ബാബ്-എൽ-മൻഡേബ്
ബാബ്-എൽ-മൻഡേബ് | |
---|---|
നിർദ്ദേശാങ്കങ്ങൾ | 12°35′N 43°20′E / 12.583°N 43.333°E |
Basin countries | Djibouti, Eritrea, Yemen |
പരമാവധി നീളം | 80 മൈ (130 കി.മീ) |
പരമാവധി വീതി | 25 മൈ (40 കി.മീ) |
ശരാശരി ആഴം | −609 അടി (−186 മീ) |
Islands | Seven Brothers, Doumeira, Perim |
ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ബാബ്-എൽ-മൻഡേബ് അഥവാ മൻഡേബ് കടലിടുക്ക്. അറേബ്യൻ ഉപദ്വീപിലെ യെമൻ എന്ന രാജ്യത്തിനും ഹോൺ ഒഫ് ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നീ പ്രദേശങ്ങൾക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ കടലിടുക്ക് ഏഷ്യയെ ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്നു.[1]
പേരിനു പിന്നിൽ
[തിരുത്തുക]'ബാബ് എൽ മൻഡേബ്' എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി അറേബ്യൻ ഇതിഹാസങ്ങളിൽ പരാമർശമുണ്ട്. പണ്ടുകാലത്തുണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി എറിത്രിയ, ജിബൂട്ടി എന്നീ പ്രദേശങ്ങൾ അറേബ്യയിൽ നിന്നും വേർപെടുകയുണ്ടായി. അതിനുശേഷം ഈ പ്രദേശങ്ങൾക്കിടയിൽ ഒരു കടലിടുക്ക് രൂപം പ്രാപിച്ചു. ഭൂകമ്പത്തെത്തുടർന്ന് നിരവധി പേർ കടലിൽ മുങ്ങിമരിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടുത്തെ കടലിടുക്കിന് ബാബ് എൽ മാൻഡബ് എന്ന പേരു ലഭിച്ചതെന്നാണ് അറേബ്യൻ ഇതിഹാസങ്ങൾ പറയുന്നത്. ബാബ് എൽ മാൻദെബ് എന്ന വാക്കിന്റെ അർത്ഥം 'കണ്ണുനീരിന്റെ കവാടം' എന്നാണ്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും ഇടയിൽ ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന സമുദ്ര ഭാഗമാണ് ബാബ് എൽ മാൻഡെബ് കടലിടുക്ക്. മെഡിറ്ററേനിയൻ കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ചെങ്കടൽ, സൂയസ് കനാൽ എന്നിവ വഴി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണിത്. 2006-ൽ ലോകമെമ്പാടും പ്രതിദിനം 43 ദശലക്ഷം ബാരൽ (68 ലക്ഷം ഘനമീറ്റർ) എണ്ണ കൈമാറ്റം ചെയ്യപ്പെട്ടതിൽ 3.3 ദശലക്ഷം ബാരലും (5.2 ലക്ഷം ഘനമീറ്റർ) ഈ കടലിടുക്ക് വഴിയാണ് കൊണ്ടുപോയതെന്നു കണക്കാക്കുന്നു.[2]
യെമനിലെ റാസ് മെൻഹേലി മുതൽ ജിബൂട്ടിയിലെ റാസ് സിയാൻ വരെയുള്ള ബാബ് എൽ മാൻഡെബിന്റെ ഭാഗത്തിന് ഏകദേശം 30 കിലോമീറ്റർ നീളമുണ്ട്. പെറിം അഗ്നിപർവ്വതദ്വീപ് ഈ കടലിടുക്കിനെ രണ്ടായി വിഭജിക്കുന്നു. പെറിം ദ്വീപിന് കിഴക്കുള്ള ഭാഗം ബാബ് ഇസ്കന്ദർ (അലക്സാണ്ടർ കടലിടുക്ക്) എന്നും പടിഞ്ഞാറുള്ള ഭാഗം ഡക്ട് എൽ മായുൻ എന്നും അറിയപ്പെടുന്നു. ബാബ് ഇസ്കന്ദറിന് ഏകദേശം 2 മൈൽ (3 കിലോമീറ്റർ) വീതിയും 16 ഫാതം (30 മീറ്റർ) ആഴവുമുണ്ട്. ഡക്ട് എൽ മായുന് ഏകദേശം 16 മൈൽ (25 കിലോമീറ്റർ) വീതിയും 170 ഫാത്തം (310 മീറ്റർ) ആഴവുമുണ്ട്. ബാബ്-എൽ-മൻഡേബിന്റെ ഇരുഭാഗങ്ങളിലും സമുദ്രജലപ്രവാഹങ്ങളുണ്ട്.[1] ഡക്ട് എൽ മായൂനിൽ 'സപ്ത സഹോദരൻമാർ' എന്നറിയപ്പെടുന്ന ഏഴു ചെറുദ്വീപുകളുണ്ട്.
