ചന്ദനം
ചന്ദനം Santalum album | |
---|---|
ചന്ദനം.jpg (രചന: കൊഹ്ലർ 1857) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. album
|
Binomial name | |
Santalum album |
സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. ശാസ്ത്രീയനാമം Santalum album (Linn) എന്നാണ്. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ് ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും ഉള്ളത് [2] പൗരാണിക കാലം മുതൽക്ക് ഇത് രാജകീയവൃക്ഷമായി അറിയപ്പെടുന്നു. [3] [4]
പേരിനു പിന്നിൽ
[തിരുത്തുക]ചന്ദനം എന്ന വാക്കിനർത്ഥം സന്തോഷദായകം എന്നാണ്. സംസ്കൃതത്തിൽ ശ്രീഖണ്ഡം, ശ്വേതചന്ദനം, ചന്ദനം, ഹിമഃ, ശീതം, സീതം, ഗന്ധാഢ്യഃ, ഭദ്രശ്രീ എന്നൊക്കെ പേർ ഉണ്ട്. ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും ചന്ദൻ എന്നാണ്. ഈ ഭാഷകളിൽ നിന്നാണ് മലയാളത്തിലെ പദോല്പത്തി. ഇംഗ്ലീഷിൽ സാൻഡൽ വുഡ് എന്നതും ഇതേ പദത്തിൽ നിന്ന് രൂപം കൊണ്ടതാണ്.
രസഗുണങ്ങൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]മഹാഭാരതത്തിലും രാമായണത്തിലും പുരാണങ്ങളിലും ചന്ദനത്തെപ്പറ്റി പരാമർശമുണ്ട്. മുതൽക്കേ ചന്ദനം വളർന്നിരുന്നു. ദാരുശില്പങ്ങളുണ്ടാക്കാനായിരുന്നു പ്രധാനമായും ചന്ദനം ഉപയോഗിച്ചിരുന്നത്. ഭരതീയപുരാണങ്ങളിൽ രക്തചന്ദനം (ടിറോകാർപസ് സാന്റലിനസ്) പീതചന്ദനം (കൊസീനിയം ഫെനിസ്റ്റ്റെറ്റം, ബെർബറിസ് അരിസ്റ്റേറ്റ) കുചന്ദനം (സിസാല്പിനിയ സപ്പൻ) ശ്വേതചന്ദനം (സന്റാലം ആൽബം) എന്നിങ്ങനെ പലതരം ചന്ദനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ യഥാർത്ഥ ചന്ദനമായി കരുതപ്പെടുന്നത് സന്റാലം ആൽബം എന്ന ശ്വേത ചന്ദനമാണ്. രഘുവംശം, ചരകസംഹിത, കാവ്യമീമാംസ, ഹിതോപദേശം, അമരകോശം, ഭാവപ്രകാശം, രാജനിഘണ്ടു തുടങ്ങിയ പല ഗ്രന്ഥങ്ങളിലും ചന്ദനത്തിന്റെ ജന്മഗേഹമായി പറയുന്നത് ഭാരതത്തെയാണ്.
സുഗ്രീവന്റെ വാനരസൈന്യം താമ്രപർണ്ണി നദിയ്ക്കടുത്ത് ചന്ദനത്തോപ്പുകൾ കണ്ടതായും രാവണന്റെ പുഷ്പകവിമാനയാത്രക്കിടയിൽ ദക്ഷിണഭാരതത്തിൽ നിറയെ ചന്ദനക്കാടുകൾ കണ്ടതായും പരാമർശമുണ്ട്.
മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പുസുൽത്താൻ 1792-ൽ ചന്ദനത്തിന് രാജ പദവി നൽകി. അദ്ദേഹം ഈ വൃക്ഷത്തിന്റെ വിപണനം പൂർണ്ണമായും സർക്കാരിന്റെ അവകാശമാക്കി. ഈ സമ്പ്രദായം പിന്നീടുവന്ന ബ്രിട്ടീഷുകാരും നടപ്പിലാക്കി. 1848നും 1861 നും ഇടക്ക് മൈസൂരിൽ പ്രാദേശികമായിത്തെന്നെ ചന്ദനതൈലം ഉണ്ടാക്കിയിരുന്നു. മൈസൂർ ചന്ദനത്തൈലം അന്നുമുതൽക്കേ ലോകപ്രശസ്തമാണ്.
