട്രീയ അസ്തമയം (ഫെലിസിറ്റി പാർട്ടി)

[തിരുത്തുക]

എജവിത് സർക്കാരിന്റെ ഭരണകാലത്തെ രാജ്യത്തെ സാമ്പത്തികപ്രശ്നങ്ങളും അഴിമതിയും, എർബകാന്റെ വെർച്യൂ പാർട്ടിയുടെ ഉയർച്ചക്ക് ഗുണം ചെയ്തു. എന്നാൽ ഇതിനിടയിൽ വെർച്യൂ പാർട്ടി, മതേതരത്വത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും, അതിനെ നിരോധിക്കാനും, എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാനും 2001 ജൂണീൽ ഭരണഘടനാകോടതി വിധിച്ചു. വെർച്യൂ പാർട്ടിയുടെ വനിതാപാർലമെന്റംഗങ്ങളായിരുന്ന ബെകീർ സോബാജി, നസ്ലി ഇലിജാക് എന്നിവർ തട്ടം ഉപയോഗിക്കുന്നതിനെയാണ് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഈ രണ്ടു പേരെയും പാർലമെന്റംഗത്വത്തിൽ നിന്നും പുറത്താക്കുകയും അഞ്ചുവർഷത്തേക്ക് രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിലക്കുകയും ചെയ്തു.

ഇതോടെ വെർച്യൂ പാർട്ടി അംഗങ്ങൾ രണ്ടായി വിഘടിക്കപ്പെട്ടു. എർബകാനെ അനുകൂലിച്ചിരുന്ന തീവ്ര ഇസ്ലാമികവാദി വിഭാഗം, ഫെലിസിറ്റി പാർട്ടി (സാദെത് പാർട്ടിസി) എന്ന കക്ഷി രൂപീകരിച്ചു. എർദ്വാൻ, അബ്ദുള്ള ഗുൽ എന്നിവരുടെ നേതൃത്വത്തിൽ മിതവാദികൾ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എ.കെ. പാർട്ടി) എന്ന കക്ഷി രൂപീകരിച്ച് പുറത്തുപോകുകയും ചെയ്തു. പാർലമെന്റിലുണ്ടായിരുന്ന വെർച്യൂ പാർട്ടിയുടെ പ്രതിനിധികളിൽ 48 പേർ, എർബകാന്റെ ഫെലിസിറ്റി പാർട്ടിയിലേക്കും, 51 പേർ എർദ്വാന്റെ എ.കെ. പാർട്ടിയിലും കക്ഷി ചേർന്നു.[2]

ഈ പിളർപ്പിനു ശേഷം മിതവാദികളുടെ ജനപിന്തുണ കാര്യമായി ഉയരുകയും എ.കെ. പാർട്ടി ഭരണത്തിലെത്തുകയും ചെയ്തു. എർബകാന്റെ പുതിയ കക്ഷിയായ ഫെലിസിറ്റി പാർട്ടിക്ക് കാര്യമായ രാഷ്ട്രീയചലനങ്ങൾ സൃഷ്ടിക്കാനായില്ല. രൂപീകരണത്തിനു ശേഷമുള്ള രണ്ടു പൊതുതിരഞ്ഞെടുപ്പിലും പാർലമെന്റിൽ അംഗത്വം ലഭിക്കുന്നതിനു വേണ്ട 10% കുറഞ്ഞ ജനപിന്തുണ ആർജ്ജിക്കാൻ പോലും അതിനു കഴിഞ്ഞില്ല. തന്റെ രാഷ്ട്രീയവിലക്ക് അവസാനിച്ചതിനു ശേഷം 2003-2004 കാലയളവിലും, 2010 ഒക്ടോബർ[6] മുതൽ മരണം വരെയും എർബകാൻ ഫെലിസിറ്റി പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്നു.

85-ആം വയസിൽ ഹൃദയാഘാതം മൂലം, 2011 ഫെബ്രുവരി 27-ന് അങ്കാറയിലെ ഗുവൻ ആശുപത്രിയിൽ വച്ചായിരുന്നു എർബകാൻ മരണമടഞ്ഞത്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "മാധ്യമം ദിനപത്രം, 2011 ഫെബ്രുവരി 28". Archived from the original on 2011-03-02. Retrieved 2011-02-28.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 80–81, 84–86, 94, 101–114. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. [1] BBC. Ex-Turkish PM sentenced, March 2000
  4. [2] BBC. Turkey Bans Islamists, January 1998
  5. Radikal: "Nakşibendi şeyhi öldü - Nakşibendi tarikatının ünlü kollarından İskender Paşa cemaatinin şeyhi Coşan, Avustralya'da trafik kazasında yaşamını yitirdi. Aynı kazada ölen Uyarel, şeyhin olası haleflerinden sayılıyordu" 5 Şubat 2001
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-27. Retrieved 2011-03-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നെജ്മത്തിൻ_എർബകാൻ&oldid=3805700" എന്ന താളിൽനിന്ന് ശേഖരിച്ചത്