ചരിത്രം
[തിരുത്തുക]മിയോസീൻ കാലഘട്ടത്തിലുണ്ടായ ടെക്ടോണിക്സ് ചലനങ്ങളുടെ ഫലമായി യെമനിനും എത്യോപ്യയ്ക്കുമിടയിൽ ദാനാകിൽ ഇസ്‌ത്‌മസ് എന്ന കരപ്രദേശമുണ്ടായി.[3] ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ് സമുദ്രനിരപ്പിലുണ്ടായ വ്യതിചലനങ്ങൾ മൂലം ഈ കര പ്രദേശത്തിൽ നിന്നും ബാബ് എൽ മൻഡേബ് കടലിടുക്ക് രൂപംകൊണ്ടു.[4] ആധുനിക മനുഷ്യന്റെ ആദ്യകാല കുടിയേറ്റങ്ങൾക്ക് ബാബ് എൽ മാൻഡേബ് സാക്ഷിയായിട്ടുണ്ടെന്നാണ് റീസന്റ് സിംഗിൾ ഒറിജിനൽ ഹൈപ്പോതെസിസ് പറയുന്നത്. ആ സമയത്ത് സമുദ്രങ്ങൾ കുറച്ചു താഴ്ന്നുകിടന്നിരുന്നതും ഉൾക്കടലിന് ആഴം കുറവായിരുന്നതും ദക്ഷിണേഷ്യൻ തീരത്തു നിന്നുള്ള കുടിയേറ്റത്തെ സഹായിച്ചിരുന്നുവെന്ന് കരുതുന്നു. ബി.സി. 1900-ത്തിൽ സെമറ്റിക് ഗീയസ് ഭാഷ സംസാരിച്ചിരുന്നവർ ആഫ്രിക്കയിലേക്കു കുടിയേറിയത് ബാബ് എൽ മാൻഡെബ് വഴിയാകാമെന്ന് എത്യോപ്യൻ ഓർത്തഡോക്സ് വൈഹെഡോ ചർച്ചും സൂചന നൽകുന്നുണ്ട്.[5] ഇസ്ലാം മതത്തിന്റെ വ്യാപനത്തിനു മുമ്പ് ഹിംയാറൈറ്റ് സാമ്രാജ്യത്തെ തോൽപ്പിച്ച് ഹോൺ ഒഫ് ആഫ്രിക്കയിലെ പ്രമുഖ സാമ്രാജ്യമായ അക്സൂം തങ്ങളുടെ രാജ്യത്തിന്റെ വിസ്തൃതി ബാബ് എൽ മൻഡേബ് വരെ വ്യാപിപ്പിച്ചു.
ആധുനിക ചരിത്രം
[തിരുത്തുക]ബാബ് എൽ മൻഡേബിനെ രണ്ടായി വിഭജിക്കുന്ന പെറിം ദ്വീപ് 1799-ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. കടലിടുക്ക് ഉൾപ്പെടെയുള്ള ദ്വീപിന്റെ അവകാശം ഉറപ്പിച്ചുകൊണ്ട് 1861-ൽ അവർ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചു. ചെങ്കടലിലൂടെയും സൂയസ് കനാലിലൂടെയുമുള്ള കപ്പൽ ഗതാഗതത്തെ നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.[1]
2008 ഫെബ്രുവരി 22-ന് ഉസാമ ബിൻ ലാദന്റെ അർദ്ധസഹോദരൻ താരേക് ബിൻ ലാദന്റെ കമ്പനി ബാബ് എൽ മൻഡേബിൽ ഒരു പാലം നിർമ്മിക്കുന്നതായി പ്രഖ്യാപിച്ചു. യെമനെ ജിബൂട്ടിയുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 'ബ്രിഡ്ജ് ഓഫ് ദ ഹോൺസ്' എന്ന പേരുനൽകാനും തീരുമാനിച്ചു.[6] അതിനുശേഷം ഡെൻമാർക്കിന്റെ സഹായത്തോടെ മിഡിൽ ഈസ്റ്റ് ഡെവലപ്മെന്റ് എൽ.എൻ.സി. ചെങ്കടലിനു കുറുകെ ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു.[7] എന്നാൽ 2016 വരെയും ഈ പദ്ധതിയെക്കുറിച്ച് വാർത്തകൾ വന്നിട്ടില്ല.
ഉപമേഖല
[തിരുത്തുക]ജിബൂട്ടി, യെമൻ, എറിത്രിയ എന്നീ രാജ്യങ്ങളുള്ള അറബ് ലീഗ് എന്ന സംഘടനയിൽ ബാബ് എൽ മൻഡേബിനെ ഒരു ഉപമേഖലയായി പരിഗണിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Baynes, T.S., ed. (1878), , Encyclopædia Britannica, vol. 3 (9th ed.), New York: Charles Scribner's Sons, p. 179
{{cite encyclopedia}}
: Cite has empty unknown parameters:|1=
,|coauthors=
, and|authors=
(help) - ↑ World Oil Transit Chokepoints Archived February 18, 2015, at the Wayback Machine., Energy Information Administration, US Department of Energy
- ↑ Henri J. Dumont (2009). The Nile: Origin, Environments, Limnology and Human Use. Monographiae Biologicae. Vol. 89. Springer Science & Business Media. p. 603. ISBN 9781402097263.
- ↑ Climate in Earth History. National Academies. 1982. p. 124.
- ↑ Official website of EOTC Archived June 25, 2010, at the Wayback Machine.
- ↑ BBC NEWS | Africa | Tarek Bin Laden's Red Sea bridge
- ↑ Tom Sawyer (May 1, 2007). "Notice-to-Proceed Launches Ambitious Red Sea Crossing". Engineering News-Record. Archived from the original on 2009-02-11. Retrieved 2017-11-30.
പുറംകണ്ണികൾ
[തിരുത്തുക]- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, vol. 3 (11th ed.), 1911, p. 91 ,
- Notice-to-Proceed Launches Ambitious Red Sea Crossing Archived 2009-02-11 at the Wayback Machine.
- Sea crossing