1864-ലാണ് ആദ്യമായി ചന്ദനം വനം വകുപ്പിന്റെ നിയന്ത്രണത്തിലാകുന്നത്. 1860 -ൽ ജംഗിൾ കൺസർവൻസി റൂൾ പ്രകാരം 23 - മരങ്ങൾ സംരക്ഷിത പട്ടികയിൽ പെടുത്തിയെങ്കിലും അന്ന് ചന്ദനം ഉൾപ്പെട്ടിരുന്നില്ല.
ചന്ദനത്തിന്റെ സവിശേഷതകളെപ്പറ്റി ആധുനിക കാലത്ത് ആദ്യപ്രസിദ്ധീകരണം നടത്തിയത് 1871-ൽ ഡോക്ടർ ജോൺ സ്കോട്ട് ആയിരുന്നു. അദ്ദേഹം കൊൽക്കത്തയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിലെ കുറേറ്റർ ആയിരുന്നു.
1898-ൽ ചന്ദനത്തെ 18 ക്ലാസുകളാക്കി തിരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ധാരാളം കയറ്റുമതിയുണ്ടായിരുന്നു. ലോകമഹായുദ്ധകാലത്ത് ഇതിന് കുറവ് വന്നു. 1916-ൽ ബാംഗ്ലൂരിൽ ഒരു വാറ്റുശാല(ഡിസ്റ്റില്ലറി) ആരംഭിച്ചു. 1917-ൽ മൈസൂറിൽ ഒരു തൈലനിർമ്മാണശാലയും തുടങ്ങി.
സർക്കാരിനുമാത്രം മുറിക്കാവുന്ന രാജകീയവൃക്ഷമായി ഇന്നും ചന്ദനം തുടരുന്നു എങ്കിലും അനധികൃതമായി നിരവധി കടത്തലുകൾ അന്നുമുതൽക്കേ ഉണ്ട്. കാട്ടു കള്ളനായ വീരപ്പൻ മൈസൂർ- തമിഴ്നാട് കാടുകളിലെ ചന്ദനമരം കള്ളക്കടത്തു നടത്തി കുപ്രസിദ്ധി നേടിയതും അടുത്തകാലത്താണ്.
വിതരണം
[തിരുത്തുക]പുരാണങ്ങളിലും മറ്റും ഇന്ത്യയാണ് ചന്ദനത്തിന്റെ മാതൃരാജ്യം എന്നു പറയുന്നുണ്ടെങ്കിലും ചരിത്രകാരന്മാർ വിശ്വസിക്കുന്നത് ടിമോർ ദ്വീപുകളാണ് ഇവയുടെ ഉത്ഭവസ്ഥാനം എന്നാണ്. കിഴക്കൻ ടിമോറിൽ ചന്ദനത്തിന്റെ വില്പന 10-ആം നൂറ്റാണ്ടുമുതൽക്കേ നിലനിന്നിരുന്നു എന്നതിനു തെളിവുകൾ ഉണ്ട്.
ചന്ദനം പടിഞ്ഞാറ് ഇന്തോനേഷ്യക്കും കിഴക്ക് ജൊവാൻ ഫെർണാണ്ടസ് ദ്വീപിനും തെക്ക് ന്യൂസിലാണ്ടിനും വടക്ക് ഹവായ് ദ്വീപിനും ഇടയിലുള്ള ഭൂപ്രദേശത്താണ് വളരുന്നത്. എന്നാൽ ഇന്ന് കണ്ടുവരുന്നത് ഇന്ത്യയിലും മലയൻ ആർക്കിപെകാഗോയിലും മാത്രമാണ്. മറ്റു പല രാജ്യങ്ങളിലും ചന്ദനം നട്ടുവളർത്തുന്നുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, മാർക്വിസാസ് ദ്വീപുകൾ, ജോവാൻ ഫെർണാണ്ടസ് ദ്വീപുകൾ, ചിലി, ഹവായ് എന്നിവിടങ്ങളിലും ചന്ദനം കാണപ്പെടുന്നു.
സമുദ്രനിരപ്പിൽ നിന്ന് 1,350 മീ. ഉയരത്തിൽ വരെ ചന്ദനമരം കാണപ്പെട്ടിട്ടുണ്ട്. എന്നാൽ 600 മുതൽ 900 മീറ്റർ വരെയാണ് നല്ല തോതിൽ വളരുന്നത്. വാർഷിക മഴപാതം 850-1200 മി.ലി. വരെയുള്ള സ്ഥലങ്ങളാണ് ഇവക്ക് അനുയോജ്യം.
ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യയിലെ ദക്ഷിണമേഖലയിലെ ചില വരണ്ട വനങ്ങളിലാണ് ചന്ദനം സ്വാഭാവികമായി വളരുന്നത്. നീലഗിരി മലനിരകളിൽ നിന്ന് വടക്ക് ധാർവാർ വരെ ഏകദേശം 490 കി.മീ, കൂർഗ് മുതൽ ആന്ധ്രാപ്രദേശിലെ കുപ്പം വരെ ഏകദേശം 400 കി.മീ പ്രദേശങ്ങളിലാണ് ഇന്ത്യയിൽ ഇവ സ്വാഭാവികമായി വളരുന്നത്. കാവേരി നദീതീരത്തുള്ള വരണ്ട ഇലകൊഴിയും വനങ്ങളിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലുമുള്ള പീഠഭൂമികളിലും ചന്ദനം വളരുന്നു. ഇന്ത്യയിൽ കേരളം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‍,ഒറീസ്സ, ഉത്തർപ്രദേശ്, ബീഹാർ, ഝാർഘണ്ഡ്, മണിപ്പൂർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ വളരുന്നതായി കണ്ടുവരുന്നത്. ഇവിടെയെല്ലാം എണ്ണത്തിൽ വളരെ കുറവാണ് മരങ്ങൾ. സുഗന്ധവും കുറവായിരിക്കും. എന്നാൽ പശ്ചിമ ബംഗാളിലെ മരങ്ങൾക്ക് സുഗന്ധം കൂടുതലാണ്.
കർണ്ണാടകത്തിലും കേരളത്തിലും ഇവ വച്ച് പിടിപ്പിച്ച് വളർത്തുന്നുണ്ട്. കർണ്ണാടകത്തിൽ ഏതാണ്ട് 5,245 ച. കിലോമീറ്റർ പ്രദേശത്തിവ വളരുന്നു എന്നാണ് കണക്ക്. ഇത് ഇന്ത്യയിൽ ആകെയുള്ള ചന്ദനക്കാടുകളുടെ ഏകദേശം പകുതിയോളം വരുന്നുണ്ട്. തമിഴ്നാട്ടിൽ ഏകദേശം 3.405 ച. കീ.മീറ്ററും ആന്ധ്രപ്രദേശിൽ 175 ച.കി.മീറ്ററും മധ്യപ്രദേശിൽ 33 ച.കി.മീറ്ററും മഹാരാഷ്ട്രയിൽ 8 ച.കി.മീറ്ററും ഒറീസ്സയിൽ 25 ച.കി.മീറ്ററും കേരളത്തിൽ 18 ച.കി.മീറ്ററും ചന്ദനക്കാടുകൾ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട തോട്ടങ്ങളും ചെറിയ കൂട്ടങ്ങളും നട്ടുവളർത്തുന്നവയേ ഉള്ളൂ.
ഹൊസൂരിൽ 226 സെ.മീ ചുറ്റളവുള്ള ഒരു ചന്ദനമരം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചന്ദനമരമായി കണക്കാക്കിയിരിക്കുന്നത് അതിനെയാണ്. 2001-ൽ ഈ മരം മോഷ്ടിക്കപ്പെട്ടു. [5]
കേരളത്തിൽ
[തിരുത്തുക]കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽ പെട്ട മറയൂരാണ്. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദനങ്ങൾ ഉണ്ട്. കേരളത്തിലെ മറയൂരിൽ 100 സെ.മീ ചുറ്റളവുള്ള ഒരു മരമാണ് ഏറ്റവും വലുത്.മറയൂർ മേഖല കഴിഞ്ഞാൽ, കേരളത്തിൽ ചന്ദന മരങ്ങൾ സ്വാഭാവികമായി ഏറ്റവും കൂടുതലായി വളരുന്നത് കൊല്ലം ജില്ലയിലെ തെന്മല വനം ഡിവിഷനിലെ ആര്യങ്കാവ് റെയിഞ്ചിലെ കടമാൻപാറ എന്ന പ്രദേശത്താണ്.ഈ പ്രദേശം തമിഴ്നാട്ടിലെ തെങ്കാശി ജില്ലയുമായി അതിർത്തി പങ്കിടുന്ന വന പ്രദേശമാണ്.
ലോകത്തിലെ മറ്റിടങ്ങളിൽ
[തിരുത്തുക]ഇന്തോനേഷ്യ, ജോവാൻ ഫെർണാണ്ടസ് ദ്വീപുകൾ, ന്യൂസിലാണ്ട് എന്നിവിടങ്ങളിൽ സ്വാഭാവികമായി ചന്ദനം വളരുന്നുണ്ട്. സന്റാലേസി കുടുംബത്തിലെ 35 ജനുസ്സുകൾ ഇവിടങ്ങളിൽ കാണപ്പെടുന്നു. എന്നാൽ സന്റാലം ആൽബം എന്ന ചന്ദനം ഇന്ത്യയിലാണ് കൂടിയ ശതമാനവും. മറ്റു രാജ്യങ്ങളിൽ മറ്റു ജനുസ്സുകളാണ് കണ്ടുവരുന്നത്. ഓസ്ട്രേലിയയിൽ സന്റാലം സ്പിക്കേറ്റം(S. spicatum), സന്റാലം ലാൻസിയോലേറ്റം (S.lanceolatum) , സന്റാലം ഓസ്ത്രോകാലിഡോണിക്കം (S.austracaledonicum) എന്നിവയും ഫിജിയിൽ സന്റാലം യാസി (S.yasi) സന്റാലം ഫ്രെസിനിറ്റിയാനം (S. feryscinetianum) സന്റാലം പൈറുലേറിയം (S, pyrularium) എന്നിവയുമാണ് വളരുന്നത്. സന്റാലം മക്റിഗോറി (S. macregorii) എന്ന ജനുസ്സാണ് പാപ്പുവാ ന്യൂഗിനിയിൽ കാണപ്പെടുന്നത്. ഇത് മറ്റെങ്ങും വളരുന്നില്ല.
ചന്ദനമരം അർധപരാദ ജീവിതമാണ് നയിക്കുന്നത്. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ അവക്ക് വളരാൻ മറ്റൊരു സസ്യത്തിന്റെ ആവശ്യം ഉണ്ട്.
വിവരണം
[തിരുത്തുക]സന്റാലം ആൽബം എന്ന ജനുസ്സിലെ ചന്ദനമരങ്ങൾ ഇടത്തരം നിത്യഹരിതമരമാണ്. ഈ ചിരസ്ഥായി 12-15 മീറ്റർ ഉയരത്തിലും 1-2.4 മീറ്റർ വ്യാസത്തിലും വളരുന്നു. പൂർണ്ണവളർച്ചയെത്താൻ 60-80 വർഷം വരെയെങ്കിലുമെടുക്കും. അപ്പോഴാണ് ഏറ്റവുമധികം തൈലം ഉണ്ടാവുക. ചന്ദനക്കാടുകൾ ദക്ഷിണമേഖലാ ശുഷ്ക ഇലകൊഴിയും വനവിഭാഗത്തിൽ (Southern Tropical deciduous Forest Type) പെടുന്നു.
ഇല
[തിരുത്തുക]വണ്ണം കുറഞ്ഞ് നീണ്ട് വളരുന്ന ശാഖകളുടെ അറ്റം മിക്കവാറും ആനതമായിരിക്കും. ഇലകൾ ലഘുവാണ്. അനുപർണ്ണങ്ങളില്ല. സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചിലപ്പോൾ വർത്തുളമായും കാണാം. വ്യത്യസ്ത ഇനങ്ങളിൽ വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും കണ്ടുവരുന്നു. ആറു തരത്തിലുള്ള രൂപങ്ങൾ ഇലക്ക് കണ്ടുവരുന്നു. അണ്ഡം, കുന്തം, ദീർഘം, ഉരുണ്ടത്, തീരെ ചെറുത്, വളരെ വലുത് എന്നിങ്ങനെ. ഒരു വൃക്ഷത്തിൽ ഒരു തരത്തിലുള്ള ഇലകളേ കാണൂ. പത്രവൃന്തം നീണ്ടുനേർത്തതും 1.5 സെന്റിമീറ്റർ നീളവുമുള്ളതാണ്. പത്രഫലകത്തിന് 4-8 സെന്റീമീറ്റർ നീളവും 2-5 സെന്റിമീറ്റർ വീതിയും കാണും. ഇരുവശവും മിനുസമുള്ള ഇലകളുടെ മുകൾ ഭാഗം ഇളം പച്ചയും അടിഭാഗം കടുംപച്ചയുമാണ്. കാലവർഷത്തിന്റെ ആരംഭത്തിലും തുലാവർഷത്തിലും ഇവ തളിർക്കുന്നു.
പരാഗണം
[തിരുത്തുക]ചിലമരങ്ങൾ സ്വപരാഗണം സ്വീകരിക്കുകയില്ല. തേനീച്ച, ചിത്രശലഭങ്ങൾ, വണ്ടുകൾ എന്നിവയാണ് പരാഗണകാരികൾ.
ഫലം
[തിരുത്തുക]4-5 മാസം കൊണ്ട് വിളയുന്ന കായാണ്. ഡ്രുപ്പ് ആണിത്. ഒരു കുലയിൽ ധാരാളം കായ്കൾ കാണും. ഞാവൽ പഴത്തിന്റെ നിറം വിളയുമ്പോൾ ഇവക്ക് ലഭിക്കുന്നു. മാംസളമായ കായ്കളാണ്./ 4-5 മില്ലീമീറ്റർ വ്യാസം വരും. ഒരു കായിലൊരു വിത്ത് എന്നരീതിയിലാണ് കാണപ്പെടുന്നത്. ഒരു വൃക്ഷം ഒരു വർഷത്തിൽ ഏതാണ്ട് 8000 വിത്തുകൾ ഉത്പാദിപ്പിക്കുന്നു. ഇതിൽ 6000 എണ്ണത്തോളമേ അങ്കുരണശേഷിയുള്ളവയായുണ്ടാകൂ. [6]
പുഷ്പം
[തിരുത്തുക]2-3 വർഷമെത്തുമ്പോഴേക്കും ചന്ദനം പൂക്കാൻ തുടങ്ങും. വർഷത്തിൽ രണ്ടുപ്രാവശ്യം പൂക്കും. മാർച്ച്-മേയിലും സെപ്റ്റംബർ-ഡിസംബറിലും. പൂക്കൾക്ക് സുഗന്ധമോ ഭംഗിയോ ഇല്ല. ദ്വിലിംഗ സമ്മിതമായ പുഷ്പങ്ങളാണ്. മൊട്ടുകൾക്ക് മങ്ങിയ മഞ്ഞ നിറം. വിരിയുമ്പോൾ പച്ച നിറമാണ്. പിന്നീടത് ഇരുണ്ട ചുവപ്പ് നിറമായിത്തീരുന്നു. അര സെന്റിമീറ്ററോളം വ്യാസമുള്ള പൂക്കളാണ്. പരിദളപുടത്തിന് നാലോ അഞ്ചോ കർണ്ണങ്ങളുണ്ടാകും. 4-5 കേസരങ്ങളുണ്ടാകാം. കേസര തന്തുക്കൾക്ക് നീളം കുറവാണ്. പൂവിന്റെ മധ്യത്തിലായി അണ്ഡാശയമുണ്ട്. അതിനു ഒരു അറയാണുള്ളത്. ഇതിൽ രണ്ടോ മൂന്നോ ബീജാണ്ഡങ്ങൾ ഉണ്ടാകാം.
തടി
[തിരുത്തുക]ഇളം പ്രായത്തിൽ തടിക്ക് പച്ചനിറമായിരിക്കും. തണ്ടിനും ഇതേ നിറം തന്നെ. പ്രായം കൂടുന്തോറും തവിട്ടുനിറമായിത്തീരും. മരപ്പട്ടക്ക് ചുവപ്പ്കലർന്ന തവിട്ടുനിറമാണ്. ഉൾവശമാകട്ടെ ചുവന്നിരിക്കും. മുതിർന്ന മരത്തിന്റെ പട്ടയിൽ ആഴത്തിലുള്ള ഉണ്ടായിരിക്കും. തടിയുടെ വെള്ളക്കോ തൊലിക്കോ ചുറുശിഖരങ്ങൾക്കീ ഗന്ധമുണ്ടായിരിക്കില്ല. കാതലിനും വേരുകൾക്കും മാത്രമേ സുഗന്ധമുണ്ടായിരിക്കൂ. കാതലിന് മഞ്ഞകലർന്ന തവിട്ടുനിറമായിരിക്കും.
വേര്
[തിരുത്തുക]തായ്‌വേരിനു നല്ല നീളമുണ്ടാകും. ഏതാനും പാർശ്വവേരുകളുണ്ടാകും. ചന്ദനം വളരുന്ന ആദ്യകാലത്ത് വേരുകളിൽ പർവകങ്ങളുണ്ടായിരിക്കും . ഇത് മറ്റു ആതിഥേയ മരങ്ങളുടെ വേരുകളിൽ നിന്ന് ചൂഷണം ചെയ്യാനായുള്ള സംവിധാനമാണ്. ആതിഥേയമരങ്ങളില്ലെങ്കിൽ ചന്ദനം വളരെ സാവധാനമേ വളരൂ. തായ്‌വേരുകൾ അധികം ആഴത്തിൽ വളരില്ല. പാർശ്വവേരുകളാണ് കൂടുതൽ വളരുന്നതും ശാഖാവേരുകളേയും ചൂഷണമൂലങ്ങളേയും നിലനിർത്തുന്നത്. എല്ലാ ചൂഷണമൂലങ്ങളും ആതിഥേയസസ്യത്തിന്റെ മരവുമായി ബന്ധപ്പെടണമെന്നില്ല. ഈ സവിശേഷതയെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് ജോൺ സ്കോട്ട് എന്ന സസ്യശാസ്ത്രജ്ഞനാണ്. [7] വേരിൽ ധാരാളം തൈലം അടങ്ങിയിട്ടുണ്ട്.
ആതിഥേയ സസ്യങ്ങൾ
[തിരുത്തുക]ചന്ദനം ഭാഗികമായി പരജീവി സസ്യമാണ്. തൈ കിളിർത്ത് ഒരു വർഷം വരെ കഷ്ടിച്ച് വളരുമെങ്കിലും പിന്നീട് സഹായം ആവശ്യമാണ്. ആറുമാസം വരെയുള്ള ഭക്ഷണമേ വിത്തിൽ സൂക്ഷിച്ചു വച്ചിട്ടുള്ളൂ. തൈ കിളിർത്ത് രണ്ടാം മാസത്തിനു മുമ്പുതന്നെ ആതിഥേയ വൃക്ഷത്തിന്റെ വേരുമായി ഇവയുടെ ചൂഷണമൂലങ്ങൾ ബന്ധപ്പെട്ടുതുടങ്ങുന്നു. കാത്സ്യം, പൊട്ടാസ്യം, എന്നീ മൂലകങ്ങൾ ചന്ദനം തനിയെ വലിച്ചെടുക്കുമെങ്കിലും നൈട്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ചൂഷകമൂലങ്ങൾ വഴി മറ്റു സസ്യങ്ങളുടെ വേരുകളിൽ നിന്നാണ് സ്വീകരിക്കുന്നത്.
ചന്ദനത്തിനു ഏതാണ്ട് മുന്നൂറോളം സസ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കാൻ സാധിക്കും. വനങ്ങളിൽ അക്കേഷ്യ, മഴുക്കാഞ്ഞിരം, ഈട്ടി, മരുത്, മഹാഗണി, ടെർമിനേലിയകൾ, തുടങ്ങിയവയാണ് പ്രധാന ആതിഥേയവൃക്ഷങ്ങൾ. കൃഷി ചെയ്യുന്ന ചന്ദനമരങ്ങൾക്ക് കരിവേലം, ബബൂൾ, കണിക്കൊന്ന, മഞ്ഞക്കൊന്ന, കാറ്റാടിമരം, മലവേമ്പ്, ഉങ്ങ്, ദന്തപ്പാല, ആര്യവേപ്പ്. എന്നിവയും പ്രധാന ആതിഥേയസസ്യങ്ങളാണ്.
പലതരം സസ്യങ്ങളുടെ വേരുകളിൾ വസിച്ച് ആഹാരസമ്പാദനത്തിന് ചന്ദനത്തെ സഹായിക്കുന്നത് ഒരു തരം കുമിളുകളാണ്. ഇത്തരം കുമിളുകളെ മൈക്കോറൈസകൾ എന്നു വിളിക്കുന്നു. ഇവ ഉപരിതല മൈക്കോറൈസകളെന്നും അന്തർവ്യാപനമൈക്കോറൈസകൾ എന്നും രണ്ടു തരമുണ്ട്. ഇവയിൽ ചന്ദനത്തിന്റെ വേരുകളിൽ കാണപ്പെടുന്നത് വെസിക്കുലാർ അർബോസ്കുലാർ മൈക്കോറൈസകൾ എന്ന ഉപവിഭാഗമാണ്.
പുനരുത്ഭവം
[തിരുത്തുക]മനുഷ്യന്റെ ഇടപെടലില്ലാതെ മരം മുളച്ചു വരുന്നതിനെ സ്വാഭാവിക പുനരുത്ഭവം എന്നും കൃഷി ചെയ്യാനോ മറ്റോ വച്ചു പിടിപ്പിക്കുന്നതിനെ കൃത്രിമ പുനരുത്ഭവം എന്നും വിളിക്കുന്നു.
സ്വഭാവിക പുനരുത്ഭവത്തിന് വിത്തുവിതരണം നടത്തുന്നത് പക്ഷികളാണ്. പഴുത്ത കായ്കൾ ഭക്ഷിക്കുന്ന പക്ഷികളുടെ വിസർജ്ജ്യത്തിലൂടെ പുറത്തുവന്ന് ഭൂമിയിൽ പതിക്കുന്നതോടെ പുനരുത്ഭവത്തിനു വഴിയൊരുങ്ങുന്നു. മതിയായ തോതിൽ ഈർപ്പവും സൂര്യപ്രകാശവും തണലും ലഭിച്ചാൽ ഭൂരിഭാഗം വിത്തുകളും മുളക്കും .എന്നാൽ മുളച്ചുവരുന്ന തൈകൾക്ക് തീയ്, വരൾച്ച, കന്നുകാലി മേയൽ, ചൂട് എന്നിവമൂലം നാശം സംഭവിക്കാറുണ്ട്.
വേരിൽ അപസ്ഥാനിക മുകുളങ്ങൾ ഉണ്ടായും തൈ വളരാറുണ്ട്. ഇവയെ മൂലപ്രസാരകങ്ങൾ എന്ന് വിളിക്കുന്നു. ഈ മൂലപ്രസാരകങ്ങളിൽ നിന്നുള്ള തൈയുണ്ടാകൽ അപൂർവമായി ഉണ്ടാകാറുണ്ട്.
ഔഷധ ഉപയോഗങ്ങൾ
[തിരുത്തുക]തടിയും വേരും ഔഷധയോഗ്യമാണ്. ശരീരത്തിനു തണുപ്പും കുളിർമയും ഉന്മേഷവും നൽകുന്നു.രക്തം ശുദ്ധീകരിക്കുന്നു. ചന്ദനാദി ഗുളികയിലെ ഒരു ചേരുവയാണ്.
ദിവസം രണ്ടു നേരം വീതം ഒരാഴ്ച, വെള്ളചന്ദനം അരച്ചു പാലിൽ കലക്കി കഴിച്ചാൽ മൂത്രത്തിൽ രക്തം കാണുന്നതിനും മൂത്രചുടിച്ചിലിനും മൂത്രം തുള്ളിയായി പോകുന്നതിനും മൂത്രത്തിൽ പഴുപ്പിനും നല്ലതാണ്.[8]
ചന്ദനത്തെ ബാധിക്കുന്ന രോഗങ്ങൾ
[തിരുത്തുക]ചന്ദനത്തെ പ്രധാനമായും ബാധിക്കുന്ന രോഗമാണ് സ്പൈക്ക്. കർണ്ണാടകയിലും തമിഴ്നാട്ടിലുമുള്ള മരങ്ങളേയാണ് ഇവ അധികവും ബാധിക്കുന്നത്. ഈ രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. അപ്പൊർവ്വമായി മാത്രം മറ്റു മരങ്ങളേയും ഇവ ബാധിക്കാറുണ്ട്. ഇല മഞ്ഞ നിറത്തിലാകുകയും സാവധാനം ചില്ലകളും ഇലകളും മുരടിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച മരം പൂർണ്ണമായി നശിപ്പിക്കുക മാത്രമാണ് പ്രതിവിധി.
വ്യാവസായികം
[തിരുത്തുക]ചന്ദനത്തൈലത്തിന്റെ സുഗന്ധം പ്രാചീനകാലം മുതലേ പ്രസിദ്ധമാണു. വിദേശികളെ ഭാരത്തിലേക്കാകർഷിച്ച ഘടകങ്ങളിലൊന്ന് ചന്ദനമാണു. ഫാക്ടറികളിൽ നീരാവി ഉപയോഗിച്ച് സ്വേദനം നടത്തിയാണു ചന്ദനത്തൈലം വേർതിരിക്കുന്നത്. റെസിൻ, ഐസോമെറുകൾ, ആൽക്കഹോൾ എന്നിവ ചന്ദനത്തൈലത്തിൽ അടങ്ങിയിരിക്കുന്നു.
ലോകവിപണിയിൽ ചന്ദനത്തൈലത്തിന്റെ കുത്തക നൂറ്റാണ്ടുകളായി ഇന്ത്യയുടെ കൈവശമാണ്.
വില്പനയ്ക്കുള്ള ചന്ദനമരത്തിന്റെ വിവിധ തരങ്ങൾ
[തിരുത്തുക]തരങ്ങൾ | വ്യവഹാര നാമം | പ്രത്യേകതകൾ |
---|---|---|
I | വിലായത് ബുദ്ധ്( Vilayat Budh) | ഒരു മീറ്ററോളം നീളമുള്ള, കേടുപാടുകൾ ഇല്ലാത്ത മുന്തിയ ഇനം തടി. |
II | ചിന്നബുദ്ധ്( Chinna Budh) | ഒന്നാം നമ്പറിന്റെ തൊട്ടു താഴെയുള്ളത്. |
III | പൻ ജം (Panjam) | ചെറിയ കുഴപ്പങ്ങളുള്ള ഭാഗങ്ങൾ ഉൾപെട്ടത്. |
IV | ഗോട്ട്ല (Ghotla) | ഒരു മീറ്ററിൽ താഴെയുള്ള നല്ല തടികൾ. |
V | ഗാട്ട് ബദ്ല (Ghat Bhudh) | നാലാം നമ്പറിന്റെ തൊട്ടു താഴെയുള്ളത്. |
VI | ബേഗർദാദ്( Begardad) | ഗോട്ട്ല, ഗാട്ട് ബദ്ല തുടങ്ങിയവയിലെ കേടുള്ള ഇനം. |
വേരുകളിലും, അറക്കപ്പൊടിയിലും വരെ വിവിധ ഇനങ്ങൾ വേറെയും ലഭ്യമാണു.
കേരളത്തിൽ ചന്ദനലേലം നടക്കുന്നത് മറയൂർ സർക്കാർ ചന്ദനം ഡിപ്പോയിലാണു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചന്ദനം Archived 2010-12-06 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ Asian Regional Workshop (1998). Santalum album. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 2007-02-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-06. Retrieved 2007-11-14.
- ↑ http://www.hindu.com/2002/04/26/stories/2002042601981000.htm[പ്രവർത്തിക്കാത്ത കണ്ണി] ഹിന്ദു ദിനപത്രത്തിലെ ഒരു ലേഖനം "Politics and economics of sandalwood"
- ↑ http://www.hindu.com/2008/12/20/stories/2008122054940300.htm Archived 2009-05-29 at the Wayback Machine. "Declared by Tipu Sultan as a royal tree" ഹിന്ദു ദിനപത്രത്തിൽ നിന്ന്
- ↑ http://www.plods.com/cgi-bin/news/fullnews.cgi?newsid1000376152,8530 Archived 2016-03-08 at the Wayback Machine.,
- ↑ Kulkarni, H. D., Muniyamma, M. Leaf development studies in Santalum album L. (sandal).1998
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-11. Retrieved 2009-05-01.
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്